പശ്ചിമേഷ്യയിൽ സമാധാന പുലരി; അമേരിക്ക-ഇറാൻ വെടിനിർത്തൽ ധാരണാ പത്രം ഒപ്പുവെച്ചു, ഹുർമുസ് കടലിടുക്ക് ഉടൻ തുറക്കും

​തെഹ്‌റാൻ: അമേരിക്കയും ഇറാനും തമ്മിലുള്ള വെടിനിർത്തൽ സംബന്ധിച്ച 14 ഇന ധാരണാ പത്രം അന്തിമമാക്കിയതായും ഇരുരാജ്യങ്ങളും ഡിജിറ്റലി ഇതിൽ ഒപ്പുവെച്ചതായും ഇറാൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാനും യു.എസ് പ്രസിഡന്റ് ​ഡോണൾഡ് ട്രംപും ഒപ്പുവെച്ചതോടെ കരാർ പ്രാബല്യത്തിൽ വന്നു. ഫ്രാൻസ് ജി7 ഉച്ചകോടിക്കിടയിൽ പ​ങ്കെടുക്കവെ കരാറിൽ ഒപ്പുവെച്ചതായി ട്രംപ് സ്ഥിരീകരിച്ചിട്ടുണ്ട്.  

ഇസ്ലാമാബാദ് മെമ്മോറാണ്ടം ഓഫ് അണ്ടർസ്റ്റാൻഡിങ് എന്ന് അറിയപ്പെടുന്ന ഈ ഉടമ്പടി ഇരുരാജ്യങ്ങളുടെയും പ്രസിഡന്റുമാർ അംഗീകരിച്ചതാണെന്നും, ഇനി ഇതിന്റെ നടത്തിപ്പിന്റെ ഘട്ടമാണെന്നും ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഖായി വാർത്താ ഏജൻസിയായ ഇർനയോട് പറഞ്ഞു. നേരത്തെ നിശ്ചയിച്ചിരുന്ന പ്രകാരം വെള്ളിയാഴ്ച സ്വിറ്റ്‌സർലൻഡിലെ ജനീവയിൽ നടക്കേണ്ടിയിരുന്ന ഒപ്പുവെക്കൽ ചടങ്ങ് ഇലക്ട്രോണിക് ഒപ്പിടീലിന് പിന്നാലെ ഒഴിവാക്കിയിട്ടുണ്ട്.

കരാർ പ്രകാരം യുദ്ധം എല്ലാ മേഖലകളിലും ഉടനടി അവസാനിക്കും. ഹുർമുസ് കടലിടുക്ക് വഴി ടോൾ ഇല്ലാതെ കപ്പൽ ഗതാഗതം പുനരാരംഭിക്കാനും ഇറാനുമേലുള്ള യു.എസ് ഉപരോധം പിൻവലിക്കാനും മരവിപ്പിച്ച ഇറാനിയൻ ആസ്തികൾ വിട്ടുകൊടുക്കാനും ധാരണയായിട്ടുണ്ട്. കൂടാതെ, യുദ്ധാനന്തര പുനർനിർമാണ പ്രവർത്തനങ്ങൾക്കായി ഇറാനിലേക്ക് 300 ബില്യൺ ഡോളറിന്റെ നിക്ഷേപ ഫണ്ടും കരാറിൽ ഉൾപ്പെടുന്നു. ഇറാൻ അണുവായുധം നിർമിക്കില്ലെന്നും, ആണവോർജ്ജ ഏജൻസിയുടെ മേൽനോട്ടത്തിൽ സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം കുറക്കുമെന്നും കരാറിൽ സമ്മതിച്ചിട്ടുണ്ട്.

അന്തിമ കരാറിലെത്താൻ 60 ദിവസത്തെ സമയപരിധിയും ഉടമ്പടിയിൽ ഉൾപ്പെടുന്നുണ്ട്. യു.എസുമായുള്ള കരാറിനെ സ്വന്തം വിജയമായിട്ടാണ് ഇറാൻ നോക്കിക്കാണുന്നത്. ഇതിനിടെ ഹുർമുസ് കടലിടുക്ക് പഴയ അവസ്ഥയിലേക്ക് മടങ്ങില്ലെന്നും കടലിടുക്കിലെ പരമാധികാരം ഇറാനാണെന്നും, ഇതിലൂടെ സഞ്ചരിക്കുന്ന കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കുമെന്നും ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഖർ ഖാലിബാഫ് വ്യക്തമാക്കിയത് ട്രംപ് ഭരണകൂടത്തിന് വലിയ വെല്ലുവിളിയായിട്ടുണ്ട്. ഹുർമുസ് കടലിടുക്ക് എക്കാലവും ടോൾ ഫ്രീ ആയിരിക്കുമെന്ന ട്രംപിന്റെ നേരത്തെയുള്ള വാഗ്ദാനത്തിന് ഇത് തിരിച്ചടിയാണ്.

അമേരിക്കയിൽ ഈ തീരുമാനത്തിനെതിരെ വലിയ പ്രതിഷേധം ഉയരുന്നുണ്ട്. ഇറാനോട് അമിത മൃദുസമീപനം സ്വീകരിക്കുന്നു എന്ന് ആരോപിച്ച് റിപ്പബ്ലിക്കൻ പാർട്ടിയിലെ ചില നേതാക്കൾ ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ ഇത് ഒരു സമ്പൂർണ്ണ കരാറല്ലെന്നും ഭാവി ചർച്ചകളിലേക്കുള്ള തുടക്കം മാത്രമാണെന്നുമാണ് വൈറ്റ് ഹൗസിന്റെ ഔദ്യോഗിക വിശദീകരണം.

കഴിഞ്ഞ ഫെബ്രുവരി 28 മുതൽ ഇറാനെതിരെ അമേരിക്കയും ഇസ്രായേലും ചേർന്ന് നടത്തിയ യുദ്ധത്തിന് ഈ കരാറിലൂടെ താൽക്കാലിക വിരാമം കുറിച്ചിരിക്കുകയാണ്. എങ്കിലും നിലവിലുള്ള തർക്കങ്ങൾ പരിഹരിക്കാൻ വരും ദിവസങ്ങളിൽ കൂടുതൽ ചർച്ചകൾ ആവശ്യമായി വരുമെന്ന് ഇരുരാജ്യങ്ങളും സമ്മതിക്കുന്നു. ഇസ്രായേലും ഹിസ്ബുല്ലയും തമ്മിലുള്ള വെടിനിർത്തൽ സംബന്ധിച്ച ചർച്ചകളും ഈ കരാറിന്റെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ട്. 

Tags:    
News Summary - Diplomat confirms that US and Iran have signed MoU electronically

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.