ന്യൂയോർക്ക്: ചലച്ചിത്ര സംവിധായക മീര നായരുടെ മകൻ സൊഹ്റാൻ മാമദനി ന്യൂയോർക്ക് മേയറാകാനുള്ള തെരഞ്ഞെടുപ്പിന്റെ പ്രൈമറിയിൽ വിജയിച്ചിരിക്കുകയാണ്. മേയർ പോരാട്ടത്തിൽ മുൻനിരയിൽ സൊഹ്റാൻ നിൽക്കുമ്പോൾ അദ്ദേഹത്തിന്റെ പഴയൊരു എക്സ് പോസ്റ്റാണ് ഇപ്പോൾ ചർച്ചയാവുന്നത്.
സി.പി.എം പുതുച്ചേരി കമ്മിറ്റിയുടെ പോസ്റ്റാണ് സൊഹ്റാൻ ഷെയർ ചെയ്തത്. സഖാവ് ആര്യരാജേന്ദ്രൻ 21ാം വയസിൽ ഏറ്റവും പ്രായംകുറഞ്ഞ മേയറായതിന് സംബന്ധിച്ചായിരുന്നു പോസ്റ്റ്. ഈ പോസ്റ്റ് പങ്കുവെച്ച് ന്യൂയോർക്കിനും ഇതുപോലൊരു മേയർ വേണ്ടെയെന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.
ന്യൂയോർക് മുൻ ഗവർണറായ ആൻഡ്രൂ കൂമോയെയാണ് ന്യൂയോർക്ക് സ്റ്റേറ്റ് അസംബ്ലി അംഗം കൂടിയായ 32കാരൻ മംദാനി പിന്നിലാക്കിയത്. 95 ശതമാനം ബാലറ്റുകളും എണ്ണിക്കഴിഞ്ഞപ്പോൾ മംദാനി 43 ശതമാനം വോട്ടുകൾ നേടി മുന്നിലാണ്. മേയറായി തെരഞ്ഞെടുക്കപ്പെട്ടാൽ യു.എസിലെ ഏറ്റവും വലിയ നഗരത്തെ നയിക്കുന്ന ആദ്യ മുസ്ലിമും ആദ്യ ഇന്ത്യൻ വംശജനുമാകും മംദാനി. ഡെമോക്രാറ്റുകളുടെ ശക്തികേന്ദ്രങ്ങളിലൊന്നാണ് ന്യൂയോർക്.
നവംബറിലാണ് മേയർ തെരഞ്ഞെടുപ്പ് നടക്കുക. കഴിഞ്ഞ യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ഇരുസഭകളിലും തിരിച്ചടിയേറ്റ ഡെമോക്രാറ്റുകൾ ജനപ്രീതി തിരിച്ചുപിടിക്കാനുള്ള ലിറ്റ്മസ് ടെസ്റ്റായാണ് ന്യൂയോർക് മേയർ തെരഞ്ഞെടുപ്പിനെ കാണുന്നത്. മുതിർന്ന സെനറ്റർ ബേണി സാൻഡേഴ്സ് ഉൾപ്പെടെയുള്ളവരുടെ പിന്തുണ മംദാനിക്കുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.