വാഷിങ്ടൺ: വെനസ്വേലൻ പ്രതിപക്ഷ നേതാവും 2025ലെ സമാധാനത്തിനുള്ള നൊബേൽ സമ്മാന ജേതാവുമായ മരിയ കൊറീന മഷാദോ വൈറ്റ് ഹൗസിൽ നടന്ന കൂടിക്കാഴ്ചയിൽ തന്റെ നൊബേൽ പുരസ്കാരം യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് സമർപ്പിച്ചു. വെനസ്വേലയിലെ ജനാധിപത്യം പുനഃസ്ഥാപിക്കാൻ ട്രംപ് നൽകിയ പിന്തുണക്ക് നന്ദി സൂചകമായാണ് പുരസ്കാരം സമർപ്പിച്ചതെന്ന് മഷാദോ പറഞ്ഞു. വെനസ്വേലൻ ഭരണാധികാരിയായിരുന്ന നികളസ് മദുറോയെ പുറത്താക്കിയ അമേരിക്കൻ ഇടപെടലുകൾക്ക് ശേഷമാണ് കൂടിക്കാഴ്ച നടന്നത്.
വൈറ്റ് ഹൗസിൽ ട്രംപിനെ നേരിട്ട് കണ്ട മഷാദോ, തന്റെ നൊബേൽ മെഡൽ അദ്ദേഹത്തിന് നൽകുകയും ഇത് വെനസ്വേലൻ ജനതയുടെ സ്നേഹമാണെന്ന് പറയുകയും ചെയ്തു.എന്നാൽ നൊബേൽ സമ്മാനം മറ്റൊരാൾക്ക് കൈമാറാനോ പങ്കുവെക്കാനോ നിയമപരമായി സാധിക്കില്ലെന്ന് നോർവീജിയൻ നൊബേൽ ഇൻസ്റ്റിറ്റ്യൂട്ട് നേരത്തെ വ്യക്തമാക്കിയിരുന്നു. ഒരിക്കൽ പ്രഖ്യാപിച്ച പുരസ്കാരം മാറ്റാൻ കഴിയില്ലെന്നാണ് അവരുടെ ഔദ്യോഗിക വിശദീകരണം. മഷാദോയുടെ പ്രവൃത്തിയെ വലിയ ബഹുമതിയായി കാണുന്നുവെന്ന് ട്രംപ് പ്രതികരിച്ചു.
മഷാദോയെ ഒരു ധീരവനിതയെന്ന് വിശേഷിപ്പിച്ച ട്രംപ്, വെനസ്വേലയുടെ പുനർനിർമാണത്തിന് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു. വെനസ്വേലയിലെ ജനാധിപത്യ പ്രവർത്തനങ്ങൾ പരിഗണിച്ചാണ് മഷാദോക്ക് സമാധാനത്തിനുള്ള നൊബേൽ സമ്മാനിച്ചത്. മദുറോയെ പിടികൂടിയ യു.എസ് സൈനിക നടപടികൾക്ക് ശേഷം ട്രംപിന് ഈ പുരസ്കാരം നൽകണമെന്ന് അവർ പരസ്യമായി പ്രഖ്യാപിച്ചിരുന്നു. അമേരിക്കൻ പ്രസിഡന്റായി വീണ്ടും അധികാരമേറ്റ ശേഷം ട്രംപ് നടത്തുന്ന പ്രധാന നയതന്ത്ര നീക്കങ്ങളിലൊന്നായി ഈ കൂടിക്കാഴ്ച വിലയിരുത്തപ്പെടുന്നു.
അതേസമയം വെനസ്വേലയുടെ ഭാവി നേതൃത്വം ഏറ്റെടുക്കാൻ മഷാദോക്ക് എളുപ്പത്തിൽ സാധിക്കുമെന്ന് കരുതുന്നില്ലെന്ന് ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു. അവർക്ക് രാജ്യത്തിനുള്ളിൽ മതിയായ പിന്തുണയില്ലെന്നാണ് ട്രംപിന്റെ വിലയിരുത്തൽ.നികളസ് മദുറോയെ അമേരിക്കൻ സൈന്യം പിടികൂടിയതിന് ശേഷം, വെനസ്വേലയുടെ ആക്ടിങ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസുമായി സഹകരിക്കാനാണ് ട്രംപ് താൽപ്പര്യപ്പെടുന്നത്. റോഡ്രിഗസ് ട്രംപിന്റെ ‘അമേരിക്ക ഫസ്റ്റ്’ നയങ്ങളുമായി പൊരുത്തപ്പെട്ടുപോകാൻ തയാറാണെന്ന സൂചന നൽകിയിട്ടുണ്ട്.
വെനസ്വേലയിലെ എണ്ണ സമ്പത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാനും അവിടെ പുതിയ തെരഞ്ഞെടുപ്പ് നടത്താനുമാണ് അമേരിക്ക ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായി വെനസ്വേലയിൽ തടവിലുള്ള അമേരിക്കക്കാരെ വിട്ടയക്കുന്നതുൾപ്പെടെയുള്ള സഹകരണങ്ങൾ റോഡ്രിഗസ് ഭരണകൂടം ആരംഭിച്ചിട്ടുണ്ട്. ഒളിവിൽ കഴിയുകയായിരുന്നിട്ടും ജീവൻ പണയപ്പെടുത്തിയാണ് മഷാദോ ട്രംപിനെ കാണാൻ വാഷിങ്ടണിൽ എത്തിയത്. എന്നാൽ ട്രംപ് ഭരണകൂടം നിലവിൽ റോഡ്രിഗസിനാണ് മുൻഗണന നൽകുന്നത് എന്നത് മഷാദോക്ക് രാഷ്ട്രീയ തിരിച്ചടിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.