പുടിന്റെ ആരോഗ്യാവസ്ഥ; മാധ്യമ വാർത്തകൾക്ക് തലകൊടുക്കാതെ റഷ്യ

മോസ്കോ: യുക്രെയ്ൻ അധിനിവേശം തുടങ്ങിയതിനുപിന്നാലെ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനു പിന്നാലെയാണ് പാപ്പരാസി മാധ്യമങ്ങൾ. പുടിൻ ഉണ്ണുന്നതും ഉറങ്ങുന്നതും അവർക്ക് വാർത്തയാണ്. ദീർഘായുസിനായി സൈബീരിയൻ മാനിന്റെ രക്തം ചേർത്ത വെള്ളത്തിലാണ് പുടിൻ കുളിക്കുകയെന്ന് വരെ കിംവദന്തിയുണ്ട്.  സൈബീരിയക്കാരനായ സുഹൃത്തും റഷ്യൻ പ്രതിരോധമന്ത്രിയുമായ സെർജി ഷൊയ്ഗു ആണത്രെ പുടിന് ഈ രഹസ്യം പറഞ്ഞുകൊടുത്തതത്രെ.

അദ്ദേഹത്തിന്റെ ആരോഗ്യനിലയെ കുറിച്ചാണ് അന്താരാഷ്ട്രലോകം ഇപ്പോൾ ഏറ്റവും കൂടുതൽ ചർച്ച​ചെയ്യുന്നത്. എന്നാൽ ഈ വാർത്തകളൊന്നും സ്ഥിരീകരിക്കാൻ ഒരു വഴിയുമില്ല. വരുന്ന ഒക്ടോബറിൽ പുടിന് 70 വയസ് തികയും. യൂ​റോപ്പിന്റെ തലവിധി നിർണയിക്കാൻ പോന്ന കാര്യമായിട്ടും പുടിന്റെ ആരോഗ്യനിലയെ കുറിച്ച് യഥാർഥത്തിൽ ഒരുചുക്കും മാധ്യമങ്ങൾക്ക് അറിയില്ല. എങ്ങുനിന്നൊക്കെയോ ലഭിക്കുന്ന വിവരങ്ങൾ വെച്ച് അവ വാർത്തകൾ പടച്ചുവിടുന്നു.

കഴിഞ്ഞ ഏപ്രിലിൽ തെക്കൻ റഷ്യയിലെ റിസോർട്ട് നഗരമായ സോചിയിലേക്കുള്ള യാത്രയിൽ ഒരു സംഘം ഡോക്ടർമാർ അകമ്പടി പോയപ്പോഴാണ് പുടിന് ഗുരുതര രോഗമാണെന്ന രീതിയിൽ റിപ്പോർട്ട് പ്രചരിച്ചത്. റഷ്യയിലെ സ്വതന്ത്രവാർത്ത വെബ്സൈറ്റ് ആയ പ്രൊയക്തിലാണ് ഇതു സംബന്ധിച്ച റിപ്പോർട്ട് ആദ്യം വന്നത്.

ഏതാനും വർഷങ്ങളായി അപൂർവമായി മാത്രമേ പുടിൻ പൊതുജനങ്ങൾക്കിടയിൽ പ്രത്യക്ഷപ്പെട്ടിരുന്നുള്ളു. ഡോക്ടർ സംഘത്തിൽ തൈറോയ്ഡ് കാൻസർ വിദഗ്ധനും ഉണ്ടായിരുന്നു. യു.എസ് ഇന്റലിജൻസിനെ ഉദ്ധരിച്ച് ഏപ്രിലിൽ പുടിൻ അർബുദത്തിന് ചികിത്സ തേടിയതായി യു.എസ് മാധ്യമം പുറത്തുവിട്ടു. എന്നാൽ യു.എസ് നാഷനൽ സെക്യൂരിറ്റി കൗൺസിൽ ഇതു തള്ളിക്കളഞ്ഞു.

സ്കൈ ന്യൂസിനു നൽകിയ അഭിമുഖത്തിൽ തെളിവുകളൊന്നും നൽകാതെ തന്നെ യു​ക്രെയ്ൻ സൈനിക ഇന്റലിജൻസ് മേധാവി മേജർ ജനറൽ കിരിലോ ബുഡനോവ് അടുത്തിടെ പുടിന് അർബുദമാണെന്ന് അവകാശപ്പെടുകയുണ്ടായി. ഒരേയൊരു തവണ മാത്രമേ പുടിന് ആരോഗ്യപ്രശ്നമുള്ള കാര്യം ക്രെംലിൻ സമ്മതിച്ചിട്ടുള്ളൂ. 2012ലെ വീഴ്ചക്കിടെ പുടിന് ആരോഗ്യപ്രശ്നങ്ങളുണ്ടെന്നായിരുന്നു അത്. എന്നാൽ അന്നുതൊട്ടാണ് പുടിന് ആരോഗ്യപ്രശ്നങ്ങൾ തുടങ്ങിയതെന്ന് പ്രൊയക്ത് ആരോപിക്കുന്നു.

കോവിഡ് മഹാമാരി രൂക്ഷമായ കാലത്തും മറ്റ് രാഷ്ട്രത്തലവൻമാർ വാക്സിൻ സ്വീകരിച്ചതിന്റെ ചിത്രങ്ങൾ പങ്കുവെച്ചപ്പോൾ പുടിൻ തിരശ്ശീലക്ക് പിന്നിലായിരുന്നു. അദ്ദേഹം വാക്സിൻ സ്വീകരിച്ചിട്ടുണ്ടെന്നാണ് റഷ്യ പറയുന്നത്. കോവിഡ് കാലത്ത് പുടിനുമായി അടുത്ത ബന്ധമുള്ള മാധ്യമപ്രവർത്തകർ അടക്കമുള്ളവർക്കു പോലും കടുത്ത നിയന്ത്രണങ്ങളാണ് അദ്ദേഹത്തെ കാണാൻ ഏർപ്പെടുത്തിയത്.

ഈ നിയന്ത്രണങ്ങൾ പാലിക്കാൻ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനെ പോലുള്ള മറ്റ് ലോകരാഷ്ട്രത്തലവൻമാർ തയാറായില്ല. അതിനാൽ കൂടിക്കാഴ്ച നടക്കുമ്പോൾ ഇവരുമായി പുടിൻ വളരെ അകലംപാലിച്ചതും ശ്രദ്ധിക്കപ്പെട്ടു. റഷ്യ നിർദേശിച്ച ക്വാറന്റീനടക്കമുള്ള കോവിഡ് നി​ർദേശങ്ങൾ കൃത്യമായി പാലിച്ച അർമീനിയൻ പ്രധാനമന്ത്രി നികോൾ പഷ്നിയാൻ ഉൾപ്പെടെയുള്ളവർക്ക് പുടിൻ ഹസ്തദാനം നൽകി. ആലിംഗനം നൽകി അവരെ യാത്രയാക്കുകയും ചെയ്തു. പലപ്പോഴും പുടിന്റെ അധ്യക്ഷതയിലുള്ള ഉന്നത ബിസിനസ് സമ്മേളനങ്ങൾ ഓൺലൈൻ വഴിയാണ് ചേർന്നത്. 

Tags:    
News Summary - Vladimir Putin's Health: Pivotal Yet Shrouded In

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.