കിയവിൽ തുടർച്ചയായ ആക്രമണം നടത്തുമെന്ന് പുടിൻ; വിദേശികളോട് ഉടൻ രാജ്യം വിടാൻ മുന്നറിയിപ്പ്

മോസ്കോ: യുക്രെയ്ൻ തലസ്ഥാനമായ കിയവിൽ പ്രതിരോധ കേന്ദ്രങ്ങൾ ലക്ഷ്യമാക്കി തുടർച്ചയായും ചിട്ടയായും ആക്രമണം നടത്തുമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. കിയവിലെ ഡ്രോൺ നിർമാണ കേന്ദ്രങ്ങളും അതുമായി ബന്ധപ്പെട്ട സൈനിക സൗകര്യങ്ങളും തകർക്കുമെന്ന് റഷ്യ പ്രഖ്യാപിച്ചു. ഇതിന്റെ പശ്ചാത്തലത്തിൽ, നഗരത്തിൽ താമസിക്കുന്ന വിദേശ പൗരന്മാരോട് എത്രയും വേഗം കിയവ് വിട്ടുപോകാൻ റഷ്യൻ വിദേശകാര്യ മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്.

കിയവിലെ ഡ്രോണുകൾ രൂപകൽപ്പന ചെയ്യുന്നതും നിർമിക്കുന്നതും പ്രോഗ്രാം ചെയ്യുന്നതുമായ കേന്ദ്രങ്ങൾ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തുകയെന്ന് റഷ്യൻ സായുധ സേന വ്യക്തമാക്കി. യുക്രെയ്ൻ നാറ്റോ വിദഗ്ധരുടെ സഹായത്തോടെയാണ് ഡ്രോൺ ആക്രമണങ്ങൾ നടത്തുന്നതെന്നും, ഇവർ യുക്രെയ്നിന് ആവശ്യമായ ഘടകങ്ങളും വിവരങ്ങളും നൽകുന്നുണ്ടെന്നും റഷ്യ ആരോപിച്ചു. നയതന്ത്ര ഉദ്യോഗസ്ഥരും അന്താരാഷ്ട്ര സംഘടനകളിലെ ജീവനക്കാരും ഉൾപ്പെടെയുള്ള വിദേശികൾ നഗരത്തിൽ തുടരുന്നത് സുരക്ഷിതമല്ലെന്നും റഷ്യ ഓർമിപ്പിക്കുന്നു.

കഴിഞ്ഞ ദിവസങ്ങളിൽ യുക്രെയ്ൻ നടത്തിയ ഡ്രോൺ ആക്രമണങ്ങൾ റഷ്യയിൽ വലിയ നാശനഷ്ടങ്ങൾ ഉണ്ടാക്കിയിരുന്നു. സ്റ്റാരോബിൽസ്കിലുണ്ടായ ആക്രമണത്തിൽ 18 പേർ കൊല്ലപ്പെട്ടതോടെയാണ് റഷ്യ കടുത്ത തീരുമാനങ്ങളുമായി രംഗത്തെത്തിയത്. ഇതിനെ ഭീകരവാദം എന്ന് വിശേഷിപ്പിച്ച മോസ്കോ, യുക്രെയ്നിന്‍റെ സൈനിക കേന്ദ്രങ്ങൾക്കും തീരുമാനങ്ങൾ എടുക്കുന്ന പ്രധാന ഭരണസിരാകേന്ദ്രങ്ങൾക്കും നേരെ തിരിച്ചടിക്കുമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയെ അറിയിച്ചു.

അതേസമയം, യു.എസ്-ഇറാൻ യുദ്ധം നിലനിൽക്കുന്നതിനാൽ ആഗോളതലത്തിൽ ആന്റി-ബാലിസ്റ്റിക് പ്രതിരോധ സംവിധാനങ്ങൾക്ക് വലിയ ക്ഷാമം നേരിടുന്നുണ്ടെന്ന് യുക്രെയ്ൻ പ്രസിഡന്റ് വ്ളോദിമിർ സെലെൻസ്‌കി സമ്മതിച്ചു. യുക്രെയ്നിലെ പ്രതിരോധ സംവിധാനങ്ങൾ ശക്തിപ്പെടുത്താൻ യൂറോപ്യൻ പങ്കാളികളുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

കീവിലെ സൈനിക, ഭരണകൂട കേന്ദ്രങ്ങൾക്ക് സമീപത്തേക്ക് പോകരുതെന്ന് ഉക്രെയ്നിലെ ജനങ്ങൾക്കും റഷ്യൻ മന്ത്രാലയം കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. യുദ്ധം നാലാം വർഷത്തിലേക്ക് കടക്കുമ്പോൾ റഷ്യയുടെ ഈ പുതിയ നീക്കം സംഘർഷം കൂടുതൽ രൂക്ഷമാക്കുമെന്നാണ് അന്താരാഷ്ട്ര നിരീക്ഷകർ വിലയിരുത്തുന്നത്.

Tags:    
News Summary - Vladimir Putin threatens 'systematic strikes' on Ukraine's Kyiv

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.