വെനിസ്വേലൻ മുൻ പ്രസിഡന്റ് മദൂറോയും ഭാര്യ ചിലിയ ഫ്ലോറസും
ഹൃദ്രോഗം ഗുരുതരമാകുന്നു: യു.എസ് കസ്റ്റഡിയിലുള്ള വെനിസ്വേലൻ മുൻ പ്രസിഡന്റ് മദൂറോയുടെ ഭാര്യ ചിലിയ ഫ്ലോറസ് വീട്ടുതടങ്കൽ തേടി കോടതിയിൽ
ന്യൂയോർക്ക്: അമേരിക്കൻ ഫെഡറൽ ജയിലിൽ കഴിയുന്ന വെനിസ്വേലൻ മുൻ പ്രഥമ വനിത ചിലിയ ഫ്ലോറസിന്റെ ആരോഗ്യനില വഷളായതിനെ തുടർന്ന് ജയിൽ മോചനം തേടി കോടതിയെ സമീപിച്ചു. ഹൃദയസംബന്ധമായ അസുഖങ്ങൾ ഗുരുതരമായതിനെ തുടർന്ന് ബ്രൂക്‌ലിനിലെ ഫെഡറൽ ജയിലിൽ നിന്ന് മാറ്റി മാൻഹാട്ടനിലെ വസതിയിൽ വീട്ടുതടങ്കലിൽ കഴിയാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകരായ മാർക്ക് ഡോണെല്ലിയും ആന്ദ്രേസ് സാഞ്ചസുമാണ് കോടതിയിൽ അപേക്ഷ സമർപ്പിച്ചത്.
കഴിഞ്ഞ ജനുവരിയിൽ കാറക്കാസിൽ അമേരിക്കൻ സേന നടത്തിയ മിന്നൽ റെയ്ഡിനിടയിലാണ് നിക്കോളാസ് മദൂറോക്കൊപ്പം ചിലിയ ഫ്ലോറസും അറസ്റ്റിലായത്. തുടർന്ന് ഇരുവരെയും ന്യൂയോർക്കിലേക്ക് കൊണ്ടുവരികയായിരുന്നു. കൊക്കെയ്ൻ കടത്ത് കേസിൽ വിചാരണ കാത്ത് കഴിയുന്നതിനിടയിലാണ് ഫ്ലോറസിന്റെ ആരോഗ്യനില മോശമായത്. വർഷങ്ങളായി ഹൃദയവാൽവ് സംബന്ധമായ അസുഖമുള്ള ഫ്ലോറസിന് ജയിലിൽ ആയതിനുശേഷം അതിനുള്ള പ്രതിമാസ കുത്തിവയ്പ്പ് ലഭിച്ചിട്ടില്ലെന്ന് അഭിഭാഷകർ വ്യക്തമാക്കുന്നു. ജയിൽ അധികൃതരും ഡോക്ടർമാരും നല്ല രീതിയിലാണ് പെരുമാറുന്നതെങ്കിലും, ജയിൽ സാഹചര്യം ആരോഗ്യ വീണ്ടെടുപ്പിന് അനുയോജ്യമല്ലെന്ന് കോടതിയിൽ സമർപ്പിച്ച രേഖകളിൽ പറയുന്നുണ്ട്.
നെഞ്ചുവേദനക്കുള്ള മരുന്നുകളും മറ്റ് ചികിത്സകളും നൽകുന്നുണ്ടെങ്കിലും ഫ്ലോറസിന് കൂടുതൽ ഹൃദയ പരിശോധനകളും ശസ്ത്രക്രിയയും ആവശ്യമാണെന്ന് ഡോക്ടർമാർ നിർദേശിച്ചിട്ടുണ്ട്. തുടർചികിത്സക്കും ശരിയായ വിശ്രമത്തിനുമായി മാൻഹാട്ടനിലെ വസതിയിലേക്ക് മാറ്റണമെന്നാണ് ആവശ്യം. വീട്ടുതടങ്കലിൽ കഴിയുമ്പോൾ 24 മണിക്കൂറും സായുധ നിരീക്ഷണവും വിഡിയോ കാമറ നിരീക്ഷണവും ഏർപ്പെടുത്താമെന്നും ഫോൺ കോളുകൾ റെക്കോർഡ് ചെയ്യാമെന്നും അഭിഭാഷകർ ഉറപ്പ് നൽകിയിട്ടുണ്ട്. കേസിൽ ഫെഡറൽ പ്രോസിക്യൂട്ടർമാർ ഇതുവരെ മറുപടി നൽകിയിട്ടില്ലെങ്കിലും ജഡ്ജി ആൽവിൻ കെ. ഹെല്ലർസ്റ്റൈൻ അപേക്ഷയിൽ ഉടൻ തീരുമാനം എടുക്കുമെന്നാണ് കരുതുന്നത്. അടുത്ത വർഷം ജൂണിലാണ് മദൂറോക്കും ഫ്ലോറസിനുമെതിരെയുള്ള വിചാരണ മാൻഹാട്ടൻ ഫെഡറൽ കോടതിയിൽ നടക്കാനിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.