വാഷിങ്ടണ്‍: സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയ 'ഡസ്റ്റിങ്' ചാലഞ്ച് പരീക്ഷിച്ച 19കാരി യു.എസിൽ മരിച്ചു. അരിസോണ സ്വദേശിയായ റെന്ന ഓ റൂര്‍ക്കിയാണ് മരിച്ചത്. സോഷ്യൽ മീഡിയയിൽ കൂടുതൽ കാഴ്ചക്കാരെ ലഭിക്കാനായാണ് റെന 'ഡസ്റ്റിങ്' എന്നും 'ക്രോമിങ്' എന്നും പേരുള്ള ചാലഞ്ച് പരീക്ഷിച്ചത്. കീ ബോര്‍ഡ് വൃത്തിയാക്കാന്‍ ഉപയോഗിക്കുന്ന സ്‌പ്രേ ശ്വസിച്ചുകൊണ്ടുള്ള ചാലഞ്ചാണ് ഡസ്റ്റിങ്.
വീഡിയോകള്‍ക്ക് കൂടുതല്‍ റീച്ച് ലഭിക്കാനായി പലരും ഈ ചലഞ്ച് പരീക്ഷിച്ചിരുന്നു. ഇത് അനുകരിച്ച റെനക്ക് ഹൃദയാഘാതമുണ്ടായി. ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഒരാഴ്ചയോളം അബോധാവസ്ഥയില്‍ ആശുപത്രിയില്‍ കഴിഞ്ഞതിനുശേഷം റെന മരണത്തിന് കീഴടങ്ങുകയായിരുന്നു.
'താന്‍ പ്രശസ്തയാകും, കണ്ടോളൂ' എന്ന് റെന എപ്പോഴും പറയുമായിരുന്നുവെന്ന് പിതാവ് ടെലിവിഷൻ ചാനലിനോട് പറഞ്ഞു. ദൗര്‍ഭാഗ്യവശാല്‍ ഈ തരത്തിലാണ് അവളെ കുറിച്ച് എല്ലാവരും അറിഞ്ഞതെന്ന് റെന്നയുടെ പിതാവ് ആരോണ്‍ പറഞ്ഞു.
ഇത്തരം സ്‌പ്രേ വാങ്ങുന്നതിന് കുട്ടികള്‍ക്ക് പോലും തടസമില്ല. തിരിച്ചറിയല്‍ കാര്‍ഡൊന്നും വേണ്ടി വരുന്നില്ലെന്നും റെനയുടെ മാതാവ് ഡാന ആരോപിച്ചു. ഇത്തരം സ്‌പ്രേകള്‍ ഈ തരത്തില്‍ ഉപയോഗിക്കുന്നതിലെ അപകടത്തെ കുറിച്ച് എല്ലാവരും അറിഞ്ഞിരിക്കണമെന്നും മറ്റൊരു കുട്ടിയും ഇനി ഇരയാകരുതെന്നും മാതാപിതാക്കള്‍ പറഞ്ഞു.
സ്‌പ്രേയിലെ രാസവസ്തുക്കള്‍ ശ്വാസകോശത്തിലെയും ശരീരത്തിലെയും ഓക്‌സിജനെ ഇല്ലാതാക്കുമെന്നും ഡസ്റ്റിങ് ചാലഞ്ച് വലിയ അപകടമാണെന്നും ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇത് കരള്‍, ഹൃദയം, ശ്വാസകോശം എന്നിവയുടെ പ്രവര്‍ത്തനത്തെ ബാധിച്ചേക്കാമെന്നും ആരോഗ്യ വിദഗ്ധർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.