ഇന്തോനേഷ്യൻ തലസ്ഥാനമായ ജക്കാർത്തയിൽ നടന്ന ഫലസ്തീൻ ഐക്യദാർഢ്യ റാലി
ഗസ്സ: ഇസ്രായേൽ ഗസ്സയിൽ ബോംബാക്രമണം കടുപ്പിക്കുകയും കരയുദ്ധത്തിന് തയാറെടുക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിൽ വെള്ളിയാഴ്ച ലോകത്തെ വിവിധയിടങ്ങളിൽ ഫലസ്തീൻ ഐക്യദാർഢ്യ പ്രകടനങ്ങൾ നടന്നു.
അറബ്, മുസ്ലിം രാജ്യങ്ങളിൽ ജുമുഅ നമസ്കാരത്തിനുശേഷം പതിനായിരങ്ങൾ പ്രകടനത്തിൽ അണിനിരന്നു. ശിയ രാഷ്ട്രീയ നേതാവ് മുഖ്തദ അൽ സദറിന്റെ ആഹ്വാനപ്രകാരം ബഗ്ദാദിലെ തഹ്രീർ ചത്വരത്തിൽ പതിനായിരങ്ങൾ ഒത്തുകൂടി.
സയണിസ്റ്റ് ഭീകരതയെ പിന്തുണക്കുന്ന അമേരിക്ക എന്ന മഹാതിന്മയെ ഈ പ്രകടനം ഭയപ്പെടുത്തട്ടെയെന്ന് മുഖ്തദ സദർ പറഞ്ഞു. ഇറാൻ തലസ്ഥാനമായ തെഹ്റാനിൽ പ്രതിഷേധക്കാർ ഇസ്രായേലി, അമേരിക്കൻ പതാകകൾ കത്തിച്ചു. ജോർഡൻ, യമൻ, സിറിയ, ലബനാൻ, ലിബിയ, പാകിസ്താൻ,ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ ആയിരങ്ങൾ പ്രകടനങ്ങൾ നടത്തുി. ബ്രസീൽ, കൊളംബിയ, ചിലി, ബൊളീവിയ, എൽസാൽവഡോർ തുടങ്ങിയ രാജ്യങ്ങളിലും വിവിധയിടങ്ങളിൽ ചെറുസംഘങ്ങൾ ഫലസ്തീൻ പ്രകടനങ്ങൾ നടത്തി. ഫ്രാൻസിൽ ഫലസ്തീൻ ഐക്യദാർഢ്യ പ്രകടനം നടത്തുന്നവരെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. സെൻട്രൽ പാരിസിൽ വിലക്ക് ലംഘിച്ച് നൂറു കണകണക്കിന് ആളുകൾ പ്രകടനത്തിൽ പങ്കെടുത്തു. ബർലിനിൽ പ്രകടനത്തിന് പൊലീസ് അനുമതി നിഷേധിച്ചു. അയർലൻഡിൽ വിവിധയിടങ്ങളിൽ പ്രകടനം നടന്നു. ഇന്ത്യയിൽ ഹൈദരാബാദിൽ പൊലീസ് പ്രകടനം നിർത്തിക്കുകയും ചിലരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.