അക്രമം മാറ്റം കൊണ്ടുവരില്ല: ശ്രീലങ്കയിൽ സമാധാന ആഹ്വാനവുമായി മഹേള ജയവർധനെ

കൊളംബോ: കലാപ കലുഷിതമായ ശ്രീലങ്കയിൽ സമാധാനത്തിന് ആഹ്വാനം ചെയ്ത് ശ്രീലങ്കൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റനും മുംബൈ ഇന്ത്യൻസിന്റെ ഹെഡ്കോച്ചുമായ മഹേള ജയവർധനെ. അക്രമം രാജ്യത്ത് ഒരു മാറ്റവും കൊണ്ടുവരില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

'ചരിത്രം നമുക്ക് ആഭ്യന്തര യുദ്ധത്തിന്റെയും വംശഹത്യയുടെയും വർഗീയകലാപങ്ങളുടെയും പാഠങ്ങൾ നൽകിയിട്ടുണ്ട്. സ്വാർത്ഥമായ തീരുമാനങ്ങൾ നടപ്പാക്കാനുള്ള അജണ്ടയായി ഇവയെ പലരും ഉപയോഗിക്കുന്നുണ്ട്. ഇന്ന് നമ്മൾ ഒരുമിച്ചു നിന്നാൽ ഈ പ്രതിസന്ധിയെ ഒരുമിച്ചു നേരിടാം. നാം എപ്പോഴും ഒരു ശ്രീലങ്കനായി ചിന്തിക്കുക' -മഹേല ജയവർധനെ ട്വീറ്റ് ചെയ്തു.

അക്രമം ഒരു മാറ്റവും കൊണ്ടുവരുകയില്ല. കഴിഞ്ഞ 30 ദിവസമായി നമ്മളെല്ലാവരും കാണിച്ച അച്ചടക്കം അതിശയിപ്പിക്കുന്നതാണ്. അതുകൊണ്ടുതന്നെ നിക്ഷിപ്ത താൽപര്യങ്ങൾ നിറവേറ്റാനായി ജനങ്ങൾ അധികാരം കയ്യിലെടുക്കാൻ പാടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിരവധി മുൻ ശ്രീലങ്കൻ ക്രിക്കറ്റ് താരങ്ങൾ പ്രതിഷേധത്തിൽ ശബ്ദമുയർത്തുകയും സജീവമായി പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. രാജ്യം അതിന്റെ ഏറ്റവും മോശമായ സാമ്പത്തിക പ്രതിസന്ധിയിലും അടിയന്തരാവസ്ഥയിലൂടെയുമാണ് ഇപ്പോൾ കടന്നുപോയിക്കൊണ്ടിരിക്കുന്നത്.

പൊതുമുതൽ നശിപ്പിക്കുകയോ ജീവന് ഭീഷണിയാകുകയോ ചെയ്യുന്നവർക്ക് നേരെ വെടിയുതിർക്കാൻ ശ്രീലങ്കൻ സായുധ സേനയോട് ചൊവ്വാഴ്ച ഉത്തരവിട്ടതായി പ്രതിരോധ മന്ത്രാലയ വക്താവ് നളിൻ ഹെറാത്ത് പറഞ്ഞു. അക്രമങ്ങൾക്കും വ്യാപക പ്രതിഷേധങ്ങൾക്കും ഇടയിൽ രാജപക്‌സെ കുടുംബത്തിന്റെ വിശ്വസ്തർ രാജ്യം വിടുന്നത് തടയാൻ ശ്രീലങ്കയിലെ സർക്കാർ വിരുദ്ധ പ്രക്ഷോഭകർ കൊളംബോയിലെ ബണ്ഡാരനായകെ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള റോഡിൽ ചെക്ക്‌പോയിന്റ് സ്ഥാപിച്ചു. തുടർന്നാണ് ഈ ഉത്തരവ്. മഹിന്ദ രാജപക്‌സെ ശ്രീലങ്കൻ പ്രധാനമന്ത്രി സ്ഥാനം തിങ്കളാഴ്ച രാജിവെച്ചിരുന്നു.

അതേസമയം, ശ്രീലങ്കയിലെ സാഹചര്യങ്ങൾ നിരീക്ഷിക്കുന്നുണ്ടെന്നും, തങ്ങളുടെ ദേശീയ ടീമിന്റെ ഏഴാഴ്‌ചത്തെ ദ്വീപ് പര്യടനം ജൂൺ, ജൂലൈ മാസങ്ങളിൽ ഷെഡ്യൂൾ ചെയ്തതുപോലെ നടക്കുമെന്ന് ഉറപ്പുണ്ടെന്നും ക്രിക്കറ്റ് ആസ്‌ട്രേലിയ പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. മൂന്ന് ടി20 മത്സരങ്ങളും അഞ്ച് ഏകദിനങ്ങളും രണ്ട് ടെസ്റ്റുകളുമാണ് ആസ്‌ട്രേലിയ കളിക്കുന്നത്. രണ്ട് ടി20 മത്സരങ്ങളും മൂന്ന് ഏകദിനങ്ങളും തലസ്ഥാനമായ കൊളംബോയിലാണ് നടക്കുന്നത്. ക്രിക്കറ്റ് ആസ്‌ട്രേലിയയുടെ സുരക്ഷാ മേധാവി കഴിഞ്ഞ മാസം ശ്രീലങ്ക സന്ദർശിച്ചിരുന്നു. 

Tags:    
News Summary - Violence will not achieve the change

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.