മേജർ ജനറൽ തുർക്കി അൽ മാലിക്കി
യമനിൽ പോരാട്ടം കനക്കുന്നു; ഹൂതി റോക്കറ്റ് വിക്ഷേപണ സംവിധാനങ്ങൾ തകർത്തതായി തുർക്കി അൽ മാലിക്കി
സനഅ/റിയാദ് : യമനിലെ ഹൂതി വിഭാഗം സൗദി അറേബ്യയെ ലക്ഷ്യമാക്കി നടത്തുന്ന ആക്രമണങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ വർധിച്ച സാഹചര്യത്തിൽ അറബ് സഖ്യസേന കൂടുതൽ കനത്ത തിരിച്ചടി നൽകിയതയി റിപ്പോർട്ട്. യമനിലെ ഹൂതി വിമതർ ഉപയോഗിച്ചിരുന്ന മൂന്ന് റോക്കറ്റ് വിക്ഷേപണ സംവിധാനങ്ങൾ സഖ്യസേന തകർത്തതായി സേനാ വക്താവ് മേജർ ജനറൽ തുർക്കി അൽ മാലിക്കി കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ ഔദ്യോഗിക 'എക്സ്' പ്ലാറ്റ്ഫോമിലൂടെ അറിയിച്ചു.
മേഖലാ സുരക്ഷക്ക് ഭീഷണിയാകുന്ന രീതിയിൽ ഹൂതി വിമതർ ഈ റോക്കറ്റ് വിക്ഷേപണ സംവിധാനങ്ങൾ ഉപയോഗിച്ചിരുന്നു. സാധാരണക്കാർക്ക് നേരെയുള്ള ഹൂതികളുടെ ആക്രമണങ്ങളെ ശക്തമായി നേരിടുമെന്നും ഒരു വിട്ടുവീഴ്ചക്കും തയാറല്ലെന്നും സഖ്യസേനയുടെ വക്താവ് വ്യക്തമാക്കി.
'സാധാരണക്കാർക്കും സിവിലിയൻ കേന്ദ്രങ്ങൾക്കും നേരെയുള്ള ഹൂതികളുടെ ആക്രമണങ്ങളെ ശക്തമായി നേരിടും' അൽ മാലിക്കി കൂട്ടിച്ചേർത്തു. അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിൻ്റെ പ്രധാന പാതയായ ബാബ് അൽ മന്ദബ് കടലിടുക്കിന് സമീപമുള്ള പ്രദേശങ്ങൾ ഉൾപ്പെടെ, യമൻ്റെ പടിഞ്ഞാറൻ തീരപ്രദേശത്ത് (ചെങ്കടൽ തീരം) ഹൂതികളും യമൻ സർക്കാർ സേനയും തമ്മിലുള്ള പോരാട്ടം ശക്തമായിട്ടുണ്ടെന്നതാണ് വിവിധ വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്തത്.
കഴിഞ്ഞ ദിവസങ്ങളിൽ റിയാദിലെ കിംങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ തുടർച്ചയായി രണ്ട് ആക്രമണങ്ങൾ നടന്നതായി സൗദി അറേബ്യയുടെ സിവിൽ ഏവിയേഷൻ അതോറിറ്റി വെള്ളിയാഴ്ച സ്ഥിരീകരിച്ചു. ഈ ആക്രമണങ്ങളിൽ സൗദി അറേബ്യൻ എയർലൈൻസ് പൈലറ്റ് ക്യാപ്റ്റൻ ഹമൂദ് അൽ കൽതാമി ഉൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെട്ടതായും അതോറിറ്റി ഇറക്കിയ വർത്ത കുറിപ്പിൽ അറിയിച്ചു.
വിവിധ രാജ്യക്കാരായ നിരവധി പൗരന്മാർക്കും താമസക്കാർക്കും ആക്രമണ ത്തിൽ നിസ്സാരമായതും ഗുരുതരമായതുമായ പരിക്കുകൾ പറ്റിയതായും അവർക്ക് അടിയന്തര വൈദ്യസഹായം ലഭ്യമാക്കുന്നതിനായി ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റിയതായും അതോറിറ്റി അറിയിച്ചു. ആക്രമണങ്ങൾ മൂലം വിവിധ രീതിയിലുള്ള ഭൗതികമായ നാശനഷ്ടങ്ങളും സംഭവിച്ചിട്ടുണ്ടെന്ന് അതോറിറ്റി വ്യക്തമാക്കി.
ആദ്യ ആക്രമണം വിമാനത്താവളത്തിലെ സൗകര്യങ്ങളെ ലക്ഷ്യമിട്ടായിരുന്നെങ്കിൽ, രണ്ടാമത്തെ ആക്രമണം സൗദിയ എയർലൈൻസിൻ്റെ ഒരു വിമാനത്തെയാണ് ലക്ഷ്യമിട്ട തെന്നും അതോറിറ്റി വ്യക്തമാക്കി. കിംങ് ഖാലിദ് വിമാനത്താവളത്തിലെ തങ്ങളുടെ പ്രവർത്തനങ്ങൾ വ്യാഴാഴ്ച വൈകുന്നേരം 6:00-ഓടെ സാധാരണ നിലയിലായെന്ന് 'സൗദിയ' ഗ്രൂപ്പ് സ്ഥിരീകരിച്ചു. അതേസമയം വിമാന സമയക്രമങ്ങളിൽ ഉണ്ടാകുന്ന മാറ്റങ്ങൾ നിരീക്ഷിക്കുന്നതും ഔദ്യോഗിക ചാനലുകൾ വഴി യാത്രക്കാരുമായി ആശയവിനിമയം നടത്തുന്നതും തുടരുന്നതായും സിവിൽ ഏവിയേഷൻ ജനറൽ അതോറിറ്റി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.