ഇറാനെതിരെ ഇസ്രായേൽ തുടങ്ങിവെച്ച യുദ്ധത്തിൽ യു.എസും അണിനിരന്നതോടെ പശ്ചിമേഷ്യൻ സംഘർഷത്തിന് ആഗോളമാനം കൈവന്നിരിക്കുകയാണ്. പല രാജ്യങ്ങളും തങ്ങളുടെ നിലപാട് വ്യക്തമാക്കാൻ നിർബന്ധിതരായി. ഇറാനിലെ ആണവകേന്ദ്രങ്ങൾക്ക് നേരെ യു.എസ് നടത്തിയ ആക്രമണത്തെ ചിലർ അപലപിച്ചപ്പോൾ, യൂറോപ്യൻ രാജ്യങ്ങൾ ഉൾപ്പെടെ യു.എസിന് പിന്തുണ നൽകുന്ന നിലപാടിലാണ്. ഇറാന്‍റെ പ്രധാന സൗഹൃദ കക്ഷികളിലൊരാളും ലോകത്തിലെ പ്രമുഖ സൈനിക ശക്തിയിലൊന്നുമായ റഷ്യ, യു.എസിന്‍റെ ഇറാൻ ആക്രമണത്തിൽ എന്തു നിലപാടാണ് സ്വീകരിക്കുകയെന്ന് ഉറ്റുനോക്കുകയാണ് ലോകം.
റഷ്യൻ പ്രസിഡന്‍റ് വ്ലാദ്മിർ പുടിൻ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയുമായി ഇന്ന് കൂടിക്കാഴ്ച നടത്തുകയാണ്. പുടിൻ മധ്യസ്ഥനായി ഇടപെടുമെന്നും ഇറാൻ വിട്ടുവീഴ്ചക്ക് തയാറായി ട്രംപിന് മുന്നിൽ നിർദേശങ്ങൾ വെക്കുമെന്നുമാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.
യു.എസിന്‍റെ ഇറാൻ ആക്രമണത്തെ കുറിച്ച് റഷ്യൻ പ്രസിഡന്‍റിന്‍റെ ഓഫിസായ ക്രെംലിൻ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. എന്നാൽ, റഷ്യൻ വിദേശകാര്യ മന്ത്രാലയം അപലപിച്ചിട്ടുണ്ട്.
പശ്ചിമേഷ്യയിലെ സംഘർഷത്തിൽ റഷ്യ സൈനികമായി ഇടപെടില്ലെന്നാണ് പ്രസിഡന്‍റ് പുടിൻ നേരത്തെ വ്യക്തമാക്കിയത്. റഷ്യയാകട്ടെ നിലവിൽ യുക്രെയ്നിൽ സൈനിക നടപടികൾ തുടരുകയാണ്. അതുമാത്രമല്ല, നിലവിലെ പ്രശ്നത്തിന് ഒരു സൈനിക പരിഹാരമില്ലെന്നുമാണ് പുടിന്‍റെ അഭിപ്രായം.
ഇറാനെ വർഷങ്ങളായി പിന്തുണക്കുന്ന രാജ്യമാണ് റഷ്യ. നിലവിലെ സംഘർഷത്തിലും റഷ്യയുടെ പിന്തുണ പലപ്പോഴായി ഇറാന് ലഭിച്ചിട്ടുണ്ട്. എന്നാൽ, ഇസ്രായേലിനെതിരെ റഷ്യ വളരെ ശ്രദ്ധിച്ചുമാത്രമേ പ്രസ്താവനകൾ ഇറക്കാറുള്ളൂ. കാരണം, റഷ്യൻ ഭാഷ സംസാരിക്കുന്ന 15 ലക്ഷത്തോളം ആളുകൾ ഇസ്രായേലിലുണ്ട്. പഴയ സോവിയറ്റ് യൂണിയന്‍റെയും റഷ്യയുടെയും ഭാഗമായിരുന്ന ആളുകളാണിവർ. പുടിൻ ഒരിക്കൽ ഇസ്രായേലിനെ വിശേഷിപ്പിച്ചതുതന്നെ റഷ്യൻ ഭാഷ സംസാരിക്കുന്ന രാജ്യം എന്നാണ്.
റഷ്യൻ മുൻ പ്രസിഡന്‍റും സുരക്ഷാ സമിതിയുടെ നിലവിലെ അധ്യക്ഷനുമായ ദിമിത്രി മെദ്വദേവ് അഭിപ്രായപ്പെട്ടത് ഇറാനിലെ ആക്രമണത്തിൽ യു.എസിന് കാര്യമായ മുന്നേറ്റമൊന്നും ഉണ്ടായിട്ടില്ലെന്നാണ്. സമാധാനത്തിന്‍റെ വക്താവ് എന്നവകാശപ്പെട്ട് അധികാരത്തിലേറിയ യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഇപ്പോൾ പുതിയ യുദ്ധം തുടങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.