ബ്രസൽസ്: അന്താരാഷ്ട്ര നിയമങ്ങൾ അനുവദിക്കുന്ന ഇടത്തെല്ലാം വിമാനം പറത്തുമെന്ന് യു.എസ് പ്രതിരോധ സെക്രട്ടറി ലോയിഡ് ഓസ്റ്റിൻ. റഷ്യക്ക് താക്കീതായാണ് യു.എസ് പ്രതിരോധ സെക്രട്ടറിയുടെ പരാമർശം. കഴിഞ്ഞ ദിവസം റഷ്യയുടെ യുദ്ധ വിമാനം അമേരിക്കൻ ഡ്രോണിനെ ഇടിച്ചിട്ടിരുന്നു.
റഷ്യൻ പ്രതിരോധ സെക്രട്ടറി സെർഗി ഷോയ്ഗുവുമായി സംസാരിച്ചതിനു പിന്നാലെയാണ് യു.എസ് സെക്രട്ടറിയുടെ താക്കീത്.
വിമാനങ്ങൾ സുരക്ഷിതമായും പ്രഫഷണലായും പറത്തേണ്ടേത് റഷ്യയുടെ ബാധ്യതാണെന്ന് യു.എസ് ചൂണ്ടിക്കാട്ടി. എന്താണ് യഥാർഥത്തിൽ സംഭവിച്ചതെന്നറിയാൻ പെന്റഗൺ സംഭവത്തിന്റെ വിഡിയോ അവലേവകനം ചെയ്യുകയാണെന്നും ഡ്രോണിൽ നിന്നുള്ള വിവരങ്ങളും ശേഖരിക്കുന്നുണ്ടെന്നും യു.എസ് ജോയിന്റ് ചീഫ്സ് ചെയർമാൻ മാർക്ക് മില്ലെയ് പറഞ്ഞു.
ചൊവ്വാഴ്ചയാണ് റഷ്യയുടെ രണ്ട് സുഖോയ് യുദ്ധവിമാനങ്ങൾ കരിങ്കടലിനു മുകളിൽ യു.എസിന്റെ ആളില്ലാ ഡ്രോണിനെ ഇടിച്ച് കടലിലിട്ടത്. അന്താരാഷ്ട്ര വ്യോമാതിർത്തിയിൽ പതിവ് നിരീക്ഷണ പറക്കിലിനിടെയാണ് എം.ക്യു -ഒമ്പത് ഡ്രോണിൽ സുഖോയ് യുദ്ധവിമാനം ഇടിച്ചത്.
ഇടിയുടെ ആഘാതത്തിൽ ഡ്രോൺ പൂർണമായി തകർന്നുവെന്ന് യു.എസ് ആരോപിച്ചു. എം.ക്യു ഡ്രോണുകൾ ഉയരത്തിലുള്ള നിരീക്ഷണത്തിനായി രൂപകൽപന ചെയ്ത വലിയ ആളില്ലാ വിമാനങ്ങളാണ്.
യു.എസിന്റെ ആരോപണം റഷ്യ നിഷേധിച്ചു. യു.എസ് ഡ്രോണ്‍ നിയന്ത്രണം നഷ്ടപ്പെട്ട് പതിക്കുകയായിരുന്നുവെന്നാണ് റഷ്യയുടെ വാദം. റഷ്യയുടെ അംബാസഡറെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചതായി യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു.
യൂറോപ്പിനും ഏഷ്യക്കും ഇടയിലാണ് കരിങ്കടൽ. റഷ്യയും യുക്രെയ്നും കരിങ്കടലുമായി അതിർത്തി പങ്കിടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.