സാമ്പത്തിക ഉപരോധം കടുപ്പിച്ച് അമേരിക്ക; ഇറാനുമായി ബന്ധമുള്ള രാജ്യങ്ങളെ ഡോളർ സംവിധാനത്തിൽ നിന്ന് പുറത്താക്കും

വാഷിങ്ടൺ: ഇറാനെതിരെയുള്ള സാമ്പത്തിക ഉപരോധങ്ങൾ കർശനമാക്കി അമേരിക്ക. തിങ്കളാഴ്ച നടന്ന വാർത്താസമ്മേളനത്തിൽ യു.എസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് പുതിയ ഉപരോധങ്ങളെ കുറിച്ച് വിശദീകരിച്ചു. ഇറാനിലേക്കുള്ള എല്ലാ സാമ്പത്തിക സ്രോതസ്സുകളും പൂർണമായി തടയുക എന്നതാണ് ഉപരോധത്തിനെറ പ്രധാന ലക്ഷ്യമെന്ന് ബെസന്റ് വ്യക്തമാക്കി. കൂടാതെ ഇറാനുമായി ഇടപാടുകൾ സാമ്പത്തിക ബന്ധങ്ങൾ വിച്ഛേദിക്കാൻ തയാറാകാത്ത രാജ്യങ്ങൾക്കും കനത്ത ഉപരോധങ്ങൾ നേരിടേണ്ടി വരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

ഇറാനുമായി പണമിടപാടുകൾ നടത്തുന്നതിനോ കള്ളപ്പണം വെളുപ്പിക്കുന്നതിനോ സഹായിക്കുന്ന രാജ്യങ്ങളെ യു.എസ് ഡോളർ സംവിധാനത്തിൽ നിന്ന് പൂർണമായി പുറത്താക്കുമെന്നും ട്രഷറി സെക്രട്ടറി വ്യക്തമാക്കി. അമേരിക്കൻ ഔദ്യോഗിക വൃത്തങ്ങളുടെ വിവരമനുസരിച്ച്, ഇറാൻ ഭരണകൂടത്തെ സഹായിക്കുന്നതായി ആരോപിക്കപ്പെടുന്ന 60 സ്ഥാപനങ്ങൾ, കപ്പലുകൾ, വ്യക്തികൾ എന്നിവർക്കും എണ്ണ വരുമാനത്തിനും പുറമേ, ഡിജിറ്റൽ ആസ്തികൾ, സാങ്കേതികവിദ്യ, സ്വർണം, വ്യോമയാനം, ഷിപ്പിങ് എന്നീ അഞ്ച് നിർണായക മേഖലകളെ പുതിയ ഉപരോധങ്ങൾ ലക്ഷ്യമിടും.

പുതിയ ഉപരോധങ്ങൾ ഏതൊക്കെ രാജ്യങ്ങളെയാണ് ബാധിക്കുകയെന്ന് ബെസെന്റ് വ്യക്തമായി എടുത്തു പറഞ്ഞിട്ടില്ലെങ്കിലും, ഈ സംഘർഷാവസ്ഥയിൽ ഇരുഭാഗത്തും ഒരേസമയം നിൽക്കുന്ന രീതി ഇനി സാധിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഇറാനുമായി ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക സഹകരണങ്ങൾ അമേരിക്കയുടെ കടുത്ത നടപടികൾക്ക് കാരണമാകും.

അതേസമയം യു.എസും ഇസ്രായേലും ചേർന്ന് ആക്രമണം ആരംഭിച്ചതിനുശേഷം ഇറാനിയൻ നാണയമായ റിയാലിന്റെ മൂല്യം വൻതോതിൽ ഇടിഞ്ഞിട്ടുണ്ട്. യു.എസ് ഡോളറിനെതിരെ റിയാലിന്റെ മൂല്യം റെക്കോർഡ് താഴ്ചയിലാണ് എത്തിനിൽക്കുന്നത്. രാജ്യത്ത് വിലക്കയറ്റം അതിരൂക്ഷമായതിനെത്തുടർന്ന് നിത്യോപയോഗ സാധനങ്ങളുടെ വില കുത്തനെ ഉയർന്നു. ഇത് സാധാരണക്കാരുടെ ജീവിതം കൂടുതൽ ദുസ്സഹമാക്കിയിരിക്കുകയാണ്.

എന്നാൽ അമേരിക്ക പുതിയ സാമ്പത്തിക ഉപരോധങ്ങൾ പ്രഖ്യാപിച്ചതിന് പിന്നാലെ ശക്തമായ തിരിച്ചടി നൽകുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. വാഷിങ്ടണിന്റെ ഈ സമ്മർദ തന്ത്രങ്ങൾ തങ്ങളുടെ പ്രധാന വ്യാപാര പങ്കാളികൾ ചെറുത്തുതോൽപ്പിക്കുമെന്നും, മറ്റ് രാജ്യങ്ങളുമായി ബന്ധങ്ങൾ നിയന്ത്രിക്കാനുള്ള സാമ്പത്തിക സ്ഥിതിയിലല്ല അമേരിക്കയെന്നും ഇറാനിയൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഖിർ ഖാലിബഫ് വ്യക്തമാക്കി.

അമേരിക്കയുടെ ഭീഷണികൾ ആരും കാര്യമാക്കില്ലെന്നും, മറ്റ് രാജ്യങ്ങളുമായുള്ള ബന്ധം തടയാൻ അവർക്ക് സാധിക്കില്ലെന്നും ഖാലിബഫ് പറഞ്ഞു. തങ്ങളുടെ വ്യാപാര പങ്കാളികൾ ഈ വിഷയത്തിൽ തങ്ങൾക്ക് പിന്തുണ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അമേരിക്ക നടപ്പിലാക്കാൻ ശ്രമിക്കുന്നത് ഒരു സാമ്പത്തിക ഭീകരവാദമാണെന്നും, എന്നാൽ അതിനെ പ്രതിരോധിക്കാൻ തങ്ങൾ പൂർണ സജ്ജമാണെന്നും ഇറാനിയൻ സാമ്പത്തിക മന്ത്രി അലി മദനിസാദെ സ്റ്റേറ്റ് ടെലിവിഷനോട് പറഞ്ഞു. ചൈനയോ റഷ്യയോ യു.എസിന്റെ ഈ നടപടികൾ അംഗീകരിച്ചിട്ടില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.

അമേരിക്കയുടെ പുതിയ സാമ്പത്തിക നടപടികൾ പ്രഖ്യാപിക്കുന്നതിന് മുൻപ് തന്നെ ഗൾഫ് മേഖലയിലെ എണ്ണ കയറ്റുമതി വെട്ടിക്കുറക്കു​മെന്നും സൈനികമായ തിരിച്ചടി നൽകുമെന്നും ഇറാൻ ഭീഷണി മുഴക്കിയിരുന്നു. യു.എസും ഇസ്രായേലും ഇറാനിൽ ആക്രമണം നടത്തി ആറ് മാസത്തോളം പിന്നിടുമ്പോഴും ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷത്തിന് അയവുവന്നിട്ടില്ല. എന്നാൽ യു.എസിന്റെയും അന്താരാഷ്ട്ര സമൂഹത്തിന്റെയും കടുത്ത ഉപരോധങ്ങൾ വർഷങ്ങളായി നേരിടുന്ന ഇറാൻ, നിലവിലെ പ്രതിസന്ധികളെയും സാമ്പത്തിക വെല്ലുവിളികളെയും നേരിടാൻ സ്വന്തം തന്ത്രങ്ങൾ രൂപീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ട്. 

Tags:    
News Summary - US slaps new sanctions on Iran, warns Tehran trade partners

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.