വേൾഡ് ട്രേഡ് സെന്റർ ആക്രമണം: പൗരാവകാശം തച്ചുടച്ച് കരിനിയമങ്ങൾ
2001 സെപ്റ്റംബർ 11ന് ശേഷം 140ലേറെ രാജ്യങ്ങൾ കരിനിയമങ്ങളുണ്ടാക്കി, നിയമം ദുരുപയോഗം ചെയ്തതിന്റെയും നിരപരാധികൾ വേട്ടയാടപ്പെട്ടതിന്റെയും നിരവധി ഉദാഹരണങ്ങളുണ്ടായി. 2001 ഒക്ടോബറിൽ ഏകദേശം ഐകകണ്ഠ്യേന പാസാക്കിയ യു.എസ് പാട്രിയറ്റ് ആക്ട് ആണ് ഈ തരത്തിലുള്ള നീക്കങ്ങളുടെ തുടക്കവും ഏറ്റവും വിവാദമായ നിയമവും.
അതിന്റെ ചുവടുപിടിച്ച് 140ലേറെ രാജ്യങ്ങൾ ഇത്തരം കരിനിയമങ്ങളും പ്രത്യേക അന്വേഷണ സംവിധാനങ്ങളും ഉണ്ടാക്കി. ദേശീയ സുരക്ഷക്ക് മുൻഗണന എന്ന് അവകാശപ്പെട്ട് ചുട്ടെടുത്ത നിയമങ്ങൾ പലപ്പോഴും ഭരണകൂടത്തിനും അന്വേഷണ ഏജൻസികൾക്കും ഏകപക്ഷീയമായ അധികാരങ്ങൾ നൽകുകയും പൗരസ്വാതന്ത്ര്യങ്ങൾക്ക് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തു. ഇത് കുറ്റാന്വേഷണ ഏജൻസികൾക്ക് വലിയ അധികാരങ്ങൾ നൽകി.
നിയമം ദുരുപയോഗം ചെയ്തതിന്റെയും നിരപരാധികൾ വേട്ടയാടപ്പെട്ടതിന്റെയും നിരവധി ഉദാഹരണങ്ങളുണ്ടായി. വിചാരണയോ കുറ്റപത്രമോ ഇല്ലാതെ വിദേശ ഭീകരാവാദ സംശയാസ്പദരെ അനിശ്ചിതകാലം തടവിൽ വെക്കാൻ ഈ നിയമങ്ങൾ അനുവദിച്ചു.
2002ൽ ഇന്ത്യൻ പാർലമെന്റ് ഭീകരവാദ വിരുദ്ധ ബിൽ (പോട്ട) പാസാക്കി. ജനങ്ങളിൽ ഭയം സൃഷ്ടിക്കുകയും ഇന്ത്യയുടെ ഐക്യത്തെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന ആരും തന്നെ ഭീകരവാദിയാണ് എന്ന പുതിയ നിർവചനം നൽകി. വിചാരണ കൂടാതെ ഒരു പ്രതിയെ 30 ദിവസം വരെ കസ്റ്റഡിയിൽ വെക്കാൻ ഈ നിയമം അനുവദിച്ചു. 2019ൽ കൂടുതൽ കർക്കശമായ വ്യവസ്ഥകളോടെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം (യു.എ.പി.എ) ഭേദഗതി ചെയ്തു. സംഘടനകൾക്ക് പുറമെ വ്യക്തികളെ ഭീകരരായി പ്രഖ്യാപിക്കാനുള്ള അധികാരം സർക്കാറിന് നൽകി.
യു.എ.പി.എ നിയമപ്രകാരം കേസ് ചുമത്തപ്പെട്ട് പതിറ്റാണ്ടിലേറെയായി വിചാരണ കൂടാതെ തടവിൽ കഴിയുന്ന നിരവധി പേർ രാജ്യത്തുണ്ട്. പൗരസ്വതന്ത്ര്യം, നീതി എന്നിവ നിഷേധിക്കപ്പെടുന്നു എന്ന് ചൂണ്ടിക്കാട്ടി പൗരാവകാശ, മനുഷ്യാവകാശ സംഘടനകൾ ഒച്ചയിടുന്നുവെങ്കിലും അതിനൊന്നും ഒരു വിലയും കൽപിക്കപ്പെട്ടില്ല. രാജ്യവിരുദ്ധമോ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നതോ ആയ പ്രസംഗങ്ങളും പ്രസിദ്ധീകരണങ്ങളും തടയുക എന്ന പേരിൽ അഭിപ്രായ പ്രകടനങ്ങൾക്ക് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ആരാണ് രാജ്യം, എന്താണ് രാജ്യവിരുദ്ധ പ്രവർത്തനം എന്ന മറുചോദ്യത്തിന് ‘ദേശസ്നേഹത്തിന്റെ’ കവചമുണ്ട്.
സെപ്റ്റംബർ 11ന് ശേഷം നിർമിക്കപ്പെട്ട പ്രധാന ഡ്രക്കോണിയൻ നിയമങ്ങൾ
- പേട്രിയറ്റ് നിയമം, ഫിസ സെക്ഷൻ 702, പ്രിസം (അമേരിക്ക) : വാറന്റില്ലാതെ ഇന്റർനെറ്റ് ഡേറ്റ ചോർത്തൽ, ഫോൺ സംഭാഷണ നിരീക്ഷണം.
- യു.എ.പി.എ ഭേദഗതികൾ (2019), പോട്ട, നാറ്റ്ഗ്രിഡ് (ഇന്ത്യ): വിചാരണയില്ലാത്ത തടങ്കൽ, പൗരന്മാരുടെ ഡിജിറ്റൽ വിവര ശേഖരണം.
- സ്നൂപേഴ്സ് ചാർട്ടർ ഇൻവെസ്റ്റിഗേറ്ററി പവർ നിയമം (യു.കെ, യൂറോപ്): വെബ്സൈറ്റ് സന്ദർശന ചരിത്രം ഒരു വർഷം സൂക്ഷിക്കൽ, എൻക്രിപ്ഷൻ ലംഘനം.
- തീവ്രവാദ വിരുദ്ധ നിയമം 2015 (ചൈന): ഫേഷ്യൽ റെക്കഗ്നീഷൻ നിരീക്ഷണം, ഉയ്ഗൂർ തടങ്കൽ പാളയങ്ങൾ.
- പാകിസ്താൻ പ്രൊട്ടക്ഷൻ ഓർഡിനൻസ് 2013: വാറന്റില്ലാതെ വീടുകളിൽ പരിശോധന, സംശയിക്കുന്നവരെ മാസങ്ങൾ കസ്റ്റഡിയിൽ വെക്കാം
തടിച്ചുകൊഴുത്ത് ആയുധക്കമ്പനികൾ
സെപ്റ്റംബർ 11ന്റെ ചുവടുപിടിച്ച് യുദ്ധങ്ങളുടെ പരമ്പര തന്നെയുണ്ടായപ്പോൾ തടിച്ചുകൊഴുത്തത് വൻകിട ആയുധക്കമ്പനികളാണ്. ലോകത്തെ ഏറ്റവും വലിയ ആയുധക്കമ്പനിയായ ലോക്ക്ഹീഡ് മാർട്ടിൻ 20 വർഷം കൊണ്ട് 1235 ശതമാനം വളർച്ചയാണുണ്ടാക്കിയത്. നോർത്രോപ് ഗ്രമ്മൻ 1196 ശതമാനവും റേതിയോൺ ടെക്നോളജീസ് 820 ശതമാനവും ബോയിങ് 470 ശതമാനവും വളർച്ച നേടി. പെന്റഗൺ ഭീകരവിരുദ്ധ യുദ്ധത്തിനായി ചെലവഴിച്ച എട്ട് ലക്ഷം കോടി ഡോളറിൽ പകുതിയിലധികവും എത്തിയത് സ്വകാര്യ ആയുധ കരാറുകാരുടെ കൈകളിലാണ്.
പൊതുമേഖല സ്ഥാപനങ്ങളായ ഇന്ത്യയിലെ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡും ഭാരത് ഇലക്ട്രോണിക്സും ഭാരത് ഡൈനാമിക്സും ചൈനയിലെ ഏവിയേഷൻ ഇൻഡസ്ട്രി കോർപറേഷനും വൻ വളർച്ച നേടി. സർക്കാറുകൾ പ്രതിരോധ ബജറ്റ് വൻതോതിൽ വർധിപ്പിക്കുകയാണ്. 2025-26 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ പ്രതിരോധ ബജറ്റ് 6.81 ലക്ഷം കോടി രൂപയായി ഉയർത്തി. സ്റ്റോക്ക്ഹോം ഇന്റർനാഷനൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ 2026ലെ ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം 2026ൽ ആഗോള സൈനിക ചെലവ് 3.29 ലക്ഷം ഡോളറായി ഉയരുമെന്നാണ് കണക്കാക്കുന്നത്. ആയുധക്കമ്പനികൾ ഉൽപാദന ശേഷി വർധിപ്പിക്കുകയും വലിയ തോതിൽ ലാഭം കൊയ്യുകയും ചെയ്യുന്ന സാഹചര്യമാണ് നിലവിലുള്ളത്. ആയുധക്കമ്പനികൾ സർക്കാറുകളെ സ്വാധീനിക്കാൻ വൻ തുക ചെലവഴിച്ചാണ് ലോബിയിങ് നടത്തുന്നത്. യുദ്ധം നിർത്താൻ ഭരണകൂടം തീരുമാനിച്ചാലും ആയുധക്കമ്പനികൾ സമ്മതിക്കില്ല എന്നതാണ് സ്ഥിതി. മനുഷ്യരുടെ ജീവന്റെ വിലയാണ് ആയുധക്കമ്പനികളുടെ ലാഭം.
ഏഴാം ദിനം ആഗോള യുദ്ധ ലൈസൻസ്
രണ്ടു പതിറ്റാണ്ടിലേറെ അമേരിക്ക നടത്തിയ ആഗോള യുദ്ധങ്ങൾക്കെല്ലാം അടിത്തറയായത് സെപ്റ്റംബർ 11നു പിന്നാലെ സൃഷ്ടിച്ച എ.യു.എം.എഫ് നിയമമാണ് 2001 സെപ്റ്റംബർ 11ന് ലോകത്തെ നടുക്കിയ ഭീകാരാക്രമണത്തിനു പിന്നാലെ വലിയ ഭീകരയുദ്ധത്തിലേക്കായിരുന്നു അമേരിക്ക ലോകത്തെ വലിച്ചിഴച്ച്. പ്രതികാരം ചെയ്യാനും, ലോകത്തെവിടെ കയറി ആക്രമിക്കാനും അനുമതി നൽകുന്ന പ്രത്യേക നിയമത്തിന് അമേരിക്കൻ കോൺഗ്രസ് സെപ്റ്റംബർ 18ന് അംഗീകാരം നൽകി.
ആക്രമണം ആസൂത്രണം ചെയ്തവർക്കും സഹായിച്ചവർക്കും അഭയം നൽകിയവർക്കുമെതിരെ സൈനികശക്തി പ്രയോഗിക്കാൻ പ്രസിഡന്റിന് വിപുലമായ അധികാരം നൽകുന്നതായിരുന്നു ഓഥറൈസേഷേൻ ഫോർ യൂസ് ഓഫ് മിലിറ്ററി ഫോഴ്സ് (എ.യു.എം.എഫ്). ജോർജ് ഡബ്ല്യൂ ബുഷിനു പിന്നാലെ, ബരാക് ഒബാന, ഡോണൾഡ് ട്രംപ്, ജോ ബൈഡൻ തുടങ്ങിയ പ്രസിഡന്റുമാരും പല രാജ്യങ്ങളിലെ സൈനിക നടപടികൾക്കും ഈ നിയമത്തെ ആശ്രയിച്ചു.
ഭീകര വിരുദ്ധ യുദ്ധത്തിന്റെ ശക്തമായ നിയമ അടിത്തറയായി എ.യു.എം.എഫ് മാറി. ആദ്യ ഘട്ടത്തിൽ അഫ്ഗാനിസ്ഥാനിൽ താലിബാനെതിരെയുള്ള യുദ്ധത്തിനാണ് ഉപയോഗിച്ചതെങ്കിലും, പിന്നീട് രണ്ട് പതിറ്റാണ്ടിലേറെ കാലംകൊണ്ട് 20ലധികം രാജ്യങ്ങളിൽ സൈനിക നീക്കങ്ങൾ നടത്താൻ അമേരിക്ക ഈ ഒരൊറ്റ നിയമത്തെ ഉപയോിച്ചു. അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ, യെമൻ, സൊമാലിയ, ലിബിയ, സിറിയ, ഇറാഖ് എന്നീ രാജ്യങ്ങളിലേക്ക് നീണ്ട സൈനിക നടപടികളിൽ ഉപയോഗപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.