ലണ്ടൻ: ആഡംബര പാർട്ടിയിൽ ഒരുമിച്ച് പാട്ടുപാടി ഇന്ത്യയിൽ നിന്ന് മുങ്ങിയ ലളിത് മോദിയും വിജയ് മല്യയും. ലണ്ടനിൽ ലളിത് മോദി നടത്തിയ ആഡംബര പാർട്ടിയിലാണ് ഇരുവരും ഒരുമിച്ച് പാട്ടുപാടിയത്. ഇതിന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. മോദി തന്നെ ഇതിന്റെ വിഡിയോ ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിട്ടുണ്ട്.
310 അതിഥികളാണ് പരിപാടിയിൽ പങ്കെടുത്തത്. ലളിത് മോദിയുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളുമാണ് പരിപാടിക്കെത്തിയത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നാണ് അതിഥികളെത്തിയത്. മുൻ ആർ.സി.ബി താരം ക്രിസ് ഗെയിലും പാർട്ടിയിൽ പങ്കെടുത്തിരുന്നു. വിജയ് മല്യക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് മനോഹരമായ ഒരു വൈകുന്നേരം നൽകിയതിന് നന്ദിയെന്നായിരുന്നു ലളിത് മോദിയുടെ പോസ്റ്റ്.
നേരത്തെ ലളിത് മോദി വാന്വാട്ട് പൗരത്വം സ്വീകരിച്ചിരുന്നു. 80 ദ്വീപുകളുടെ കൂട്ടമാണ് വാന്വാട്ട്. സാമ്പത്തിക കുറ്റകൃത്യങ്ങളിൽ ഇന്ത്യയിൽ പിടികിട്ടാപുള്ളിയാണ് മോദി. ലണ്ടനിലെ ഇന്ത്യൻ ഹൈകമീഷൻ ഓഫീസിൽ പാസ്പോർട്ട് തിരിച്ച് നൽകാനായി ലളിത് മോദി അപേക്ഷ നൽകുകയും ചെയ്തിരുന്നു.
2010ലാണ് ലളിത് മോദി ഇന്ത്യ വിട്ടത്. ഇതിന് ശേഷം ലണ്ടനിലാണ് ലളിത് മോദി കഴിഞ്ഞിരുന്നത്. ഗോൾഡൻ വിസ പദ്ധതി പ്രകാരമാണ് ലളിത് മോദിക്ക് വാന്വാട്ട് പൗരത്വം നൽകിയത്. ആസ്ട്രേലിയക്കും ഫിജിക്കും ഇടയിലാണ് വാന്വാട്ട് സ്ഥിതി ചെയ്യുന്നത്. ബാങ്കുകളെ കബളിപ്പിച്ചാണ് വിജയ് മല്യയും ലണ്ടനിലെത്തിയത്.
നീണ്ട ഒമ്പത് വർഷത്തിന് ശേഷം കിങ്ഫിഷർ എയർലൈനിന്റെ തകർച്ചയെ കുറിച്ച് വിജയ് മല്യ ഈയടുത്ത് പ്രതികരണം നടത്തിയിരുന്നു. രാജ് ഷമാനിയുമായുള്ള നാല് മണിക്കൂർ നീണ്ട പോഡ്കാസ്റ്റ് എപ്പിസോഡിലാണ് അദ്ദേഹം സംസാരിച്ചത്. 2013 ന് ശേഷം ആദ്യമായാണ് മല്യ പരസ്യമായി സംസാരിക്കുന്നത്.
പോഡ്കാസ്റ്റിൽ തൻ്റെ എയർലൈനിന്റെ തകർച്ചയെക്കുറിച്ച് മല്യ സംസാരിക്കുകയും കുടിശികകൾ തീർക്കണമെന്ന ആഗ്രഹം പങ്കുവെക്കുകയും ചെയ്തു. 2012 നും 2015 നും ഇടയിൽ വായ്പകൾ തീർക്കാൻ നാല് വ്യത്യസ്ത ഓഫറുകൾ നൽകിയതായി മല്യ അവകാശപ്പെട്ടു. മുഴുവൻ തുകയായ 14,000 കോടി രൂപയും ആവശ്യപ്പെട്ട ബാങ്കുകൾ തന്റെ ഓഫറുകൾ നിരസിച്ചതായി അദ്ദേഹം പറഞ്ഞു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ചെയർപേഴ്‌സണെ പരിശീലന അക്കാദമിയിൽ വെച്ച് കണ്ട് കരാർ ഉണ്ടാക്കാൻ ശ്രമിച്ചെങ്കിലും അദ്ദേഹം അത് സ്വീകരിച്ചില്ലെന്നും കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.