ഹുർമുസിൽ ഇറാന്‍റെ നിർണായക നീക്കം; സെയിൽഡ്രോൺ കപ്പൽ ആക്രമിച്ചു, യു.എസിന് കനത്ത തിരിച്ചടി
തെഹ്റാൻ: ഹുർമുസിൽ യു.എസിന് കനത്ത തിരിച്ചടി നൽകി ഇറാന്‍റെ നിർണായക നീക്കം. കപ്പൽ പാതയിൽ വെച്ച് യു.എസിന്റെ സെയിൽഡ്രോൺ മാതൃകയിലുള്ള ആളില്ലാ കപ്പലിനെ ആക്രമിച്ചുവെന്നും അതിന്റെ ആക്രമണ ദൗത്യം പരാജയപ്പെടുത്തിയതായും ഇറാൻ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐ.ആർ.ജി.സി) അറിയിച്ചു.
ഒമാൻ തീരത്ത് വെച്ച് രണ്ട് കപ്പലുകളിൽ പ്രൊജക്റ്റൈലുകൾ പതിച്ചതായി തങ്ങൾക്ക് റിപ്പോർട്ട് ലഭിച്ചിട്ടുണ്ടെന്ന് യുണൈറ്റഡ് കിങ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷൻസ് സെൻ്റർ പറയുന്നു.
ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യാപാര പാതകളിലൊന്നായ തന്ത്രപ്രധാനമായ ബാബ് അൽ മന്ദബ് കടലിടുക്കിനുമേലുള്ള നിയന്ത്രണം ശക്തമാക്കി ചെങ്കടലിലെ നിർണായക നഗരമായ മോഖ ഹൂതികൾ പിടിച്ചെടുത്തതായും റിപ്പോർട്ടുണ്ട്.
ചെങ്കടൽ തീരത്തുകൂടി തന്ത്രപ്രധാനമായ ദ്വീപുകളിലേക്ക് മുന്നേറുന്നതായും സൈനിക വൃത്തങ്ങൾ അറിയിച്ചു. യു.എസ് ഇടക്കാല തെരഞ്ഞെടുപ്പിന് മുമ്പ് ഇറാനുമായുള്ള യുദ്ധം അവസാനിക്കുമെന്ന് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് പ്രഖ്യാപിച്ച് മണിക്കൂറുകൾക്കകമായിരുന്നു ഹൂത്തികളുടെ നിർണായക നീക്കം. അതേസമയം തന്ത്രപ്രധാനമായ ബാബ് അൽ മന്ദബ് കടലിടുക്കിന്‍റെ നിയന്ത്രണം ഹൂതികൾ പിടിച്ചെടുത്തേക്കാമെന്നും, അത് തടയാനുള്ള ശേഷി അമേരിക്കക്കില്ലെന്നും അൾജീരിയയിലെ മുൻ യു.എസ് അംബാസഡറും മുൻ സ്റ്റേറ്റ് ഡെപ്യൂട്ടി അസിസ്റ്റന്‍റ് സെക്രട്ടറിയുമായ ഹെൻറി എൻഷർ പറയുന്നു. ആക്രമണം രൂക്ഷമാകുന്നതിനിടെ എണ്ണവില കുതിച്ചുയർന്നു.
ഏഴ് മാസത്തോളമായി തുടരുന്ന അമേരിക്കൻ-ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇരു പക്ഷവും ഇതുവരെ തയ്യാറായിട്ടില്ല. കഴിഞ്ഞ ദിവസം ഇറാന്റെ ദക്ഷിണ തീരപ്രദേശമായ സിരിക്കിൽ ശക്തമായ ആക്രമണം നടന്നിരുന്നു. സിരിക്കിലെ നിരവധി പ്രദേശങ്ങളിൽ ആക്രമണം നേരിട്ടതിന് പുറമെ മിനാബ് കൗണ്ടി, തന്ത്രപ്രധാനമായ ഖഷാം ഐലൻഡ് എന്നിവ ഉൾപ്പെടുന്ന തീരദേശ മേഖലയിലുടനീളം ആക്രമണം നടന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.