നജഫ്: ഇറാൻ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖാംനഈയുടെ ഭൗതികശരീരം വഹിച്ചുള്ള യാത്ര ഇറാഖിലെ പുണ്യനഗരമായ നജഫിൽ ആരംഭിച്ചു.തെഹ്റാനിലും ഖുമിലും നടന്ന വിപുലമായ അനുസ്മരണ ചടങ്ങുകൾക്ക് ശേഷമാണ് അന്ത്യകർമങ്ങൾക്കായി ഖാംനഈയുടെ മൃതദേഹം ബുധനാഴ്ച ഇറാഖിലെത്തിച്ചത്.
ഇറാഖിലെ പ്രമുഖ മത-രാഷ്ട്രീയ നേതാക്കളുടെ അഭ്യർഥന മാനിച്ചാണ് പ്രാദേശിക തലത്തിലുള്ള സംസ്കാര ചടങ്ങുകൾ നജഫിൽ നടക്കുന്നത്. നഗരത്തിലെ തെരുവുകൾ ജനസാഗരമായി മാറിയതായാണ് തസ്നിം വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നത്. ഖാംനഈയുടെയും കുടുംബാംഗങ്ങളുടെയും മൃതദേഹം വഹിച്ചുള്ള വാഹനം ഇമാം അലിയുടെ മഖ്ബറയിലേക്ക് നീങ്ങുമ്പോൾ പതിനായിരക്കണക്കിന് ആളുകളാണ് അനുഗമിച്ചത്. ഇവിടെ നടന്ന പ്രാർഥനാ ചടങ്ങുകൾ വികാരാധീനമായിരുന്നു. നേരത്തെ തെഹ്‌റാനിലും ഖുമിലും നടന്ന പൊതുദർശനത്തിന് ശേഷമാണ് ഭൗതികശരീരം ഇറാഖിലെത്തിച്ചത്.
യു.എസ്-ഇസ്രായേൽ സംഘർഷത്തിനിടെ ഫെബ്രുവരി 28നുണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ട ഖാംനഈയുടെ സംസ്കാരം യുദ്ധസാഹചര്യവും സുരക്ഷാ ഭീഷണികളും കണക്കിലെടുത്ത് വൈകിപ്പിക്കുകയായിരുന്നു. കഴിഞ്ഞ മാസം നടന്ന താൽക്കാലിക വെടിനിർത്തലിനെത്തുടർന്നാണ് ഇപ്പോൾ ചടങ്ങുകൾ നടത്താൻ അധികൃതർ തീരുമാനിച്ചത്.
ദിവസങ്ങൾക്ക് മുമ്പ് തെഹ്‌റാനിലെ ഗ്രാൻഡ് മുസല്ലയിൽ നടന്ന പ്രാർഥനാ ചടങ്ങുകൾ വികാരനിർഭരമായിരുന്നു. ഖാംനഈയുടെ ഭൗതികദേഹത്തിന് മുന്നിൽ പ്രാർഥനയിൽ പങ്കെടുത്ത ഇറാൻ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അരാഗ്ചിയും പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഘാലിബാഫും നിയന്ത്രണം വിട്ട് കരയുന്ന കാഴ്ച വേദിയാകെ ഈറനണിയിക്കുന്നതായിരുന്നു.
ഖാംനഈയുടെ മകനും പിൻഗാമിയായി കണക്കാക്കപ്പെടുന്ന മുജ്തബ ഖാംനഈ ചടങ്ങിൽ പങ്കെടുത്തിരുന്നില്ല. സുരക്ഷാ കാരണങ്ങളാലാണ് അദ്ദേഹം വിട്ടുനിന്നത്. പിതാവ് കൊല്ലപ്പെട്ട ആക്രമണത്തിൽ മുജ്തബക്കും പരിക്കേറ്റതായാണ് റിപ്പോർട്ട്. ആക്രമണത്തിന് ശേഷം അദ്ദേഹം പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല.
തെഹ്‌റാനിലെ ചടങ്ങുകൾക്ക് ശേഷം മൃതദേഹം ഖുമിലേക്ക് കൊണ്ടുപോയി. തുടർന്ന് ഇറാഖിലെ നജഫ്, കർബല എന്നീ പുണ്യനഗരങ്ങളിലെ തീർഥാടനത്തിന് ശേഷം, ജൂലൈ ഒമ്പതിന് ഇറാനിലെ മഷ്ഹദിലെ ഇമാം റിസ മസ്ജിദിന് സമീപം സംസ്കരിക്കും. ഫെബ്രുവരി 28ലെ ആക്രമണത്തിൽ ഖാംനഈയോടൊപ്പം കുടുംബാംഗങ്ങളായ മകൾ, മരുമകൻ, പിഞ്ചു കൊച്ചുമകൾ, മരുമകൾ എന്നിവരും കൊല്ലപ്പെട്ടിരുന്നു. ഒരു ദശാബ്ദത്തിനിടെ ഇറാനിലെ ഏറ്റവും വലിയ ഔദ്യോഗിക സംസ്കാര ചടങ്ങുകൾക്കാണ് ഇറാൻ സാക്ഷ്യം വഹിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.