സാന്റിയാഗോ: 35 വർഷത്തെ ഇടതു ജനാധിപത്യത്തിനിടയിൽ ആദ്യമായി ചിലിയിൽ തീവ്ര വലതുപക്ഷക്കാരൻ പ്രസിഡന്റ് പഥത്തിലേക്ക്. ഇടതുപക്ഷ എതിരാളിയെ പരാജയപ്പെടുത്തി കൺസർവേറ്റീവ് പാർട്ടിയുടെ ജോസ് അന്റോണിയോ കാസ്റ്റ് 58 ശതമാനം വോട്ടുകൾ നേടി വിജയിച്ചു. വിശാലമായ ഇടതുപക്ഷ സഖ്യത്തിന് നേതൃത്വം നൽകിയ കമ്യൂണിസ്റ്റ് പ്രസിഡന്റ് സ്ഥാനാർഥിയായ ജീനറ്റ് ജാരയെക്കാൾ ഏറെ മുന്നിലാണിത്.
300,000ത്തിലധികം കുടിയേറ്റക്കാരെ പുറത്താക്കുമെന്നും, വടക്കൻ അതിർത്തി അടക്കുമെന്നും, റെക്കോർഡ് കുറ്റകൃത്യ നിരക്കുകളിൽ ഉറച്ച കൈ എടുക്കുമെന്നും, സ്തംഭിച്ച സമ്പദ്‌വ്യവസ്ഥ പുനഃരുജ്ജീവിപ്പിക്കുമെന്നും വാഗ്ദാനം ചെയ്താണ് കാസ്റ്റ് പ്രചാരണം നടത്തിയത്. യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, അർജന്റീനയുടെ ജാവിയർ മിലി എന്നിവർ കാസ്റ്റിന് അഭിനന്ദനങ്ങൾ അറിയിച്ചു.
‘ചിലി ഒരു മാറ്റം ആഗ്രഹിച്ചു’ എന്ന് ആയിരക്കണക്കിന് അനുയായികളോട് കാസ്റ്റ് പറഞ്ഞു. സാന്റിയാഗോയിൽ, കാസ്റ്റ് അനുകൂലികൾ കാർ ഹോണുകൾ മുഴക്കുകയും പതാകകൾ വീശുകയും ചെയ്തു. യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വേഷം ധരിച്ചയാളും ആൾക്കൂട്ടത്തിലുണ്ടായിരുന്നു.
തെക്കു പടിഞ്ഞാറൻ അമേരിക്കയിലെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളിലൊന്നായിരുന്ന ചിലി കോവിഡാനന്തരം ഉണ്ടായ സാമ്പത്തിക തകർച്ചയിൽപ്പെട്ടു പോവുകയായിരുന്നു. ഒമ്പത് കുട്ടികളുടെ പിതാവായ 59 വയസ്സുള്ള കാസ്റ്റ്, പ്രസിഡന്റ് സ്ഥാനത്തേക്ക് നേരത്തെ രണ്ടു തവണ മൽസരിച്ച് പരാജയപ്പെട്ടിരുന്നു.
അർജന്റീന, ബൊളീവിയ, ഹോണ്ടുറാസ്, എൽ സാൽവഡോർ, ഇക്വഡോർ എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പുകളിൽ വിജയിച്ചതിനു ശേഷം ലാറ്റിൻ അമേരിക്കയുടെ വലതുപക്ഷത്തിന് ലഭിച്ച ഏറ്റവും പുതിയ ജയമാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.