9/11: അടയാളപ്പെടുത്തിയ കാൽ നൂറ്റാണ്ട്
2001 സെപ്റ്റംബർ 11ന്റെ പ്രഭാതത്തിൽ, ന്യൂയോർക്കിലെ തെളിഞ്ഞ ആകാശത്ത് നിന്ന് ഒരു വിമാനം വേൾഡ് ട്രേഡ് സെന്ററിന്റെ വടക്കേ ഗോപുരത്തിലേക്ക് ഇടിച്ചുകയറുമ്പോൾ ലോകം കരുതിയത് അതൊരു വിമാനാപകടമാണെന്നാണ്. എന്നാൽ, എട്ടുമിനിറ്റുകൾക്ക് ശേഷം തത്സമയ വാർത്താ സംപ്രേക്ഷണങ്ങൾക്കിടയിൽ രണ്ടാമത്തെ വിമാനം തെക്കേ ഗോപുരത്തെക്കൂടി തകർത്തു. പിന്നീട് പെന്റഗണിലേക്കും പെൻസിൽവാനിയയിലെ വയലിലേക്കും ഇടിച്ചിറങ്ങിയ മറ്റു രണ്ടു വിമാനങ്ങളും, ആയിരങ്ങളെ ഉള്ളിലാക്കി ചീട്ടുകൊട്ടാരം പോലെ നിലംപതിച്ച ആ കൂറ്റൻ ഗോപുരങ്ങളും ചേർന്ന് ഇരുപത്തൊന്നാം നൂറ്റാണ്ടിൻ്റെ വിധിയെഴുതിയെന്നു പറഞ്ഞാൽ അതിശയോക്തിയാവില്ല.
ഈ സംഭവത്തിന് ശേഷം ജനിച്ച ഇന്നത്തെ ജെൻ -സി (Gen Z) തലമുറയെ സംബന്ധിച്ചിടത്തോളം അന്ന് 2,976 മനുഷ്യർ കൊല്ലപ്പെട്ട 9/11 എന്നത് ഒരു പാഠപുസ്തകങ്ങളിൽ വായിച്ചറിയുന്ന മറ്റൊരു ചരിത്ര സംഭവം മാത്രമാണ്. അന്ന് ജീവിച്ചിരുന്നവർക്ക് ഇതൊരു മായാത്ത ആഘാതമായി മാറിയെങ്കിൽ, പുതിയ തലമുറയ്ക്ക് ഇതിന്റെ പ്രത്യാഘാതങ്ങൾ നിറഞ്ഞ ഒരു ലോകത്തിലേക്ക് ജനിച്ചുവീഴേണ്ടി വന്നു എന്നതാണ് യാഥാർത്ഥ്യം.
9/11 ഭീകരാക്രമണത്തിന്റെ പിന്നിൽ പ്രവർത്തിച്ച കുറ്റവാളികളെ പിടികൂടി വിചാരണ ചെയ്യുക എന്ന പരമ്പരാഗത രീതിക്ക് പകരം, ഭീകരവാദത്തിനെതിരെ അതിർത്തികളില്ലാത്ത 'ആഗോള യുദ്ധം' (Global War on Terror) പ്രഖ്യാപിച്ചു അമേരിക്ക. ഏതെങ്കിലും ഭീകരസംഘടനകൾക്ക് താവളമൊരുക്കുന്ന രാജ്യങ്ങളെയും ഭീകരരായി കണക്കാക്കി അക്രമിക്കുന്ന 'ബുഷ് ഡോക്ട്രിൻ' നിലവിൽ വന്നതോടെ, പരമാധികാര രാഷ്ട്രങ്ങൾക്കുമേൽ നിഷ്പ്രയാസം അധിനിവേശം നടത്താനുള്ള ന്യായീകരണമായി ഭീകരവിരുദ്ധത മാറി.
അമേരിക്കൻ ഭരണകൂടം പ്രഖ്യാപിച്ച 'ഭീകരവിരുദ്ധ പോരാട്ടം' ഒരു പ്രതിരോധ നീക്കത്തിൻ്റെ മറവിൽ നടന്ന വലിയൊരു അധിനിവേശ തന്ത്രമായിരുന്നു. ഇറാഖ്, അഫ്ഗാനിസ്ഥാൻ, സിറിയ, യെമൻ തുടങ്ങിയ രാജ്യങ്ങളിലേക്ക് പടർന്നുപന്തലിച്ച ഈ യുദ്ധങ്ങളിൽ 9,40,000-ത്തിലധികം മനുഷ്യർ നേരിട്ടുള്ള സൈനിക നീക്കങ്ങളിൽ കൊല്ലപ്പെട്ടതായാണ് ബ്രൗൺ യൂണിവേഴ്സിറ്റിയിലെ 'കോസ്റ്റ്സ് ഓഫ് വാർ' പഠനങ്ങൾ വ്യക്തമാക്കുന്നത്.
ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക-സൈനിക ശക്തിയുടെ ആഭ്യന്തര സുരക്ഷാ കവചങ്ങൾ എത്രത്തോളം ദുർബലമാണെന്ന് വെളിപ്പെട്ടതോടെ, പൗര ജീവിതത്തിനുമേൽ രാഷ്ട്രങ്ങൾ പുതിയ നിരീക്ഷണ സംവിധാനങ്ങളും കർശന നിയമങ്ങളും അടിച്ചേൽപ്പിച്ചു. 'പാട്രിയറ്റ് ആക്ട്' പോലുള്ള നിയമങ്ങളിലൂടെ സാധാരണ പൗരരുടെ രഹസ്യസ്വഭാവമുള്ള വിവരങ്ങൾ പോലും നിരീക്ഷണത്തിലാക്കി. വിമാനത്താവളങ്ങളിലെ പരിശോധനകൾ മുതൽ ടെലികോം-ഇന്റർനെറ്റ് വിവരങ്ങളുടെ നിരീക്ഷണം വരെ പൗരസ്വാതന്ത്ര്യത്തെ സുരക്ഷയുടെ പേരിൽ ചുരുക്കിക്കെട്ടി. അബൂ ഗുറൈബ് തടവറയിലെയും ഗ്വാണ്ടനാമോ ബേയിലെയും ക്രൂരമായ പീഡനമുറകൾ നിയമവാഴ്ചയെയും മനുഷ്യാവകാശങ്ങളെയും ഭരണകൂടങ്ങൾ എങ്ങനെ കാറ്റിൽപ്പറത്തി എന്നതിന്റെ ഭീകരമായ തെളിവുകളായി മാറി.
ഇതിന്റെ തുടർച്ചയായി 'ദേശീയ സുരക്ഷ'യുടെ പേരിൽ ഇമിഗ്രേഷൻ സംവിധാനങ്ങളെ അഴിച്ചുപണിയുകയും, 2003 മാർച്ച് 1-ന് ഐ.സി.ഇ (ICE - Immigration and Customs Enforcement) പോലെയുള്ള ഏജൻസികൾ ഔദ്യോഗികമായി രൂപീകരിച്ച് കുടിയേറ്റത്തെ ഭീകരവിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായുള്ള 'സുരക്ഷാ ഭീഷണിയായി' പുനർനിർവ്വചിക്കുകയും ചെയ്തു. ഇത് ലക്ഷക്കണക്കിന് കുടിയേറ്റക്കാരെ ഐ.സി.ഇ തടങ്കൽ കേന്ദ്രങ്ങളിലേക്കും മനുഷ്യാവകാശ ലംഘനങ്ങളിലേക്കുമാണ് തള്ളിയിട്ടത്.
9/11-ന്റെ ഏറ്റവും പ്രകടമായ മറ്റൊരു രാഷ്ട്രീയ പ്രത്യാഘാതം, വിവരസാങ്കേതികവിദ്യയും മാധ്യമശൃംഖലകളും ഉപയോഗിച്ച് ഭരണകൂടങ്ങൾ എങ്ങനെയാണ് നുണകളെ 'സത്യം' ആയി നിർമ്മിച്ചെടുത്തത് എന്നതിലാണ്. ഇറാഖിന്റെ പക്കൽ രാസായുധങ്ങളും മാരകായുധങ്ങളും ഉണ്ടെന്ന വ്യാജ അവകാശവാദമുന്നയിച്ച് 2003-ൽ നടത്തിയ അധിനിവേശമാണ് ആഗോളതലത്തിൽ വ്യവസ്ഥാപിതമായ നുണപ്രചാരണത്തിന്റെ ആദ്യത്തെ വൻ മാതൃക. വസ്തുതകൾക്കും തെളിവുകൾക്കും പകരം ഭയത്തെയും വൈകാരികതയെയും മുൻനിർത്തി ആഗോള പൊതുബോധത്തെ തങ്ങൾക്കനുകൂലമായി തിരിക്കാൻ ഭരണകൂടങ്ങൾക്ക് കഴിയുമെന്ന് ഈ യുഗം തെളിയിച്ചു. വൻകിട മാധ്യമങ്ങൾ പോലും സർക്കാറുകളുടെ ഈ ഭീകരവിരുദ്ധ വിവരണങ്ങളെ യാതൊരു ചോദ്യവുമില്ലാതെ പ്രചരിപ്പിച്ചപ്പോൾ, സത്യം നിശബ്ദമാക്കപ്പെടുകയും 'പോസ്റ്റ്-ട്രൂത്ത്' രാഷ്ട്രീയം ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ആഗോള ക്രമത്തിന്റെ പ്രധാന സവിശേഷതയായി മാറുകയും ചെയ്തു.
9/11 ആക്രമണത്തിന്റെ ആഘാതം അന്ന് തകർന്നുവീണ കെട്ടിടാവശിഷ്ടങ്ങളിൽ മാത്രം ഒതുങ്ങിനിൽക്കുന്ന ഒന്നായിരുന്നില്ല. ദുരന്തമുഖത്ത് ജീവൻ പണയം വെച്ച് രക്ഷാപ്രവർത്തനം നടത്തിയ അരലക്ഷത്തോളം ഫയർഫൈറ്റർമാർക്കും, പൊലീസുകാർക്കും, അതിജീവിച്ചവർക്കും പുകയിലും രാസവസ്തുക്കളിലും ദീർഘനേരം ചിലവഴിച്ചതിന്റെ ഫലമായി പിന്നീട് ക്യാൻസർ പോലുള്ള മാരക രോഗങ്ങൾ പിടിപെടുകയുണ്ടായി.
അതേസമയം, യുദ്ധമേഖലകളിൽ ഈ ദുരന്തത്തിന്റെ ആഘാതം അതിലും ഭീകരമായിരുന്നു. ബ്രൗൺ യൂണിവേഴ്സിറ്റിയുടെ പഠനമനുസരിച്ച്, യുദ്ധം വിതച്ച സാമ്പത്തിക തകർച്ച, പട്ടിണി, രോഗങ്ങൾ, കുടിവെള്ളമില്ലായ്മ, ഹെൽത്ത് കെയർ സംവിധാനങ്ങളുടെ നാശം എന്നിവ കാരണമായി 3.7 മില്യണിലധികം (37 ലക്ഷം) ആളുകൾക്കാണ് പരോക്ഷമായി ജീവൻ നഷ്ടമായത്. അധിനിവേശയുദ്ധങ്ങൾ എങ്ങനെയാണ് വരാനിരിക്കുന്ന തലമുറകളിലും കൂടി നിശബ്ദമായി മരണം വിതയ്ക്കുന്നത് എന്നതിന്റെ തെളിവാണ് ഈ കണക്കുകൾ.
9/11-ന്റെ ഏറ്റവും വലിയ സാംസ്കാരിക തിരിച്ചടികളിലൊന്ന് ആഗോളതലത്തിൽ വ്യവസ്ഥാപിതമായി വളർന്നുവന്ന ഇസ്ലാമോഫോബിയയും ജനങ്ങളുടെ ഉള്ളിൽ തറച്ചുപോയ നിരന്തരമായ ഭയവുമാണ് . അക്രമ സംഭവങ്ങൾക്ക് തൊട്ടുപിന്നാലെ, 2001 സെപ്റ്റംബർ 15-ന് അമേരിക്കയിൽ സിഖ് വംശജനായ ബൽബീർ സിംഗ് സോധി വംശീയ വിദ്വേഷത്താൽ കൊല്ലപ്പെട്ടത് മാറിയ ലോകത്തിന്റെ ദുരന്ത സൂചനയായിരുന്നു. താടിയും തലപ്പാവുമുള്ള ആരെയും ഭീകരരായി മുദ്രകുത്തുന്ന ആഗോള പൊതുബോധം അതിവേഗം നിർമ്മിക്കപ്പെട്ടു.
അമേരിക്കൻ ഭരണകൂടം നടപ്പിലാക്കിയ 'മുസ്ലിം ബാൻ' (Muslim Ban) പോലുള്ള യാത്രാ വിലക്കുകളും, വിമാനത്താവളങ്ങളിലെ ക്രൂരമായ വംശീയ പ്രൊഫൈലിംഗും ഇസ്ലാമോഫോബിയയെ ഭരണകൂടങ്ങളുടെ ഔദ്യോഗിക നയമാക്കി മാറ്റി. ഓരോ യാത്രാവേളയിലും പൊതുവിടങ്ങളിലും തങ്ങൾ നിരന്തരം നിരീക്ഷണത്തിലാണെന്നോ ഏതുനിമിഷവും ആക്രമിക്കപ്പെട്ടേക്കാമെന്നോ ഉള്ള ഭയത്തോടെ ജീവിക്കാൻ ഒരു വലിയ ജനവിഭാഗം നിർബന്ധിതരായി. സാധാരണക്കാരായ മനുഷ്യരെയും കുടിയേറ്റ സമൂഹങ്ങളെയും സുരക്ഷയുടെയും ദേശീയതയുടെയും പേരിൽ നിരന്തരം 'അപരൻ' (The Other) ആയി പ്രതിഷ്ഠിക്കുന്ന ഈ സംസ്കാരം സഹിഷ്ണുതയ്ക്കാണ് മാരക പ്രഹരമേൽപ്പിച്ചത്.
സെപ്റ്റംബർ 11 നടന്ന് കാൽ നൂറ്റാണ്ട് കഴിയുമ്പോഴും, അന്ന് ആരംഭിച്ച ഭയത്തിന്റെയും വിഭജനത്തിന്റെയും സുരക്ഷാ രാഷ്ട്രീയത്തിന്റെയും പ്രത്യാഘാതങ്ങൾ ഇന്നും നമ്മുടെ ലോകക്രമത്തെ നിയന്ത്രിക്കുന്നു. യുദ്ധങ്ങളുടെയും അധിനിവേശങ്ങളുടെയും ആകെത്തുക എത്രയോ ദശലക്ഷം നിരപരാധികളുടെ കണ്ണീരാണെന്ന് കണക്കുകൾ നമ്മെ ഓർമ്മിപ്പിക്കുന്നു. 9/11-ന് ശേഷം സമൂഹങ്ങളിൽ വേരൂന്നിയ ഈ നിരന്തരമായ ഭയത്തെയും അപരവൽക്കരണത്തെയും മുതലെടുത്താണ് ഇന്ന് ലോകമെമ്പാടും തീവ്ര വലതുപക്ഷ ശക്തികൾ ആധിപത്യം ഉറപ്പിക്കുന്നത്. വംശീയതയും തീവ്ര ദേശീയതയും മുൻനിർത്തി അധികാരം കൊയ്യുന്ന ഇത്തരം പ്രസ്ഥാനങ്ങൾ ജനാധിപത്യ മൂല്യങ്ങളെ അപകടത്തിലാക്കുന്നു. വിദ്വേഷം വിതക്കുന്നവരെ ചെറുത്തു തോൽപ്പിച്ച് മാനവികതയിലൂന്നിയ ഒരു ലോകക്രമം രൂപപ്പെടുത്തേണ്ടത് ഇന്ന് 9/11 ന് ശേഷം ജനിച്ച പുതുതലമുറയുടെ ദൗത്യമായിരിക്കുകയാണ്.
(നിലമ്പൂർ ഗവ. ആർട്സ് ആന്റ് സയൻസ് കോളെജ് ഇംഗ്ലീഷ് വിഭാഗം അധ്യാപകനാണ് ലേഖകൻ)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.