ആരാണ് സൊഹ്റാൻ മംദാനി; ന്യൂയോർക്കിലെ ആദ്യ മുസ്‍ലിം മേയർ

മാസങ്ങൾ നീണ്ട പ്രചാരണങ്ങൾക്കും രാഷ്ട്രീയ നാടകങ്ങൾക്കുമൊടുവിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥി കർട്ടിസ് സ്ലിവയെയും സ്വതന്ത്ര സ്ഥാനാർഥി ആൻഡ്ര്യൂ ക്യൂമോയെയും പരാജയപ്പെടുത്തി ന്യൂയോർക്കിലെ ആദ്യ മുസ്‍ലിം മേയറായി ചരിത്രം കുറിച്ചിരിക്കുകയാണ് സൊഹ്റാൻ മംദാനി.

ന്യൂയോർക്കിന്റെ ആദ്യ ദക്ഷിണേഷ്യൻ മേയറുമാണ് ഈ 34കാരൻ. നഗരത്തിന്റെ തലവനാകുന്ന ഏറ്റവും പ്രായം കുറഞ്ഞയാളും.

ഇക്കുറി റെക്കോഡ് പോളിങ്ങായിരുന്നു ന്യൂയോർക്ക് മേയർ തെരഞ്ഞെടുപ്പിന്. അഭിപ്രായ സർവേകൾ സൊഹ്റാന് അനുകൂലമായിരുന്നു താനും. രാത്രി ഒമ്പത് മണിക്ക് പോളിങ് അവസാനിക്കുന്നതിന് തൊട്ടുമുമ്പ് രണ്ട് ദശലക്ഷത്തിലേറെ ആളുകൾ വോട്ട് രേഖപ്പെടുത്തി. 1969 ൽ ജോൺ ലിൻഡ്സെ വിജയിച്ചതിനുശേഷം നടന്ന മേയർ തിരഞ്ഞെടുപ്പിലെ ഏറ്റവും ഉയർന്ന പോളിങ് ശതമാനമാണിത്.

ചൂടേറിയ മത്സരമായിരുന്നു നടന്നത്. ഒരു ജനാധിപത്യ സോഷ്യലിസ്റ്റായ സൊഹ്റാൻ മംദാനി സൗജന്യ പൊതു ബസുകൾക്കും സാർവത്രിക ശിശു സംരക്ഷണത്തിനും ധനസഹായം നൽകുന്നതിനായി സമ്പന്നരുടെ മേൽ നികുതി വർധിപ്പിക്കുമെന്ന വാഗ്ദാനത്തോടെയാണ് പ്രചാരണം തുടങ്ങിയത്. എന്നാൽ ന്യൂയോർക്ക് പോലൊരു നഗരത്തെ നയിക്കാൻ സൊഹ്റാന് പരിചയമോ പക്വതയോ ഇല്ലെന്നായിരുന്നു എതിരാളിയായ ആൻഡ്ര്യൂ ക്യൂമോയുടെ മറുപടി. തെരഞ്ഞെടുപ്പിന് മുമ്പായി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പലതവണ സൊഹ്റാനെ ഉന്നമിട്ടു. വോട്ടെടുപ്പിന്റെ തൊട്ടുമുമ്പും ട്രൂത്ത് സോഷ്യലിൽ പോസ്റ്റുമായി ട്രംപ് എത്തി.

സൊഹ്റാൻ വിജയിച്ചാൽ ന്യൂയോർക്കിലേക്കുള്ള എല്ലാ ഫണ്ടിങ്ങും നിർത്തിവെക്കുമെന്നായിരുന്നു ട്രംപിന്റെ ഭീഷണി. ഒരു കമ്മ്യൂണിസ്റ്റുകാരന് ഒരിക്കലും ന്യൂയോർക്ക് നഗരത്തിൽ വിജയിക്കാൻ കഴിയില്ലെന്നായിരുന്നു ട്രംപിന്റെ ആത്മവിശ്വാസം. എന്നാൽ ചരിത്രം മാറ്റിയെഴുതാനായിരുന്നു സൊഹ്റാന്റെ നിയോഗം തന്നെ. ഈ വർഷാദ്യം ഡെമോക്രാറ്റിക് പ്രൈമറിയിൽ ക്യൂമോയെ പരാജയപ്പെടുത്തിയായിരുന്നു തുടക്കം. മൂന്നു തവണ ന്യൂയോർക്ക് മേയറായിരുന്നു ക്യൂമോ.

സാധാരണക്കാരുടെ ശബ്ദമായാണ് സൊഹ്റാൻ രാഷ്ട്രീയത്തിലിറങ്ങിയത്. കുറഞ്ഞ സമയം കൊണ്ടുതന്നെ വലിയൊരു വിഭാഗത്തിന്റെ പിന്തുണ പിടിച്ചുപറ്റാൻ അദ്ദേഹത്തിന് സാധിച്ചു. ഫലസ്തീൻ അനുകൂലിയായ സോഷ്യലിസ്റ്റ് നേതാവാണ് സൊഹ്റാൻ മംദാനി. ഗസ്സയിൽ ഇ​സ്രായേൽ നടത്തുന്നത് വംശഹത്യയാണെന്ന് പലതവണ തുറന്നു പറഞ്ഞ സൊഹ്റാൻ ആ കൂട്ടക്കൊലകളുടെ ഉത്തരവാദിയായ ബിന്യമിൻ നെതന്യാഹുവിനെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടു.

1991ൽ യുഗാണ്ടയിലെ കംപാലയിലാണ് സൊഹ്റാൻ മംദാനി ജനിച്ചത്. കലയിലും ആക്ടിവിസത്തിലും ആഴത്തിൽ വേരൂന്നിയ കുടുംബത്തിലായിരുന്നു ജനനം. പ്രശസ്ത ചലച്ചിത്ര പ്രവർത്തക മീര നായരുടെയും സ്കോളറായ മഹ്മൂദ് മംദാനിയുടെയും മകനാണ് അദ്ദേഹം. മുംബൈയിലാണ് മഹ്മൂദ് ജനിച്ചത്. കംപാലയിലായിരുന്നു വളർന്നത്. 1972ൽ ഈദി അമീന്റെ ഭരണകാലത്ത് നാടുകടത്തപ്പെട്ട അദ്ദേഹം ഹാർവഡ് യൂനിവേഴ്സിറ്റിയിൽ നിന്ന് പി.എച്ച്ഡി നേടുകയും ആഫ്രിക്കൻ, യു.എസ് യൂനിവേഴ്സിറ്റികളിൽ അക്കാദമിക ജീവിതം തുടങ്ങുകയും ചെയ്തു. ഇപ്പോൾ കൊളംബിയ യൂനിവേഴ്സിറ്റി പ്രഫസറാണ് അദ്ദേഹം.അദ്ദേഹത്തിന്റെ സിറ്റിസൺ ആൻഡ് സബ്ജക്ട് എന്ന പുസ്തകം ഏറെ പ്രശസ്തമാണ്. 1996ലാണ് ഇത് പ്രസിദ്ധീകരിച്ചത്. പിതാവ് കൊളംബിയ യൂനിവേഴ്സിറ്റി പ്രഫസറായതോടെയാണ് സൊഹ്റാൻ ന്യൂയോർക്കിലെത്തിയത്. തന്റെ ഏഴാംവയസിലായിരുന്നു അത്. അതിനു മുമ്പ് യുഗാണ്ടയിലും ദക്ഷിണാഫ്രിക്കയിലുമായിരുന്നു സൊഹ്റാന്റെ കുട്ടിക്കാലം. പിന്നീട് കുടുംബം ന്യൂയോർക്കിൽ സ്ഥിരതാമസമാക്കി. 2018ൽ സൊഹ്റാന് യു.എസ് പൗരത്വം കിട്ടി.

സലാം ബോംബെ, മൺസൂൺ വെഡ്ഡിങ് എന്നീ സിനിമകളുടെ സംവിധായകയാണ് മീര നായർ. 1989ൽ യുഗാണ്ടയിൽ ഗവേഷണത്തിനിടെയാണ് മീര നായരും മഹ്മൂദ് മംദാനിയും കണ്ടുമുട്ടിയത്. ആ കൂടിക്കാഴ്ച പ്രണയത്തിന് തുടക്കമായി. 1991ലാണ് ദമ്പതികൾ വിവാഹിതരായത്.

റാമ ദുവാജി(27)യാണ് സൊഹ്റാൻ മംദാനിയുടെ ജീവിത പങ്കാളി. സിറിയൻ ചിത്രകാരിയും വിഷ്വൽ ആർട്ടിസ്റ്റുമാണ് അവർ. കലയും സംഗീതവുമാണ് ഇരുവരെയും ഒരുമിപ്പിച്ചത്. ഈ വർഷം ന്യൂയോർക്ക് സിറ്റി ഹാളിൽ വെച്ചായിരുന്നു വിവാഹം.

Tags:    
News Summary - Who Is Zohran Mamdani

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.