മോഹൻ ഭാഗവതിന്റെ ന്യൂയോർക്ക് പരിപാടി: സൊഹ്റാൻ മംദാനിക്കെതിരെ രൂക്ഷവിമർശനവുമായി യു.എസ് ഗായിക

ന്യൂയോർക്ക്: ആർ.എസ്.എസ് തലവൻ മോഹൻ ഭാഗവത് പങ്കെടുക്കുന്ന ന്യൂയോർക്കിലെ മാഡിസൺ സ്ക്വയർ ഗാർഡനിലെ പരിപാടിക്കെതിരെ രംഗത്തുവന്ന ന്യൂയോർക്ക് സിറ്റി മേയർ സൊഹ്റാൻ മംദാനിക്കും മറ്റ് വിമർശകർക്കുമെതിരെ പ്രമുഖ അമേരിക്കൻ ഗായികയും നടിയുമായ മേരി മിൽബെൻ. പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ഭാരതീയ ജനതാ പാർട്ടിയോടുമുള്ള കടുത്ത വിദ്വേഷമാണ് ഇത്തരത്തിലുള്ള എതിർപ്പുകൾക്ക് പിന്നിലെന്ന് ആഫ്രിക്കൻ-അമേരിക്കൻ ഗായിക ആരോപിച്ചു.

എക്സിൽ പങ്കുവെച്ച പോസ്റ്റിലാണ് മംദാനിക്കും മറ്റ് വിമർശകർക്കുമെതിരെ മിൽബെൻ ആഞ്ഞടിച്ചത്. ‘മോഹൻ ഭാഗവത് പങ്കെടുക്കുന്ന മാഡിസൺ സ്ക്വയർ ഗാർഡനിലെ പരിപാടിയെ സൊഹ്റാൻ മംദാനിയും മറ്റ് സോഷ്യലിസ്റ്റ് അനുകൂലികളും എതിർക്കുന്നത് അവർക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ബി.ജെ.പിയോടുമുള്ള എതിർപ്പ് കൊണ്ടാണ്. സോഷ്യലിസം പിന്തുടരുന്ന ഇവർക്ക് മുതലാളിത്തം എന്താണെന്ന് മനസ്സിലായിട്ടില്ല’- അവർ കുറിച്ചു. മാഡിസൺ സ്ക്വയർ ഗാർഡൻ സോഷ്യലിസ്റ്റുകളുടെ ആക്രോശങ്ങൾക്ക് മറുപടി നൽകില്ലെന്നും മുതലാളിത്തത്തെയാണ് അത് അനുസരിക്കുന്നതെന്നും വ്യക്തമാക്കിയ അവർ, അതുകൊണ്ടുതന്നെ ഈ പരിപാടി നടക്കുമെന്നും കൂട്ടിച്ചേർത്തു.

അതേസമയം, വൺനെസ്സ് എന്ന റാലി പേര് തനിക്ക് ഇഷ്ടമാണെന്നും, നമ്മൾ ഒരേ കുടുംബമാണെന്നും പറഞ്ഞ അവർ, ഇന്ത്യയിലെ മതസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള അർത്ഥവത്തായ സംഭാഷണങ്ങൾ ഈ റാലിയിൽ ഉൾപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നതായും വ്യക്തമാക്കി. ജനഗണമനയും ‘ഓം ജയ് ജഗദീശ ഹരേ’യും ആലപിച്ച് ഇന്ത്യയിൽ ഏറെ ജനപ്രീതി നേടിയ കലാകാരിയാണ് മേരി മിൽബെൻ. 2023ൽ വാഷിങ്ണിലെ റൊണാൾഡ് റീഗൻ കെട്ടിടത്തിൽ പ്രധാനമന്ത്രി മോദിയുടെ പ്രസംഗത്തിന് തൊട്ടുമുമ്പ് അവർ ഇന്ത്യയുടെ ദേശീയഗാനം ആലപിച്ചിരുന്നു.

ന്യൂയോർക്കിലെ ആർ.എസ്.എസ് പരിപാടി

വെള്ളിയാഴ്ച മാൻഹട്ടനിൽ നടക്കുന്ന പരിപാടിയിൽ ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത് സംസാരിക്കുമെന്ന് പരിപാടിയുടെ വെബ്‌സൈറ്റ് വ്യക്തമാക്കുന്നു. ആഗസ്റ്റ് 29ലെ ഈ ഒത്തുചേരലിനെ ഹിന്ദു അമേരിക്കൻ സമൂഹത്തെ ഒരുമിച്ചുചേർക്കുന്ന ‘യൂണിവേഴ്സൽ വൺനെസ് സെലിബ്രേഷൻ’ എന്നാണ് വെബ്‌സൈറ്റ് വിശേഷിപ്പിക്കുന്നത്. പങ്കിട്ട പൈതൃകവും മതസൗഹാർദ്ദവും പ്രോത്സാഹിപ്പിക്കുന്ന ഈ പരിപാടിക്ക് നിരവധി ഹിന്ദു അമേരിക്കൻ സംഘടനകളുടെ പിന്തുണയുണ്ടെന്ന് സംഘാടകരായ ‘അമേരിക്കൻ ഹിന്ദുസ് ഫോർ എൻഗേജ്മെന്റ് ആൻഡ് ഡയലോഗ്’ അറിയിച്ചു.

പരിപാടിക്കെതിരായ വിമർശനങ്ങൾ

മോഹൻ ഭാഗവതിന്റെ പങ്കാളിത്തവും ആർ.എസ്.എസിന്റെ ചരിത്രവും ചൂണ്ടിക്കാട്ടി നിരവധി പ്രാദേശിക സംഘടനകൾ പരിപാടിയുടെ സംഘാടകർക്കെതിരെ രംഗത്തുവന്നിട്ടുണ്ട്. പരിപാടിക്കെതിരെ ശബ്ദമുയർത്തിയവരിൽ പ്രമുഖനാണ് മേയർ സൊഹ്റാൻ മംദാനിയും. താൻ ഈ റാലിയെ പിന്തുണക്കുന്നില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, എന്നാൽ ഒരു സ്വകാര്യ പരിപാടി റദ്ദാക്കാൻ നഗരത്തിന് അധികാരമുണ്ടോ എന്ന് തനിക്കറിയില്ലെന്നും പറഞ്ഞു.

Tags:    
News Summary - US Singer Slams Mamdani Over RSS Event Opposition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.