കറാക്കസ്: വെനിസ്വേലയിലെ പ്രതിപക്ഷ നേതാവ് മരിയ കൊറിന മച്ചാഡോയെ അധികൃതർ ‘തട്ടിക്കൊണ്ടു’ പോയതായി ആരോപണം. മച്ചാഡോ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. വ്യാഴാഴ്ച വെനിസ്വേലൻ പ്രസിഡന്റ് നികളസ് മദൂറോവിനെതിരെ കറാക്കസിൽ നടന്ന പ്രതിഷേധ റാലിയിൽ പങ്കെടുത്ത് ബൈക്കിൽ മടങ്ങവെ ബലമായി പിടിച്ചുകൊണ്ടു പോയെന്നും നിരവധി വിഡിയോകൾ റെക്കോഡ് ചെയ്യാൻ നിർബന്ധിച്ചതായും മച്ചാഡോയുടെ അനുയായികൾ പറഞ്ഞു. മൂന്നു മണിക്കൂറിനു ശേഷമാണ് വിട്ടയച്ചത്.
മദൂറോ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുന്നോടിയായാണ് സംഭവം. തെരഞ്ഞെടുപ്പിൽ കൃത്രിമം നടന്നതായാണ് പ്രതിപക്ഷം ആരോപിക്കുന്നത്. അധികൃതരുടെ പ്രതികാര നടപടി ഭയന്ന് 2024 ജൂലൈ 28ന് നടന്ന തെരഞ്ഞെടുപ്പിനു പിന്നാലെ മച്ചാഡോ ഒളിവിൽപോവുകയായിരുന്നു. 133 ദിവസത്തിനുശേഷം കറാക്കസിൽ നടന്ന പ്രതിഷേധ റാലിയിലാണ് അവർ പ്രത്യക്ഷപ്പെട്ടത്.
ഇതിൽ പങ്കെടുത്ത് ബൈക്കിൽ മടങ്ങവെയാണ് തടഞ്ഞു നിർത്തി അനധികൃതമായി പിടികൂടിയതെന്ന് അനുയായികൾ പറഞ്ഞു. ‘അനധികൃത തടങ്കൽ’ വാർത്ത പുറത്തുവന്നതോടെ നിരവധി രാജ്യങ്ങൾ നടപടിക്കെതിരെ രംഗത്തുവന്നിരുന്നു. അതിനിടെ തെരഞ്ഞെടുപ്പിൽ വിജയിച്ച മദൂറോ മൂന്നാം തവണ പ്രസിഡന്റായി സത്യപ്രതിജ്ഞചെയ്ത് അധികാരമേറ്റു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.