ഹർദീപ് സിങ് നിജ്ജാർ, ലോറൻസ് ബിഷ്ണോയി
ലോസ് ആഞ്ചൽസ്: സിഖ് വിഘടനവാദി ഹർദീപ് സിങ് നിജ്ജാർ കാനഡയിൽ വെച്ച് കൊല്ലപ്പെട്ട സംഭവത്തിൽ നിർണ്ണായക നീക്കവുമായി അമേരിക്ക. ജയിലിൽ കഴിയുന്ന ഗുണ്ടാതലവൻ ലോറൻസ് ബിഷ്ണോയിക്കും ഇയാളുടെ അടുത്ത അനുയായി ഗോൾഡി ബ്രാർക്കുമെതിരെ നിജ്ജാറിന്റെ കൊലപാതകം ആസൂത്രണം ചെയ്തതിന് അമേരിക്കൻ അധികൃതർ കുറ്റം ചുമത്തി. ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്രബന്ധത്തിൽ വലിയ വിള്ളലുകൾ ഉണ്ടാക്കിയ ഈ സംഭവത്തിൽ രാജ്യാന്തര തലത്തിൽ വലിയ കോളിളക്കമാണ് ഈ വാർത്ത സൃഷ്ടിച്ചിരിക്കുന്നത്. അമേരിക്കയുടെ നേതൃത്വത്തിൽ എഫ്.ബി.ഐ നടത്തിയ 'ഓപ്പറേഷൻ ഹാർഡ് ബോൾ' എന്ന വൻകിട അന്താരാഷ്ട്ര വേട്ടയുടെ ഭാഗമായാണ് ഈ കുറ്റപത്രം.
അമേരിക്ക, കാനഡ, യൂറോപ്പ് തുടങ്ങിയ രാജ്യങ്ങളിലായി ബിഷ്ണോയി സംഘത്തിലെ 24 പേരെയാണ് ഇതിനകം അറസ്റ്റ് ചെയ്തിരിക്കുന്നത്. യു.എസ് ഡിപ്പാർട്ട്മെന്റ് ഓഫ് ജസ്റ്റിസ് (DOJ) പുറത്തുവിട്ട വിവരങ്ങൾ പ്രകാരം, മൂന്ന് വ്യത്യസ്ത ഇന്ത്യൻ സംഘങ്ങളുമായി ബന്ധപ്പെട്ട് 37 പേർക്കെതിരെയാണ് ഫെഡറൽ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. ഇതിൽ 24 പേർ പിടിയിലായപ്പോൾ 10 പേർ ഇപ്പോഴും ഒളിവിലാണ്.
ഇന്ത്യയിലെ ജയിലിൽ കഴിഞ്ഞുകൊണ്ട് ലോറൻസ് ബിഷ്ണോയി ഒരു ആഗോള ക്രിമിനൽ സാമ്രാജ്യം തന്നെ നയിക്കുന്നുണ്ടെന്നാണ് അമേരിക്കൻ പ്രോസിക്യൂട്ടർമാരുടെ കണ്ടെത്തൽ. നിരോധിത മൊബൈൽ ഫോണുകളും ഇന്റർനെറ്റ് സംവിധാനങ്ങളും ഉപയോഗിച്ച് കൊലപാതകം, ഭീഷണിപ്പെടുത്തൽ, തട്ടിക്കൊണ്ടുപോകൽ, മയക്കുമരുന്ന് കടത്ത്, മനുഷ്യക്കടത്ത് എന്നിവയാണ് ഇയാൾ നിയന്ത്രിക്കുന്നത്. ലോറൻസിന്റെ സംഘത്തിന്റെ വടക്കേ അമേരിക്കൻ തലവൻ ഗോൾഡി ബ്രാർ, യൂറോപ്യൻ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന രോഹിത് ഗോദാര എന്നിവർ ബിഷ്ണോയിയുടെ നിർദേശങ്ങൾ നടപ്പിലാക്കുന്നവരാണ്.
ബിഷ്ണോയി സംഘത്തെ കൂടാതെ രണ്ട് പ്രധാന ക്രിമിനൽ സിൻഡിക്കേറ്റുകളെ കൂടി അമേരിക്കൻ അധികൃതർ ലക്ഷ്യമിടുന്നുണ്ട്. അമേരിക്ക, കാനഡ, യു.കെ, ആസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന ജഗ്ഗു ഭഗ്വാൻപുരിയ സംഘത്തിന്‍റെ കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, മയക്കുമരുന്ന് കടത്ത് തുടങ്ങിയ കുറ്റങ്ങൾക്കാണ് പ്രതിചേർത്തിരിക്കുന്നത്. ഇന്ത്യൻ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് ഇവർ കുറ്റകൃത്യങ്ങൾ നടത്തിയതായും പ്രോസിക്യൂഷൻ ആരോപിക്കുന്നു. കാനഡ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന രവീന്ദർ സിങ് ധാണ്ടയുടെ മയക്കുമരുന്ന് ശൃംഖല വലിയ തോതിൽ കൊക്കെയ്‌ൻ, മെത്താംഫെറ്റമിൻ എന്നിവ അമേരിക്കയിൽ നിന്ന് കാനഡയിലേക്ക് കടത്തുന്നുണ്ടെന്നാണ് കണ്ടെത്തൽ.
യു.എസ് അധികൃതർ നടത്തിയ റെയ്ഡുകളിൽ ഏകദേശം 1,000 കിലോ കൊക്കെയ്‌ൻ, ഒരു കിലോ ഹെറോയിൻ, 12 തോക്കുകൾ, 40,000 ഡോളർ എന്നിവ പിടിച്ചെടുത്തു. എഫ്.ബി.ഐയും ലോസ് ആഞ്ചൽസ് പൊലീസ് ഡിപ്പാർട്ട്മെന്റും റോയൽ കനേഡിയൻ മൗണ്ടഡ് പൊലീസും (RCMP) സംയുക്തമായാണ് ഈ വലിയ ഓപ്പറേഷൻ പൂർത്തിയാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.