വാഷിങ്ടൺ: ഇറാന്റെ മേൽ ഏർപ്പെടുത്തിയ ഉപരോധം തിരിച്ചടിയായതോടെ, ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കടത്തു പാതയായ ഹുർമുസ് കടലിടുക്ക് തുറക്കാനാവാതെ അമേരിക്കൻ പ്രതിരോധം പതറുന്നു. യുദ്ധത്തെത്തുടർന്ന് രണ്ട് മാസമായി അടഞ്ഞുകിടക്കുന്ന കടലിടുക്ക് തുറക്കാൻ സഖ്യകക്ഷികളുടെ സഹായം തേടുകയാണ് വാഷിങ്ടൺ. ഇതിനായി 'മാരിടൈം ഫ്രീഡം കൺസ്ട്രക്ട്' എന്ന പേരിൽ ഒരു അന്താരാഷ്ട്ര സഖ്യം രൂപീകരിക്കാനാണ് അമേരിക്കയുടെ നീക്കം. ആഗോള എണ്ണ-വാതക വിതരണത്തിന്റെ 20 ശതമാനവും കടന്നുപോകുന്ന ഈ സുപ്രധാന പാത തടസ്സപ്പെട്ടതോടെ അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുതിച്ചുയരുകയാണ്
അമേരിക്കയുടെ ഉപരോധവും ഇറാൻ തിരിച്ചടിയും ശക്തമായതോടെ അന്താരാഷ്ട്ര വിപണിയിൽ ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 120 ഡോളർ കടന്നു. 2022 മാർച്ചിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. യുദ്ധം ആരംഭിച്ച ശേഷം എണ്ണവില ഇരട്ടിയായി വർദ്ധിച്ചത് ആഗോളതലത്തിൽ പണപ്പെരുപ്പം രൂക്ഷമാകാനും ഇന്ധനവില നിയന്ത്രണാതീതമാകാനും കാരണമായിട്ടുണ്ട്.
ഇതിനിടെ ഇറാനെ ചർച്ചക്ക് പ്രേരിപ്പിക്കാൻ കൂടുതൽ സൈനിക നീക്കങ്ങൾക്ക് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് തയ്യാറെടുക്കുന്നതായി റിപ്പോർട്ടുകളുണ്ട്. "ഇനി വിട്ടുവീഴ്ചയില്ല" എന്ന കുറിപ്പോടെ തോക്കേന്തി നിൽക്കുന്ന തന്റെ ചിത്രം ട്രംപ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു. ഇറാന്റെ ആണവപദ്ധതികൾ അവസാനിപ്പിക്കണമെന്ന ആവശ്യത്തിൽ ട്രംപ് ഉറച്ചുനിൽക്കുകയാണ്. എന്നാൽ ഇറാൻ മുന്നോട്ട് വെച്ച ഉപാധികളിൽ ആണവായുധത്തെ കുറിച്ച് പരാമർശിച്ചിട്ടില്ല.
അമേരിക്കയും ഇസ്രായേലും നടത്തുന്ന വ്യോമാക്രമണങ്ങളും സാമ്പത്തിക ഉപരോധവും ഇറാന്റെ സമ്പദ്‌വ്യവസ്ഥയെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഇറാനിയൻ കറൻസിയുടെ മൂല്യം റെക്കോർഡ് താഴ്ചയിലെത്തി. രാജ്യത്ത് പണപ്പെരുപ്പം 65.8 ശതമാനമായി വർദ്ധിച്ചതായാണ് കണക്കുകൾ.
ഇതിനിടെ അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം ലഘൂകരിക്കാൻ പാകിസ്താൻ മധ്യസ്ഥശ്രമങ്ങൾ തുടരുകയാണ്. നിലവിൽ ആഭ്യന്തരതലത്തിൽ ഇന്ധനവില വർദ്ധിക്കുന്നതും യുദ്ധച്ചെലവ് 25 ബില്യൺ ഡോളർ കവിഞ്ഞതും ട്രംപ് ഭരണകൂടത്തിന് വലിയ രാഷ്ട്രീയ വെല്ലുവിളിയായി മാറിയിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.