മനുഷ്യക്കടത്ത് വിരുദ്ധ പോരാട്ടം; ഒമ്പതാം തവണയും ടയർ-1 പദവി നിലനിർത്തി ബഹ്റൈൻ

മനാമ: മനുഷ്യക്കടത്ത് തടയുന്നതിനും തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും നടത്തുന്ന മികച്ച പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിന്റെ വാർഷിക റിപ്പോർട്ടിൽ ബഹ്റൈൻ തുടർച്ചയായ ഒൻപതാം വർഷവും ഉയർന്ന റാങ്കായ 'ടയർ-1' പദവി നിലനിർത്തി. ലോകത്തിലെ 188 രാജ്യങ്ങളുടെ പ്രവർത്തനങ്ങൾ വിലയിരുത്തി തയ്യാറാക്കിയ റിപ്പോർട്ടിലാണ് ബഹ്റൈൻ ഈ നേട്ടം കൈവരിച്ചത്.

അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കും മികച്ച മാതൃകകൾക്കും അനുസൃതമായി മനുഷ്യക്കടത്തിനെതിരെ ശക്തമായ പ്രതിരോധ സംവിധാനങ്ങൾ രാജ്യത്ത് നടപ്പിലാക്കാൻ സാധിച്ചതാണ് ഈ നേട്ടത്തിന് പിന്നിലെ പ്രധാന ഘടകം. ബഹ്റൈന്റെ ഈ തുടർച്ചയായ നേട്ടം രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ നേതൃത്വത്തിലും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ നിർദ്ദേശ പ്രകാരവും നടപ്പിലാക്കുന്ന മികച്ച നയങ്ങളുടെയും നിയമനിർമ്മാണങ്ങളുടെയും ഫലമാണെന്ന് എൽ.എം.ആർ.എ ചീഫ് എക്സിക്യൂട്ടീവും മനുഷ്യക്കടത്ത് വിരുദ്ധ ദേശീയ സമിതി അധ്യക്ഷനുമായ നിബ്രാസ് താലിബ് വ്യക്തമാക്കി.

തൊഴിലാളികളുടെ വേതന സുരക്ഷ ഉറപ്പാക്കൽ, ജോലിസ്ഥലങ്ങളിലെ പരിശോധനകൾ ശക്തമാക്കൽ, എക്സ്പാറ്റ് പ്രൊട്ടക്ഷൻ സെന്റർ വഴിയുള്ള നിയമ-സംരക്ഷണ സഹായങ്ങൾ തുടങ്ങിയവയിലൂടെ ശക്തമായൊരു മുൻകരുതൽ സംവിധാനം രാജ്യത്തുണ്ടെന്ന് നിബ്രാസ് താലിബ് ചൂണ്ടിക്കാട്ടി.

ഇരയാക്കപ്പെടുന്നവരെ കണ്ടെത്തുന്ന നിമിഷം മുതൽ അവർക്ക് ആവശ്യമായ സംരക്ഷണം, പുനരധിവാസം, അല്ലെങ്കിൽ സ്വമേധയാ ഉള്ള മടങ്ങിപ്പോക്ക് എന്നിവ ഉറപ്പാക്കാൻ ഈ സംവിധാനം സഹായിക്കുന്നു. പ്രാദേശികമായും അന്താരാഷ്ട്രതലത്തിലുമുള്ള പങ്കാളിത്തം ഉറപ്പാക്കാനും പരിശീലനങ്ങൾ നൽകാനും പ്രാദേശിക പരിശീലന കേന്ദ്രം നിർണായക പങ്ക് വഹിക്കുന്നുണ്ട്. 

Tags:    
News Summary - Bahrain Retains Tier-1 Status in Anti-Human Trafficking for 9th Time

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.