അനിൽ അംബാനിയും ജെഫ്രി എപ്സ്റ്റീനും തമ്മിൽ സംസാരിച്ചതെന്ത്? പുതിയ വെളിപ്പെടുത്തലുകൾ പുറത്ത്

ന്യൂഡൽഹി: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത കേസിലെ പ്രതിയും അമേരിക്കൻ ശതകോടീശ്വരനുമായിരുന്ന ജെഫ്രി എപ്‌സ്റ്റീനും റിലയൻസ് ഗ്രൂപ്പ് ചെയർമാൻ അനിൽ അംബാനിയും തമ്മിൽ വർഷങ്ങളോളം അടുത്ത ബന്ധം പുലർത്തിയിരുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അമേരിക്കൻ നീതിന്യായ വകുപ്പ് പുറത്തുവിട്ട രേഖകൾ പ്രകാരം 2017 മുതൽ 2019 വരെ ഇരുവരും നൂറുകണക്കിന് സന്ദേശങ്ങൾ കൈമാറുകയും സിഗ്നൽ, ടെലഗ്രാം തുടങ്ങിയ എൻക്രിപ്റ്റഡ് പ്ലാറ്റ്‌ഫോമുകൾ വഴി നിരന്തരം ആശയവിനിമയം നടത്തുകയും ചെയ്തിരുന്നു.

ഡൊണാൾഡ് ട്രംപിന്റെ ആദ്യ ഭരണകാലത്ത് വൈറ്റ് ഹൗസ് ഇടനാഴികളിലെ വിവരങ്ങൾ അംബാനിക്ക് ചോർത്തി നൽകാമെന്നും ഉന്നത നേതാക്കളുമായി ബന്ധപ്പെടുത്തി തരാമെന്നും എപ്‌സ്റ്റീൻ വാഗ്ദാനം ചെയ്തിരുന്നു. 'അർമാനി എ' എന്ന രഹസ്യപ്പേരിലാണ് 66കാരനായ അംബാനി എപ്‌സ്റ്റീനുമായി സംസാരിച്ചിരുന്നത്. വൈറ്റ് ഹൗസ് നിയമനങ്ങളെക്കുറിച്ചും വിദേശനയങ്ങളെക്കുറിച്ചുമുള്ള ഔദ്യോഗിക വിവരങ്ങൾ പ്രഖ്യാപനത്തിന് മുൻപേ എപ്‌സ്റ്റീൻ അംബാനിക്ക് കൈമാറിയിരുന്നതായും 2019ൽ അംബാനി നേരിട്ട കടുത്ത സാമ്പത്തിക പ്രതിസന്ധി ഘട്ടങ്ങളിൽ എപ്‌സ്റ്റീൻ ഉപദേശങ്ങൾ നൽകിയിരുന്നതായും റിപ്പോർട്ടിൽ പറയുന്നു.

2019 മെയ് മാസത്തിൽ ഇരുവരും ന്യൂയോർക്കിലെ എപ്‌സ്റ്റീന്റെ വസതിയിൽ വെച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് മനുഷ്യക്കടത്ത് കേസിൽ എപ്‌സ്റ്റീൻ അറസ്റ്റിലാവുന്നത്. അതേസമയം, അനിൽ അംബാനിക്കെതിരെ ലൈംഗികാരോപണങ്ങളൊന്നും നിലവിലില്ലെന്നും റിപ്പോർട്ടുകളോട് പ്രതികരിക്കാൻ അദ്ദേഹം തയ്യാറായില്ലെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. 

Tags:    
News Summary - What Did Anil Ambani-Jeffrey Epstein Talk About? Report

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.