പുതിയ യുദ്ധമുഖം തുറന്ന് ചൈന; ​വെള്ളി വില വീണ്ടും പറക്കും

മുംബൈ: ഓഹരി വിപണിയെയും സ്വർണത്തെയും പിന്നിലാണ് നിക്ഷേപകർക്ക് കൈനിറയെ നേട്ടം സമ്മാനിച്ച ലോഹമാണ് വെള്ളി. വർഷങ്ങൾക്ക് ശേഷം വെള്ളി വിലയിലുണ്ടായ റാലിയിൽ 100 ശതമാനത്തിലേറെ ലാഭമാണ് നി​ക്ഷേപകർ കീശയിലാക്കിയത്. വെള്ളി വില ഇനിയും കുതിച്ചുയരുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ പറയുന്നത്. ജനുവരി മുതലാണ് വില പുതിയ റെക്കോഡ് താണ്ടുക.

ഡിമാന്റ് ശക്തമായിരുന്നിട്ടും പരിമിതമായ തോതിൽ മാത്രമേ ഉത്പാദിപ്പിക്കുന്നുള്ളൂവെന്നതാണ് വെള്ളി വില വർധനയുടെ കാരണം. ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ വെള്ളി ഉത്പാദകരായ ചൈന, കയറ്റുമതിക്ക് ഏർപ്പെടുത്തിയ നിയന്ത്രണം അടുത്ത വർഷം ജനുവരിയിൽ നിലവിൽ വരുന്നതാണ് ഇനി വില വർധനക്ക് ഇന്ധനം പകരുക. മാത്രമല്ല, ഈ കയറ്റുമതി നിയന്ത്രണം 2027 ലും തുടരാൻ ചൈന തീരുമാനിച്ചിട്ടുണ്ട്. വെള്ളി കയറ്റുമതി ചെയ്യുന്ന ​കമ്പനികൾക്ക് ചൈന പ്രത്യേക ലൈസൻസ് നിർ​ബന്ധമാക്കി. ചൈന കയറ്റമതി നിർത്തിയാൽ ​ആഗോള വിപണിയിൽ വെള്ളിയുടെ ക്ഷാമം കൂടുതൽ രൂക്ഷമാകുമെന്നാണ് ലണ്ടനിലെ സിൽവർ അക്കാദമി നൽകുന്ന മുന്നറിയിപ്പ്.

വർഷം 80 ടണിലേറെ വെള്ളി ഉത്പാദിപ്പിക്കുന്ന വൻകിട കമ്പനികൾക്ക് മാത്രമേ കയറ്റുമതിക്ക് ചൈന സർക്കാർ ലൈസൻസ് നൽകാൻ സാധ്യതയുള്ളൂവെന്നാണ് വിദഗ്ധർ നൽകുന്ന സൂചന. രാജ്യ​ത്തിന്റെ സ്വത്ത് സംരക്ഷിക്കുകയെന്ന നയത്തിന്റെ ഭാഗമായാണ് ചൈന പുതിയ നിലപാട് സ്വീകരിച്ചത്. പക്ഷെ, ചെറുകിട കമ്പനികളുടെ കയറ്റുമതിയെ തടയുന്നതാണ് നയം. സിൽവർ അക്കാദമിയുടെ കണക്കുപ്രകാരം ആഗോള വിപണിയിൽ 70 ശതമാനത്തോളം വെള്ളി വിതരണം ചെയ്യുന്നത് ചൈനയാണ്. നിലവിൽ വർഷം 2500 ടണിലേറെ വെള്ളിയുടെ ക്ഷാമമാണ് അനുഭവപ്പെടുന്നത്. ചൈന കയറ്റുമതി അവസാനിപ്പിക്കുന്നതോടെ കുറവ് 5000 ടണിലേറെയാകും.

ആഭരണങ്ങൾക്ക് പുറമെ, സോളാർ പാനൽ, ഇലക്ട്രിക് വാഹനം തുടങ്ങിയ വ്യാവസായിക ലോകത്ത് ഏറ്റവും കൂടുതൽ ആവശ്യമുള്ള ലോഹമാണ് വെള്ളി. രാജ്യത്തെ വ്യാവസായിക മേഖലയുടെ ആവശ്യങ്ങൾക്ക് വേണ്ടിയാണ് ചൈന കയറ്റുമതി നിയന്ത്രിച്ചതെന്നാണ് പറയപ്പെടുന്നത്. എന്നാൽ, ചൈനയുടെ വെള്ളിയെ ആശ്രയിക്കുന്ന മറ്റു രാജ്യങ്ങൾ ഇറക്കുമതിക്ക് വൻ തുക മുടക്കേണ്ട അവസ്ഥയിലാണ്. മാത്രമല്ല, അപൂർവ ധാതുക്കളുടെ കയറ്റുമതിക്ക് നിയന്ത്രണം ഏ​ർപ്പെടുത്തിയത് പോലെ ചൈന വെള്ളി ​ഒരു ആഗോള രാഷ്ട്രീയ ആയുധമാക്കുകയാണെന്ന ആരോപണവുമുണ്ട്. അപൂർവ ധാതുക്കളുടെ കയറ്റുമതി നിയന്ത്രിച്ചതിന് പിന്നാലെ യു.എസും ഇന്ത്യയും അടക്കമുള്ള രാജ്യങ്ങൾ കടുത്ത ​പ്രതിസന്ധിയാണ് നേരിടുന്നത്.

ഇതിനെല്ലാം പുറമെ, ഇന്ത്യയിൽ ഭൗതിക രൂപത്തിലുള്ള വെള്ളിക്ക് റെക്കോഡ് ഡിമാൻഡാണ് അനുഭവപ്പെടുന്നത്. സെപ്റ്റംബർ-ഒക്ടോബർ കാലയളവിൽ 2600 ടൺ വെള്ളിയാണ് രാജ്യത്തേക്ക് ഇറക്കുമതി ചെയ്തത്. ഒക്ടോബറിൽ മാത്രം 1715 ടൺ വെള്ളി വിദേശത്തുനിന്നും വാങ്ങി. 

Tags:    
News Summary - silver price to surge again as china bans export

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.