യുഎഇക്ക് സമീപം എണ്ണക്കപ്പലിന് നേരെ ഡ്രോൺ ആക്രമണം; 22 ഇന്ത്യൻ നാവികരും സുരക്ഷിതരെന്ന് മന്ത്രി
ന്യൂഡൽഹി: യുഎഇക്ക് സമീപം നങ്കൂരമിട്ടിരുന്ന എണ്ണക്കപ്പലിന് നേരെയുണ്ടായ ഡ്രോൺ ആക്രമണം. സംഭവത്തിൽ കപ്പലിലുണ്ടായിരുന്ന 22 ഇന്ത്യൻ നാവികരും സുരക്ഷിതരാണെന്ന് കേന്ദ്ര ഷിപ്പിങ് മന്ത്രി സർബാനന്ദ സോനോവാൾ അറിയിച്ചു. പനാമയുടെ പതാകയേന്തിയ എംടി ജെം 2 എന്ന ക്രൂഡ് ഓയിൽ ടാങ്കറിന് നേരെയാണ് ഒക്ടോബർ 9ന് ആക്രമണമുണ്ടായത്. എല്ലാ നാവികരും സുരക്ഷിതരാണെന്ന് മന്ത്രി എക്സിലൂടെ അറിയിച്ചു.
നാവികരുടെ സുരക്ഷ ഉറപ്പാക്കാൻ കപ്പലിന്റെ മാനേജ്മെന്റ് കമ്പനിയുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. ആക്രമണത്തിന് പിന്നിൽ ആരാണെന്നോ സംഭവത്തിന്റെ കൂടുതൽ വിശദാംശങ്ങളോ അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല.
അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിന് ഭീഷണിയായി മാറിയ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ സംഭവം. ഗൾഫ് മേഖലയിലും കരിങ്കടലിലും അടുത്ത കാലത്തായി ചരക്കുകപ്പലുകൾക്കും എണ്ണക്കപ്പലുകൾക്കും നേരെയുള്ള ആക്രമണങ്ങൾ വർധിച്ചുവരികയാണ്. ഇത് ആഗോള കടൽ വ്യാപാരത്തെയും കപ്പൽ ജീവനക്കാരുടെ സുരക്ഷയെയും സംബന്ധിച്ച് വലിയ ആശങ്ക ഉയർത്തുന്നുണ്ട്.
ഈ സാഹചര്യത്തിലാണ് കടൽ ഗതാഗത സുരക്ഷ ഉറപ്പാക്കാൻ പുതിയ അന്താരാഷ്ട്ര കൂട്ടായ്മക്ക് ഇന്ത്യ മുൻകൈയെടുത്തത്. ‘ഗ്രൂപ്പ് ഓഫ് ഫ്രണ്ട്‌സ് ഓൺ സേഫ്റ്റി ആൻഡ് സെക്യൂരിറ്റി ഓഫ് ഷിപ്പിംഗ് ആൻഡ് സീഫെയറേഴ്സ്’ എന്ന പേരിലുള്ള കൂട്ടായ്മയുടെ ലക്ഷ്യങ്ങളും പ്രവർത്തന രീതിയും വിദേശകാര്യ മന്ത്രാലയം വെള്ളിയാഴ്ച വിശദീകരിച്ചു.
കടൽ വ്യാപാരത്തിൽ സജീവമായ രാജ്യങ്ങളെയും ലോകത്തിന് ഏറ്റവും കൂടുതൽ നാവികരെ സംഭാവന ചെയ്യുന്ന രാജ്യങ്ങളെയും ഒരുമിപ്പിച്ച് സുരക്ഷ ശക്തമാക്കുകയാണ് ഈ കൂട്ടായ്മയുടെ പ്രധാന ലക്ഷ്യമെന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു. ചരക്കുകപ്പലുകൾക്കും ജീവനക്കാർക്കും നേരെയുള്ള ആക്രമണങ്ങൾ അന്താരാഷ്ട്ര വേദികളിൽ പ്രധാന ചർച്ചാ വിഷയമാക്കുകയും ഇത്തരം ആക്രമണങ്ങൾ തടയുന്നതിനുള്ള സംയുക്ത നടപടികൾ സ്വീകരിക്കുകയുമാണ് ഉദ്ദേശ്യം.
കൂട്ടായ്മയുടെ ആദ്യ യോഗം ന്യൂയോർക്കിൽ ചേർന്നു. വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറും ലൈബീരിയൻ വിദേശകാര്യ മന്ത്രി സാറ ബെയ്സോലോ ന്യാന്റിയും ചേർന്നാണ് യോഗത്തിന് അധ്യക്ഷത വഹിച്ചത്. 25 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു. ഗൾഫിലും കരിങ്കടലിലും കപ്പലുകൾക്ക് നേരെ നടക്കുന്ന ആക്രമണങ്ങളെ യോഗം ശക്തമായി അപലപിച്ചു. ഇത്തരം ആക്രമണങ്ങൾ ആഗോള കടൽ വ്യാപാരത്തെ തടസ്സപ്പെടുത്തുകയും കപ്പൽ ജീവനക്കാരുടെ ജീവന് നേരിട്ട് ഭീഷണിയാകുകയും ചെയ്യുന്നുവെന്ന് ഇന്ത്യയും ലൈബീരിയയും ചൂണ്ടിക്കാട്ടി. ഇത്തരം ആക്രമണങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്നും ഇരു രാജ്യങ്ങളും സംയുക്തമായി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.