‘ബംഗ്ളാദേശുമായി എക്കാലവും നിലനിൽക്കുന്ന ബന്ധം’; രാജ്യത്തിന്റെ മുന്നോട്ടുള്ള യാത്രയിൽ ഇന്ത്യ ഒപ്പമെന്നും പ്രണയ് വർമ

ന്യൂഡൽഹി: ഇന്ത്യയും ബംഗ്ളാദേശുമായുള്ള ബന്ധം താത്കാലികമല്ലെന്നും അത് എക്കാലവും നിലനിൽക്കുന്നതാണെന്നും ഇന്ത്യൻ ഹൈകമീഷണർ പ്രണയ് വർമ. മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ പ്രകോപനപരമായ പ്രസ്താവനകളിൽ ആശങ്ക പ്രകടിപ്പിച്ച് ബംഗ്ലാദേശ് വിദേശകാര്യ ഓഫീസ് അദ്ദേഹത്തെ വിളിച്ചുവരുത്തി മണിക്കൂറുകൾക്ക് ശേഷമായിരുന്നു പ്രണയ് വർമയുടെ വാക്കുകൾ.

കഴിഞ്ഞ വർഷം ആഗസ്റ്റിലാണ് ഹസീന (78) ഇന്ത്യയിൽ അഭയം തേടിയത്. വിദ്യാർഥി പ്രക്ഷോഭത്തിൽ അവാമി ലീഗ് സർക്കാർ നിലംപൊത്തിയതിന് പിന്നാലെയായിരുന്നു പലായനം.

മനുഷ്യാവകാശങ്ങൾക്കും മാനവികതക്കുമെതിരെയുള്ള കുറ്റങ്ങൾ ചുമത്തി പ്രത്യേക ട്രൈബ്യൂണൽ ഹസീനക്ക് നവംബറിൽ വധശിക്ഷ വിധിച്ചിരുന്നു.

‘ബംഗ്​ളാദേശുമായി ഇന്ത്യ പങ്കിടുന്ന ബന്ധം ക്ഷണികമായ ഒന്നല്ല, അത് എല്ലാക്കാലവും നിലനിൽക്കുന്നതാണ്. രക്തത്തിലും സഹനത്തിലും വിളക്കിച്ചേർക്കപ്പെട്ട ഒരു ബന്ധം ദൂർബലപ്പെടുത്താനാവില്ല,’ സാംസ്കാരിക സംഘടനയായ ഇതിഹാഷ് ഓയ്റ്റിജോ പരിഷത് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കവെ പ്രണയ് വർമ പറഞ്ഞു.

1971ൽ സ്വാതന്ത്ര പോരാട്ടത്തിൽ ഇന്ത്യ ബംഗ്ളാദേശിനൊപ്പം നിന്നുവെന്ന് വർമ ചൂണ്ടിക്കാട്ടി. എല്ലാവരെയും ഉൾക്കൊള്ളുന്നതും ജനാധിപത്യപരവും സമാധാന പൂർണവും സ്ഥിരതയുള്ളതുമായ ഒരു രാജ്യമെന്ന് ബംഗ്ളാദേശിന്റെ സ്വപ്നത്തിലേക്കുള്ള യാത്രയിലും ഇന്ത്യ ഒപ്പമുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. 1971ൽ പാകിസ്താനിൽ നിന്ന് സ്വതന്ത്രമായതിന്റെ 54-ാം വാർഷികാഘോഷവുമായി ബന്ധപ്പെട്ടാണ് ചർച്ച സംഘടിപ്പിച്ചത്.

News Summary - Indian Envoy Says Ties With Bangladesh Not Transient

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.