വാഷിങ്ടൺ: യുക്രെയ്ൻ യുദ്ധത്തിൽ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന് ലക്ഷ്യം നേടാൻ കഴിയില്ലെന്ന് അമേരിക്കൻ സൈനിക രഹസ്യാന്വേഷണ വിഭാഗം വ്യക്തമാക്കി. പുടിൻ നേരത്തെ പ്രഖ്യാപിച്ച ലക്ഷ്യം തിരുത്തുമെന്നാണ് താൻ കരുതുന്നതെന്ന് പെന്റഗൺ ഇന്റലിജൻസ് മേധാവി ലെഫ്റ്റനന്റ് ജനറൽ സ്കോട്ട് ബെറിയർ പറഞ്ഞു.
''സെപ്റ്റംബർ തുടക്കം മുതൽ യുക്രെയ്ൻ നടത്തിയ പ്രത്യാക്രമണത്തിൽ റഷ്യക്ക് കനത്ത തിരിച്ചടി നേരിട്ടു. വടക്കുകിഴക്കൻ മേഖലയിലെ വലിയ പ്രദേശത്ത് അവർക്ക് ആധിപത്യം നഷ്ടപ്പെട്ടു. പുടിൻ ഒരു തീരുമാനമെടുക്കാൻ നിർബന്ധിതനായിരിക്കുകയാണ്. എന്താണാ തീരുമാനമെന്ന് തനിക്കറിയില്ല. എന്നാൽ, യുദ്ധം എത്രനാൾ തുടരുമെന്നത് വൈകാതെ എടുക്കാനിരിക്കുന്ന ആ തീരുമാനത്തെ അടിസ്ഥാനമാക്കിയാകും'' -സ്കോട്ട് ബെറിയർ കൂട്ടിച്ചേർത്തു. അതിനിടെ റഷ്യ വടക്കുകിഴക്കൻ യുക്രെയ്നിൽ പുതിയ പ്രതിരോധനിര സ്ഥാപിക്കുമെന്ന് യുദ്ധവിദഗ്ധരും പാശ്ചാത്യ പ്രതിരോധ അധികൃതരും പറഞ്ഞു.
മിക്കവാറും ഖാർകിവിൽനിന്ന് 150 കിലോമീറ്റർ അകലെ ഓസ്കിൽ നദി മുതൽ സ്വാറ്റോവ് വരെ പുതിയ പ്രതിരോധ നിര രൂപപ്പെടുത്തും. ഖാർകിവ്, ഇസിയം മേഖലയിൽ ആധിപത്യം നഷ്ടപ്പെട്ടതോടെ സൈന്യത്തിന് ആയുധവും അവശ്യവസ്തുക്കളും എത്തിക്കുന്ന വഴിയടഞ്ഞ് റഷ്യ പ്രതിസന്ധി നേരിടുന്നുണ്ട്. അതുകൊണ്ടുതന്നെ തന്ത്രപ്രധാനമായ പുതിയ പാതയിൽ അവർ പിടിമുറുക്കാൻ ഇടയുണ്ടെന്നാണ് വിലയിരുത്തൽ.
ബ്രസൽസ്: കഴിഞ്ഞ രണ്ടാഴ്ചയിലെ യുക്രെയ്നിന്റെ പ്രത്യാക്രമണം ഫലപ്രദമായിരുന്നെങ്കിലും യുദ്ധം അവസാനിക്കുന്നതിന്റെ ലക്ഷണമായി ഇതിനെ കണക്കാക്കാൻ കഴിയില്ലെന്ന് നാറ്റോ മേധാവി സ്റ്റോൽട്ടെൻബെർഗ് പറഞ്ഞു. വടക്കുകിഴക്കൻ മേഖലയിലേക്ക് സാധനങ്ങൾ എത്തിക്കുന്ന റെയിൽ താവളം നഷ്ടമായത് റഷ്യക്ക് കനത്ത തിരിച്ചടിയാണ്. എന്നാൽ, യുദ്ധം അവസാനിക്കുന്നതിന്റെ തുടക്കമാണ് ഇതെന്ന് മനസ്സിലാക്കാൻ കഴിയില്ല. നാം ദീർഘകാലത്തേക്ക് തയാറായിരിക്കണമെന്ന് ബി.ബി.സി റേഡിയോക്ക് നൽകിയ അഭിമുഖത്തിൽ നാറ്റോ മേധാവി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.