ലോകത്തെ ഏറ്റവും മികച്ച രാജ്യത്ത് സ്ഥിരതാമസമാക്കണോ? കുടിയേറ്റക്കാരെ സ്വാഗതം ചെയ്ത് ഈ രാജ്യം

2021ലെ യു.എസ് ന്യൂസ് ആൻഡ് വേൾഡ് റിപ്പോർട്ട് അനുസരിച്ച് ലോകത്തെ ഏറ്റവുംമികച്ച രാജ്യം കാനഡയാണ്. 2020ൽ രണ്ടാം സ്ഥാനത്ത് ഉണ്ടായിരുന്ന കാനഡ 2021ൽ നില മെച്ചപ്പെടുത്തുകയായിരുന്നു. ജപ്പാൻ, ജർമനി, സ്വിറ്റ്സർലൻഡ്, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളാണ് ലിസ്റ്റിൽ കാനഡക്ക് പിന്നിലുള്ളത്. പൗരന്മാരുടെ ജീവിത നിലവാരത്തിലെ മികവാണ് കാനഡ ലോകത്തെ മികച്ച രാജ്യമായി തിരഞ്ഞെടുക്കപ്പെടാൻ കാരണം. താങ്ങാവുന്ന ജീവിതച്ചിലവ്, തൊഴിൽ ലഭ്യത, സാമ്പത്തിക സുസ്ഥിരത, കുടുംബങ്ങൾ തമ്മിൽ സൗഹൃദാന്തരീക്ഷം, വരുമാന ലഭ്യത, രാഷ്ട്രീയ സ്ഥിരത, മികച്ച പൊതുവിദ്യാഭ്യാസം, ആരോഗ്യ രംഗത്തെ മികവ് എന്നിങ്ങനെ സർവ്വ മേഖലകളിലും മികവുതെളിയിച്ചാണ് കാനഡ ഒന്നാം സ്ഥാനത്ത് എത്തിയത്.

പറഞ്ഞുവന്നത് കാനഡ പുതുതായി അവതരിപ്പിച്ച പരിഷ്കരിച്ച കുടിയേറ്റ നയത്തെക്കുറിച്ചാണ്. കാനഡയില്‍ സ്ഥിരതാമസമാക്കാന്‍ ആഗ്രഹിക്കുന്ന ആളുകളെ അങ്ങോട്ടേക്ക് ക്ഷണിച്ചിരിക്കുകയാണ് അധികൃതർ. കോവിഡ് മഹാമാരിയ്ക്ക് ശേഷം രാജ്യത്തിന്റെ വളര്‍ച്ച ഉത്തേജിപ്പിക്കാനും ഗുരുതരമായ തൊഴില്‍ ക്ഷാമം പരിഹരിക്കാനുമാണ് പുതിയ നീക്കം. ഇതിന്റെ ഭാഗമായി കനേഡിയന്‍ സര്‍ക്കാര്‍ ഇമിഗ്രേഷന്‍ ലെവല്‍ പ്ലാന്‍ 2022-2024 പ്രഖ്യാപിച്ചു. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ഏകദേശം 1.3 ദശലക്ഷം പുതിയ കുടിയേറ്റക്കാരെ ആകര്‍ഷിക്കാനാണ് കാനഡ ലക്ഷ്യമിടുന്നത്.

2024ഓടെ മൊത്തം കുടിയേറ്റക്കാര്‍ കനേഡിയന്‍ ജനസംഖ്യയുടെ 1.14% ആകും. 2015 വരെ കാനഡ പ്രതിവര്‍ഷം 250,000 കുടിയേറ്റക്കാരെ സ്വാഗതം ചെയ്തിരുന്നു. 2016ല്‍ അത് പ്രതിവര്‍ഷം 300,000 എന്നാക്കി ലക്ഷ്യം പുതുക്കി. കോവിഡ് മഹാമാരിയ്ക്കുമുമ്പ്, പ്രതിവര്‍ഷം 340,000 കുടിയേറ്റക്കാരെയായിരുന്നു രാജ്യം ലക്ഷ്യം വച്ചിരുന്നത്. എന്നാല്‍ കോവിഡ് കാരണം 2020ല്‍ കുടിയേറ്റം 200,000ല്‍ താഴെയായി.


2021ല്‍, 405,000ലധികം പുതിയ സ്ഥിര താമസക്കാരെ കാനഡ സ്വാഗതം ചെയ്തു. കാനഡയുടെ ചരിത്രത്തില്‍ ഒരു വര്‍ഷത്തിനിടെ ഏറ്റവും കൂടുതല്‍ കുടിയേറ്റക്കാര്‍ വന്ന വര്‍ഷമാണ് അത്. കോവിഡ്-19 കാരണം നിലവില്‍ ഏകദേശം 1.8 ദശലക്ഷം വിസാ ബാക്ക്‌ലോഗ് ക്ലിയര്‍ ചെയ്യാന്‍ കനേഡിയന്‍ സര്‍ക്കാര്‍ പാടുപെടുകയാണ്.

'കാനഡയുടെ 2022-2024 ഇമിഗ്രേഷന്‍ ലെവല്‍സ് പ്ലാന്‍, പ്രതിഭാശാലികൾക്കുള്ള ലോകത്തെ ഏറ്റവും മികച്ച ലക്ഷ്യസ്ഥാനമായി രാജ്യത്തെ മാറ്റാന്‍ ഉദ്ദേശിച്ചുകൊണ്ട് തയ്യാറാക്കിയിട്ടുള്ളതാണ്. കോവിഡാനന്തര സാമ്പത്തിക വളര്‍ച്ചയ്ക്ക് ശക്തമായ അടിത്തറ സൃഷ്ടിക്കുകയും കുടുംബങ്ങളെ അവരുടെ പ്രിയപ്പെട്ടവരുമായി വീണ്ടും ഒന്നിപ്പിക്കുകയും കാനഡയുടെ മാനുഷിക പ്രതിബദ്ധതകള്‍ നിറവേറ്റുകയും ചെയ്യാൻ ഇത് സഹായിക്കും'- ഇമിഗ്രേഷന്‍ -അഭയാര്‍ത്ഥി-പൗരത്വ വിഭാഗം മന്ത്രി സീന്‍ ഫ്രേസര്‍ പറഞ്ഞു.

'കാനഡയെ ഇന്നത്തെ നിലയിലെത്തിക്കാൻ കുടിയേറ്റം സഹായിച്ചു. കൃഷിയും മത്സ്യബന്ധനവും മുതല്‍ ഉത്പാദനം, ആരോഗ്യ സംരക്ഷണം, ഗതാഗത മേഖല തുടങ്ങി ഒട്ടുമിക്ക മേഖലകളിലും കാനഡ കുടിയേറ്റക്കാരെ ആശ്രയിക്കുന്നു. ഞങ്ങള്‍ സാമ്പത്തികരംഗത്തിന്റെ വീണ്ടെടുപ്പില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. കുടിയേറ്റമാണ് അതിനുള്ള താക്കോല്‍. 2022-2024 ലെവല്‍സ് പ്ലാനില്‍ വിശദീകരിച്ചിരിക്കുന്ന കുടിയേറ്റ ലക്ഷ്യങ്ങള്‍ സമൂഹത്തിലും സമ്പദ്‌വ്യവസ്ഥയുടെ എല്ലാ മേഖലകളിലേക്കും കുടിയേറ്റക്കാരുടെ അളവറ്റ സംഭാവനകള്‍ എത്തിക്കാന്‍ സഹായിക്കും'-മന്ത്രി സീന്‍ ഫ്രേസര്‍ കൂട്ടിച്ചേര്‍ത്തു.


വാക്സിൻ വിരുദ്ധ പ്രക്ഷോഭം

കാനഡയിൽ കോവിഡ് നിയന്ത്രണങ്ങളിൽ പ്രതിഷേധിച്ച് ട്രക്ക് ഡ്രൈവർമാർ ആരംഭിച്ച റോഡ് ഉപരോധവും പ്രതിഷേധവും വലിയ പ്രതിസന്ധി ആ രാജ്യത്ത് ഉണ്ടാക്കിയിരുന്നു. സ്ഥിതി നിയന്ത്രണ വിധേയമാക്കാൻ അടിയന്തരാവസ്ഥാ നിയമങ്ങൾ പ്രയോഗിച്ചിരിക്കുകയാണ് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. കനേഡിയൻ ചരിത്രത്തിൽ അടിയന്തരാവസ്ഥ അധികാരങ്ങൾ പ്രയോഗിക്കുന്നത് രണ്ടാം തവണയാണ്.

'ഉപരോധങ്ങളും സമരങ്ങളും നിയന്ത്രണ വിധേയമാക്കുന്നതിന് ഫെഡറൽ ഗവൺമെന്റ് എമർജൻസി ആക്ട് പ്രയോഗിച്ചു' -ട്രൂഡോ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. അതിർത്തിയിൽ റൈഫിളുകൾ, കൈത്തോക്കുകൾ, ബോഡി കവചങ്ങൾ, വെടിക്കോപ്പുകൾ എന്നിവയുമായി 11 പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തതായി ഫെഡറൽ പൊലീസ് അറിയിച്ചു.

യു.എസിലെ ഡെട്രോയിറ്റിലേക്കുള്ള പ്രധാന അതിർത്തിപാതയിലെ അംബാസഡർ പാലം ഉപരോധിച്ച ട്രക്കുകൾ നീക്കി പൊലീസ് ഗതാഗതം പുനരാരംഭിച്ചെങ്കിലും ഒട്ടേറെ നഗരങ്ങളിൽ പ്രതിഷേധപ്രകടനങ്ങളും റോഡ് ഉപരോധവും തുടരുകയാണ്. തലസ്ഥാന നഗരമായ ഒട്ടാവയിൽ കടുത്ത തണുപ്പിലും കഴിഞ്ഞദിവസം നാലായിരത്തോളം പേർ നടത്തിയ പ്രകടനം ഗതാഗതം സ്തംഭിപ്പിച്ചിരുന്നു.


ശനിയാഴ്ച വൈകിട്ടു മുതൽ കോൺക്രീറ്റ് സ്ലാബുകളും മറ്റും സ്ഥാപിച്ച് സമരക്കാർ റോഡിൽ തടസ്സമുണ്ടാക്കി. സമരം നേരിടാൻ പ്രവിശ്യാ അധികൃതരെക്കൂടി ഉൾപ്പെടുത്തി കമാൻഡ് സെന്ററിന് രൂപം കൊടുത്തു. വ്യാപാര പ്രതിസന്ധിക്കു ഇടയാക്കിയ കോവിഡ് വാക്സിൻ വിരുദ്ധ സമരം ഫ്രാൻസ്, നെതർലൻഡ്സ്, ന്യൂസീലൻഡ് എന്നീ രാജ്യങ്ങളിലേക്കും പടർന്നിട്ടുണ്ട്.അതിർത്തി കടന്നുവരുന്ന ട്രക്കുകളിൽ ഡ്രൈവർക്ക് കോവിഡ് വാക്സിൻ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയതിനെതിരെയാണ് കാനഡയിൽ പ്രക്ഷോഭം തുടങ്ങിയത്.


Tags:    
News Summary - Want to get settled in Canada? There is a piece of good news for you

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.