കാരക്കാസ്: പ്രതിപക്ഷ നേതാവായ മറിയ കൊറിന മചാഡോയെ ഇത്തവണത്തെ നൊബേൽ പുരസ്കാരം നൽകി ആദരിച്ചതിനു പിന്നാലെ നോർവെയിലെ എംബസി അടച്ചുപൂട്ടി വെനസ്വേല. മചാഡോക്ക് ലഭിച്ച പുരസ്കാരം സംബന്ധിച്ച് പരാമർശമൊന്നും നടത്തിയില്ലെങ്കിലും വിദേശത്തുള്ള തങ്ങളുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് ഇതെന്നാണ് വിശദീകരണം.
കാരണമൊന്നും അറിയിക്കാതെ ഓസ്ലോയിലെ എംബസി വെനസ്വേല അടച്ചുപൂട്ടിയതായി നോർവെ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. വെനസ്വേലൻ ജനതയുടെ ജനാധിപത്യ അവകാശങ്ങൾക്കായി അക്ഷീണം പ്രവർത്തിക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ചാണ് നോർവീജിയൻ നൊബേൽ കമ്മിറ്റി മചാഡോക്ക് പുരസ്കാരം സമ്മാനിച്ചത്. അതേസമയം, വെനസ്വേലയുടെ ഇടതുപക്ഷ സർക്കാറിനെ താഴെയിറക്കാൻ പ്രവർത്തിക്കുന്ന വലതുപക്ഷക്കാരിയെന്ന വ്യാപക വിമർശനം ഇവർക്കെതിരെ ഉയരുകയുണ്ടായി. തനിക്ക് കിട്ടിയ സമ്മാനം വെനസ്വേലൻ ജനതക്കും അത് കിട്ടാതെ പോയ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനും സമർപിക്കുന്നുവെന്ന് മചാഡോ പറഞ്ഞിരുന്നു. ‘ദുർ മന്ത്രവാദിനി’ എന്നാണ് ഇവരെ വെനസ്വേലൻ നേതാവ് നികളസ് മദൂറോ വിശേഷിപ്പിച്ചത്.
എംബസി അടച്ചുപൂട്ടിയ തീരുമാനത്തെ ‘ഖേദകരം’ എന്ന് നോർവെ വിദേശകാര്യ മന്ത്രാലയം വിശേഷിപ്പിച്ചു. നിരവധി വിഷയങ്ങളിൽ തങ്ങൾക്ക് അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടെങ്കിലും, വെനിസ്വേലയുമായി സംഭാഷണം തുറന്നിടാൻ നോർവേ ആഗ്രഹിക്കുന്നുവെന്നും ഈ ദിശയിലുള്ള പ്രവർത്തനങ്ങൾ തുടരുമെന്നും മന്ത്രാലയ വക്താവ് പറഞ്ഞു. നോബൽ സമ്മാനത്തിൽ നോർവീജിയൻ സർക്കാറിന് പങ്കില്ലെന്നും വക്താവ് കൂട്ടിച്ചേർത്തു.
യു.എസ് സഖ്യകക്ഷിയായ ആസ്‌ട്രേലിയയിലെ തങ്ങളുടെ എംബസി നേരത്തെ വെനസ്വേല അടച്ചുപൂട്ടിയിരുന്നു. പകരം ആഫ്രിക്കൻരാജ്യങ്ങളായ സിംബാബ്‌വെയിലും ബുർക്കിന ഫാസോയിലും പുതിയ ഔട്ട്‌പോസ്റ്റുകൾ തുറന്നു. ‘സമഗ്രാധിപത്യത്തിനെതിരായ പോരാട്ടത്തിലെ തന്ത്രപരമായ പങ്കാളികൾ’ എന്ന് അവരെ വിശേഷിപ്പിക്കുകയും ചെയ്തു. വെനസ്വേലയും യു.എസും തമ്മിലുള്ള സംഘർഷാവസ്ഥക്കിടയിലാണ് രണ്ട് അടുത്ത യു.എസ് സഖ്യകക്ഷികളായ രാജ്യങ്ങളിലെ എംബസികൾ മദൂറോ സർക്കാർ അടച്ചുപൂട്ടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.