യു.എസ് വ്യാപാര കരാർ വൈകുന്നതിന്റെ കാരണം വെളിപ്പെടുത്തി അധികൃതർ; ഇന്ത്യയുടെ നിലപാട് നിർണായകം

മുംബൈ: യു.എസുമായുള്ള വ്യാപാര കരാർ അനിശ്ചിതമായി നീളുന്നതിന്റെ യഥാർഥ കാരണം പുറത്തുവന്നു. കാർഷിക വിളകളുടെ​ ഇറക്കുമതിക്ക് അനുമതി നൽകണമെന്ന യു.എസിന്റെ ആവശ്യം ഇന്ത്യ അംഗീകരിക്കാത്തതാണ് വ്യാപാര കരാർ വൈകിക്കുന്നത്. സോയബീൻസും ചോളവും അടക്കമുള്ള കാർഷിക വിളകൾ ഇറക്കുമതി ചെയ്യാൻ സമ്മതിക്കണമെന്നാണ് യു.എസ് നിലപാട്. എന്നാൽ, ജനിതക മാറ്റം വരുത്തിയ (​ജി.എം) കാർഷിക വിളകൾ വിൽക്കാൻ നിയമം അനുവദിക്കുന്നില്ലെന്ന കാരണം ചൂണ്ടിക്കാട്ടി ഇന്ത്യ എതിർക്കുകയായിരുന്നു. വിദേശ രാജ്യങ്ങളുടെ കാർഷിക വിളകൾ ഇറക്കുമതി ചെയ്യാൻ അനുമതി നൽകുന്നത് രാജ്യത്തെ കർഷകരുടെ കടുത്ത പ്രതിഷേധത്തിന് കാരണമാകുമെന്നും സർക്കാറിന് ആശങ്കയുണ്ട്.

യു.എസിലെ കർഷകർ കടുത്ത പ്രതിസന്ധിയിലൂടെ നീങ്ങുന്ന പശ്ചാത്തലത്തിലാണ് ​വ്യാപാര പ്രതിനിധി സംഘം ഇറക്കുമതിക്ക് സമ്മർദം ശക്തമാക്കിയത്. വൻതോതിലുള്ള ഉത്പാദനം നടന്നിട്ടും താരിഫ് പ്രഖ്യാപനത്തെ തുടർന്ന് ചൈന അടക്കമുള്ള രാജ്യങ്ങൾ വിളകൾ വാങ്ങാതിരിക്കുന്നത് യു.എസ് കർഷകരെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടുമെന്നാണ് സൂചന. മാത്രമല്ല, ബ്രസീൽ അടക്കമുള്ള രാജ്യങ്ങളിൽനിന്ന് ശക്തമായ മത്സരവും നേരിടുന്നുണ്ട്. ഈ സാഹചര്യത്തിൽ അമേരിക്കൻ കർഷകരുടെ ഏറ്റവും വലുതും പ്രധാനപ്പെട്ടതുമായ ബദൽ വിപണിയായാണ് ഇന്ത്യയെ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭരണകൂടം കാണുന്നതെന്ന് വ്യാപാര ചർച്ചയുമായി ബന്ധപ്പെട്ട രഹസ്യ വൃത്തങ്ങൾ പറഞ്ഞു. ഇക്കാരണത്താലാണ് സോയബീൻസും ചോളവും അടക്കമുള്ള കാർഷിക വിളകളുടെ ഇറക്കുമതിക്ക് യു.എസ് പ്രതിനിധി സംഘം സമർദ്ദം ശക്തമാക്കിയതെന്നും അവർ വ്യക്തമാക്കി.

അതേസമയം, ഏറ്റവും വലിയ വ്യാപാര പങ്കാളിയാണെങ്കിലും ജി.എം വിളകൾ നിരോധിച്ചതിനാൽ സോയബീൻസും ചോളവും ഇറക്കുമതി ചെയ്യാൻ കഴിയില്ലെന്ന് ഇന്ത്യ പല തവണ യു.എസ് സംഘ​ത്തെ അറിയിച്ചിട്ടുണ്ട്. കൃത്യമായ വേർതിരിവ് ഇല്ലാത്തതിനാൽ വളരെ കുറഞ്ഞ അളവിൽ ഉത്പാദിപ്പിക്കുന്ന ജി.എം അല്ലാത്ത സോയബീൻസ് പോലും ഇറക്കുമതി ചെയ്യാൻ കഴിയി​ല്ല. ഇന്ത്യയെ സംബന്ധിച്ച് ജി.എം അല്ലാത്ത വിളകൾ മാത്രമേ വാങ്ങാൻ കഴിയൂ എന്നതിനാലാണ് വ്യാപാര കരാർ ചർച്ചകൾ അനിശ്ചിതമായി നീളുന്നതെന്നും രഹസ്യ വൃത്തങ്ങൾ പറഞ്ഞു. ആദ്യ ഘട്ട വ്യാപാര ചർച്ച പൂർത്തിയാക്കിയപ്പോൾ കാർഷിക വിളകൾ ഉൾപ്പെടെ നിരവധി ഉത്പന്നങ്ങളുടെ ഇറക്കുമതിക്ക് ഇന്ത്യ അനുമതി നൽകിയിരുന്നു. എന്നാൽ, സോയബീൻസിനും ചോളത്തിനും ഇന്ത്യയുടെ വിപണി തുറന്നു നൽകണമെന്ന കടുംപിടിത്തം കാരണമാണ് വ്യാപാര കരറിൽ യു.എസ് ഒപ്പിടാത്തതെന്നും അവർ കൂട്ടിച്ചേർത്തു.

യു.എസ് വ്യാപാര പ്രതിനിധി സംഘത്തിന്റെ ഡപ്യൂട്ടി റിക് സ്വിറ്റ്സർ, കൂടിയാലോചന തലവൻ ബ്രെൻഡൻ ലിഞ്ച് തുടങ്ങിയവരാണ് കഴിഞ്ഞ ആഴ്ച ചർച്ചകൾക്ക് ഇന്ത്യയിലെത്തിയത്. കാർഷിക വിളകളുടെ ഇറക്കുമതി അടക്കമുള്ള തന്ത്രപ്രധാനമായ കാര്യങ്ങളിൽ പരസ്പര ധാരണയിലെത്തുകയാണ് ഇവരുടെ ഉദ്ദേശം. ഇന്ത്യയുടെ കയറ്റുമതിക്ക് ആഗസ്റ്റിൽ 50 ശതമാനം നികുതി ഏർപ്പെടുത്തിയതിന് പിന്നാലെയാണ് യു.എസുമായി വ്യാപാര ചർച്ചക്ക് തുടക്കം കുറിച്ചത്.

2024-25 വർഷത്തെ കണക്ക് പ്രകാരം ഇന്ത്യയും യു.എസും തമ്മിൽ 131.84 ബില്ല്യൻ ഡോളർ അതായത് 11.95 ലക്ഷം കോടി രൂപയുടെ വ്യാപാരമാണ് നടത്തിയത്. ഇതിൽ 86.5 ബില്ല്യൻ ഡോളറിന്റെത് ഇന്ത്യയുടെ കയറ്റുമതിയാണ്.

Tags:    
News Summary - Trade deal to be delayed as US mounts pressure on India over gm crape import

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.