യുനൈറ്റഡ് നേഷൻസ്: കുട്ടികൾക്കെതിരായ അതിക്രമങ്ങളുടെ പേരിൽ ഐക്യരാഷ്ട്രസഭ വീണ്ടും ഇസ്രായേലിനെ കരിമ്പട്ടികയിൽ പെടുത്തി. ഗസ്സയിലും വെസ്റ്റ് ബാങ്കിലും കുട്ടികൾക്കെതിരെ നടത്തുന്ന ക്രൂരതയുടെ പേരിലാണ് നടപടി. തുടർച്ചയായ രണ്ടാം വർഷമാണ് ഇതേ കാരണത്താൽ ഇസ്രായേലിനെ കരിമ്പട്ടികയിൽപെടുത്തുന്നത്. ലോകത്ത് കുട്ടികൾക്കെതിരായ അതിക്രമം കഴിഞ്ഞ വർഷം എക്കാലത്തെയും ഉയർന്ന നിലയിലെത്തിയെന്ന് യു.എൻ റിപ്പോർട്ടിൽ പറയുന്നു.
കൊലപാതകം, ലൈംഗികാതിക്രമം, സൈന്യത്തിൽ ചേർക്കൽ, സ്കൂളുകളും ആശുപത്രികളും തകർക്കൽ തുടങ്ങി 41,370 സംഭവങ്ങളാണ് കഴിഞ്ഞ വർഷം റിപ്പോർട്ട് ചെയ്തത്. ഇതിൽ ഭൂരിഭാഗവും ഫലസ്തീനിൽ ഇസ്രായേൽ നടത്തിയതാണ്. തൊട്ടുമുമ്പത്തെ വർഷത്തെ അപേക്ഷിച്ച് 25 ശതമാനമാണ് വർധന. അന്താരാഷ്ട്ര നിയമങ്ങൾ അനുസരിക്കാനും കുട്ടികൾക്കെതിരായ അതിക്രമം അവസാനിപ്പിക്കാനും ഇസ്രായേൽ തയാറാകണമെന്ന് ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ആവശ്യപ്പെട്ടു.
ഫലസ്തീൻ സംഘടനകളായ ഹമാസ്, ഫലസ്തീനിയൻ ഇസ്ലാമിക് ജിഹാദ് എന്നിവയെയും കരിമ്പട്ടികയിൽ പെടുത്തിയിട്ടുണ്ട്. ഫലസ്തീനിൽ കഴിഞ്ഞ വർഷം കുട്ടികൾക്കെതിരെ 8554 അതിക്രമങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഫലസ്തീൻ കഴിഞ്ഞാൽ യഥാക്രമം കോംഗോ, സോമാലിയ, നൈജീരിയ, ഹെയ്തി എന്നീ രാജ്യങ്ങളിലാണ് കൂടുതൽ അതിക്രമം റിപ്പോർട്ട് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.