‘അയാളുടെ പേര് ഏത് നരകത്തിലേതായാലും...’: മംദാനിക്കെതിരെ വീണ്ടും ട്രംപധിക്ഷേപം

ന്യൂയോർക്ക്: ന്യൂയോർക്ക് നഗരത്തിലെ പുതുതായി തെരഞ്ഞെടുക്കപ്പെട്ട മേയർ സൊഹ്‌റാൻ മംദാനിക്കെതി​രെ ഡോണൾഡ് ട്രംപിന്റെ അധിക്ഷേപങ്ങൾ തുടരുന്നു. ‘അയാളുടെ പേര് ഏ​തു നരകത്തിലേതുമായിക്കോട്ടെ’ എന്നതാണ് പുതിയ പരാമർശം. മംദാനിയെ ‘കമ്യൂണിസ്റ്റ്’ എന്ന് ആവർത്തിച്ച് മുദ്രകുത്തുകയും കുത്തുകയും ചെയ്തു.

ന്യൂയോർക്ക് നഗരത്തിലെ ആദ്യത്തെ മുസ്‍ലിം, ദക്ഷിണേഷ്യൻ മേയറായി മംദാനിയെ തെരഞ്ഞെടുക്കപ്പെട്ടതി​ന്റെ പി​​റ്റേദിവസം ഫ്ലോറിഡയിലെ അമേരിക്കൻ ബിസിനസ് ഫോറത്തിൽ സംസാരിച്ച ട്രംപ്, അമേരിക്കക്കാർ ഇപ്പോൾ കമ്യൂണിസത്തിനും സാമാന്യബുദ്ധിക്കും ഇടയിലുള്ള ഒരു കടുത്ത തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുകയാണെന്ന് പറഞ്ഞു.

‘കഴിഞ്ഞ വർഷം നവംബർ 5ന് ഞാൻ എന്റെ രണ്ടാം ടേമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടപ്പോൾ അമേരിക്കൻ ജനത അവരുടെ പരമാധികാരം പുനഃസ്ഥാപിച്ചു. എന്നാൽ, ചൊവ്വാഴ്ച നടന്ന മേയർ തെരഞ്ഞെടുപ്പോടെ നമുക്ക് അതിൽ നിന്ന് അൽപം നഷ്ടമായി. പക്ഷേ, ഞങ്ങളത് നോക്കിക്കൊള്ളാം. അതിനെക്കുറിച്ച് വിഷമിക്കേണ്ടെന്നും’ ട്രംപ് കൂട്ടിച്ചേർത്തു. ‘ന്യൂയോർക്കിൽ അയാളുടെ പേര് ഏതു നരകത്തിലേതാണെങ്കിലും...വനിതകളുടെ കായിക ഇനങ്ങളിൽ പുരുഷന്മാർ കളിക്കുന്നതുപോലെ അതിശയകരമാണെന്നും’ മംദാനിയുടെ പേര് തെറ്റായി ഉച്ചരിച്ചശേഷം ട്രംപ് പരിഹസിച്ചു.

ഡെമോക്രാറ്റുകൾ വളരെ തീവ്രതയുള്ളവരാണെന്ന് മുന്നറിയിപ്പ് നൽകിയ ട്രംപ്, ന്യൂയോർക്ക് നഗരത്തിലെ കമ്യൂണിസത്തിൽ നിന്ന് പലായനം ചെയ്യുന്നവർക്കായുള്ള അഭയസ്ഥാനമായി മിയാമി ഉടൻ തന്നെ മാറുമെന്നും പറഞ്ഞു. മൂർച്ചയേറിയ ആക്രമണങ്ങൾക്കിടയിലും, ട്രംപ് തന്റെ ജന്മനഗരത്തോടുള്ള സ്നേഹം പ്രകടിപ്പിച്ചു. ‘എനിക്ക് ന്യൂയോർക്ക് വളരെ ഇഷ്ടമാണ്... ഡി ബ്ലാസിയോ എന്നൊരാൾ ഉണ്ടായിരുന്നതിനാൽ നമുക്ക് പ്രശ്‌നത്തിന്റെ സൂചനകൾ ലഭിച്ചുവെന്നും ട്രംപ് പറഞ്ഞു. ന്യൂയോർക്ക് നഗരത്തിന്റെ മുൻ മേയറായിരുന്നു ബിൽ ഡി ബ്ലാസിയോ.

പ്രചാരണവേളയിൽ തന്നെ ട്രംപ് പല വിധ അധിക്ഷേപങ്ങൾ മംദാനിക്കെതിരെ നടത്തിയിരുന്നു. അതിനെല്ലാം മറുപടിയായി ഇന്ത്യൻ വംശജനായ മേയർ തന്റെ വിജയദിന പ്രസംഗത്തിൽ തിരിച്ചടിച്ചു. ‘നഗരം കുടിയേറ്റക്കാർ നിർമിച്ചതും, കുടിയേറ്റക്കാരുടെ ശക്തിയാൽ നയിക്കപ്പെടുന്നതും, ഇന്നു രാത്രി മുതൽ ഒരു കുടിയേറ്റക്കാരന്റെ നേതൃത്വത്തിൽ നയിക്കുന്നതുമായ നഗരമായി തുടരും’ എന്നായിരുന്നു പ്രഖ്യാപനം.


Tags:    
News Summary - 'Whatever the hell his name is...': Trump insults Mandani again

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.