പാർലമെന്റിനെ മറികടന്ന് പാകിസ്താനിൽ അസിം മുനീറിന്റെ നീക്കം; സൗദി അറേബ്യയിലേക്ക് കൂടുതൽ സൈനികർ
ഇസ്‍ലാമാബാദ്: സൗദി അറേബ്യയിലേക്ക് കൂടുതൽ സൈനികരെ അയക്കാൻ പാകിസ്താൻ സൈനിക മേധാവി അസിം മുനീർ അംഗീകാരം നൽകി. പ്രധാനമന്ത്രി ശഹബാസ് ഷെരീഫിനെയും പാർലമെന്റിനെയും മറികടന്നാണ് നീക്കമെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഹൂതി ആക്രമണം ശക്തമായതോടെ മക്ക പ്രതിരോധ കരാറിന്റെ ഭാഗമായാണ് വിന്യാസം വേഗത്തിലാക്കുന്നത്.
സൗദി അറേബ്യ, തുർക്കിയ, പാകിസ്താൻ എന്നീ രാജ്യങ്ങൾ ആഗസ്റ്റിൽ ഒപ്പുവെച്ച മക്ക പ്രതിരോധ കരാറാണ് നടപ്പിലാക്കുന്നത്. ഹൂതികൾ സൗദിക്ക് നേരെ ആക്രമണം കടുപ്പിച്ച സാഹചര്യത്തിലാണിത്. കരാർ പ്രകാരം മേയ് മാസത്തോടെ തന്നെ പാകിസ്താൻ 8,000 ഓളം സൈനികരെ സൗദിയിൽ വിന്യസിച്ചിരുന്നു.
11 വർഷം മുൻപ് ഹൂതി സംഘർഷത്തിൽ നിന്ന് വിട്ടുനിൽക്കാൻ പാക് പാർലമെന്റ് തീരുമാനിച്ചിരുന്നു. ആ തീരുമാനത്തെ മറികടന്നാണ് ഇപ്പോഴത്തെ സൈനിക വിന്യാസം. വിവാദ തീരുമാനത്തിന് പിന്നാലെ പാക് വാർത്താവിതരണ മന്ത്രാലയം നൽകിയ വിശദീകരണവുമായി രംഗത്തെത്തിയിട്ടുണ്ട്.
ഈ സൈനിക നീക്കം ആവശ്യമായ എല്ലാ സർക്കാർ നടപടിക്രമങ്ങളും പൂർത്തിയാക്കിയാണ്. എന്നാൽ മന്ത്രിസഭയോ പാർലമെന്റോ ഇതിൽ പങ്കാളിയായോ എന്ന ചോദ്യത്തിന് മന്ത്രാലയത്തിന് വ്യക്തമായ ഉത്തരമില്ല. സൈനിക വിന്യാസത്തിന്റെ വിശദാംശങ്ങൾ പ്രവർത്തനപരമായ രഹസ്യമാണെന്നാണ് ഔദ്യോഗിക നിലപാട്.
പാകിസ്താനിൽ ഇപ്പോൾ സാഹചര്യം മാറിയെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. മുൻകാലങ്ങളിൽ പാർലമെന്റ് സൈന്യത്തെ അയക്കേണ്ടെന്ന് തീരുമാനിച്ചാൽ പട്ടാളം അത് അനുസരിച്ചിരുന്നു. എന്നാൽ ഇപ്പോൾ പാർലമെന്റ് ദുർബലമാണ്, സൈന്യമാണ് ശക്തമെന്നാണ് അറ്റ്ലാന്റിക് കൗൺസിലിലെ സൗത്ത് ഏഷ്യ സീനിയർ ഫെലോ മൈക്കൽ കുഗൽമാന്‍റെ നിരീക്ഷണം.
ഇസ്‍ലാമാബാദിന്റെ രാഷ്ട്രീയം നിയന്ത്രിക്കുന്നത് പട്ടാളമാണെന്ന ആരോപണം ശക്തമാകുന്നതിനിടെയാണ് പുതിയ നീക്കം. 2025 ൽ ഫീൽഡ് മാർഷലായി സ്ഥാനക്കയറ്റം ലഭിച്ചതോടെ അസിം മുനീർ പാകിസ്താന്റെ സർവ സൈനികാധിപനായി. ഭരണഘടന ഭേദഗതി ചെയ്ത് 2030 വരെ ആ പദവിയിൽ തുടരാൻ അധികാരം നൽകി. പ്രതിരോധം, വിദേശകാര്യം തുടങ്ങിയ നിർണായക വകുപ്പുകളെല്ലാം സൈന്യത്തിന്റെ നിയന്ത്രണത്തിലാണെന്നാണ് വിലയിരുത്തൽ.
അതിനിടെ ജയിലിൽ കഴിയുന്ന മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പാർട്ടിയായ പി.ടി.ഐ സൈന്യത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. സൈന്യം രാഷ്ട്രീയം കൈയടക്കിയിരിക്കുകയാണെന്നാണ് ആരോപണം.
ഇമ്രാൻ ഖാനും മുനീറും തമ്മിലുള്ള ബന്ധം 2019 മുതൽ വഷളായതായാണ് റിപ്പോർട്ട്. ഐ.എസ്.ഐ മേധാവിയായിരുന്ന മുനീറിനെ എട്ട് മാസത്തിനുള്ളിൽ തന്നെ ഇമ്രാൻ ഖാൻ നീക്കിയതാണ് തുടക്കം. 2022 ഏപ്രിലിൽ ഇമ്രാൻ ഖാൻ പുറത്തായതിന് പിന്നാലെ നവംബറിൽ ശഹബാസ് ഷെരീഫ് മുനീറിനെ സൈനിക മേധാവിയായി തിരികെ കൊണ്ടുവരികയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.