പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച് യു.എസ്; ഇന്ത്യക്ക് ഐക്യദാർഢ്യം

വാഷിംങ്ടൺ: പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച് യു.എസ്. അമേരിക്ക ഇന്ത്യക്കൊപ്പം നിൽക്കുന്നുവെന്നും എല്ലാ ഭീകരപ്രവർത്തനങ്ങളെയും ശക്തമായി അപലപിക്കുന്നുവെന്നും സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വക്താവ് ടാമി ബ്രൂസ് പറഞ്ഞു.

‘ജീവൻ നഷ്ടപ്പെട്ടവർക്കും പരിക്കേറ്റവരുടെ തിരിച്ചുവരവിനും വേണ്ടി ഞങ്ങൾ പ്രാർത്ഥിക്കുന്നു. ഈ ഹീനമായ പ്രവൃത്തിയുടെ കുറ്റവാളികളെ നീതിയുടെ മുന്നിൽ കൊണ്ടുവരണമെന്ന് ആവശ്യപ്പെടുന്നു’ - ബ്രൂസ് കൂട്ടിച്ചേർത്തു. ആക്രമണത്തിന് പിന്നിൽ പാകിസ്താനാണെന്ന് യു.എസ് കരുതുന്നുണ്ടോ എന്നും രാജ്യങ്ങൾ തമ്മിലുള്ള സംഘർഷം ലഘൂകരിക്കാൻ ശ്രമിക്കുന്നതിൽ യു.എസ് എന്തെങ്കിലും പങ്ക് വഹിക്കുന്നുണ്ടോ എന്നും ഉള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി സാഹചര്യത്തിന്റെ തീവ്രത കണക്കിലെടുത്താണ് ഈ വിഷയം എടുത്തുപറഞ്ഞതെന്നും എന്നാൽ, ഇപ്പോൾ കൂടുതൽ അഭിപ്രായങ്ങളൊന്നും പറയില്ലെന്നും ടാമി ബ്രൂസ് പറഞ്ഞു.

‘എനിക്ക് നിങ്ങളോട് പറയാൻ കഴിയുന്നത്, നമുക്കെല്ലാവർക്കും അറിയാവുന്നതുപോലെ ഇത് അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ഒരു സാഹചര്യമാണെന്നും നിങ്ങൾ സങ്കൽപ്പിക്കുന്നതുപോലെ ഞങ്ങൾ അത് സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും ആണ്. തീർച്ചയായും, കശ്മീരിന്റെയോ ജമ്മുവിന്റെയോ അവസ്ഥയെക്കുറിച്ച് ഞങ്ങൾ ഇപ്പോൾ ഒരു നിലപാട് എടുക്കുന്നില്ല. അതിനാൽ ഇന്ന് എനിക്ക് പറയാൻ കഴിയുന്നതിന്റെ വ്യാപ്തി ഇതായിരിക്കും’ എന്നവർ പ്രതികരിച്ചു. പ്രസിഡന്റ് ഡൊണൾഡ് ട്രംപ് തന്റെ ആദ്യ ടേമിൽ ഇന്ത്യക്കും പാകിസ്താനും ഇടയിൽ മധ്യസ്ഥത വഹിക്കാൻ വാഗ്ദാനം ചെയ്തിരുന്നോ എന്ന് ചോദിച്ചപ്പോൾ, ‘ഞാനത് പരാമർശിക്കുന്നില്ല... ’എന്നും അവർ പറഞ്ഞു.

കശ്മീരിലെ പഹൽഗാം പട്ടണത്തിന് സമീപം തീവ്രവാദികൾ നടത്തിയ വെടിവെപ്പിൽ ഇരുപത്തിയാറ് സാധാരണക്കാർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും വിനോദസഞ്ചാരികളായിരുന്നു.

Tags:    
News Summary - US slams 'heinous' Pahalgam terror attack, vows solidarity with India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.