വാഷിങ്ടൺ/തെഹ്‌റാൻ: അമേരിക്കയും ഇറാനും തമ്മിലുള്ള വെടിനിർത്തൽ കരാർ 16-ാം ദിവസത്തിലേക്ക് കടക്കുമ്പോഴും ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര പ്രതിസന്ധി രൂക്ഷമാകുന്നു. ഇറാൻ തങ്ങളുടെ കൈവശമുള്ള യുറേനിയം പൂർണമായും കൈമാറണമെന്ന കർശനമായ ആവശ്യം യു.എസ് മുന്നോട്ട് വെച്ചതോടെ വെടിനിർത്തൽ കരാറിന്റെ ഭാവി അനിശ്ചിതത്വത്തിലായിരിക്കുകയാണ്.
നിലവിൽ വെടിനിർത്തൽ കരാർ പ്രാബല്യത്തിലുണ്ടെന്ന് വൈറ്റ് ഹൗസ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നിരുന്നാലും, ഇറാന് മേൽ സാമ്പത്തിക സമ്മർദ്ദം ചെലുത്തുന്ന ‘ഓപ്പറേഷൻ ഇക്കണോമിക് റേജ്’ യു.എസ് തുടരുകയാണ്. ഇറാൻ കീഴടങ്ങണമെന്നും യുറേനിയം കൈമാറണമെന്നുമാണ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിലപാട്. ഇറാന് താൻ ‘ഉദാരമായ ഒരു വാഗ്ദാനം’ നൽകിയിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.
ബുധനാഴ്ച, ട്രംപ് വെടിനിർത്തൽ കാലാവധി നീട്ടിയിരുന്നെങ്കിലും പുതിയ സമയപരിധി നിശ്ചയിച്ചിട്ടില്ല. ഇത് നയതന്ത്രപരമായ ആശയക്കുഴപ്പങ്ങൾക്ക് കാരണമായിട്ടുണ്ട്. ഇരുരാജ്യങ്ങൾക്കുമിടയിലെ സംഘർഷം ലഘൂകരിക്കുന്നതിനായി പാകിസ്താൻ പുതിയ മധ്യസ്ഥ ശ്രമങ്ങൾ ആരംഭിച്ചതായാണ് റിപ്പോർട്ടുകൾ. ഇറാന്റെ ഭാഗത്തുനിന്ന് അനുകൂലമായ പ്രതികരണം ഉണ്ടാകാത്ത പക്ഷം മേഖലയിലെ സ്ഥിതിഗതികൾ കൂടുതൽ സങ്കീർണമാകാനാണ് സാധ്യതയെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.
അമേരിക്കയുമായുള്ള വെടിനിർത്തൽ കരാർ നിലനിൽക്കെ ഹോർമുസ് കടലിടുക്കിന് സമീപം ഇറാന്റെ റെവല്യൂഷണറി ഗാർഡ് രണ്ട് കപ്പലുകൾ പിടിച്ചെടുത്തതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇറാന്റെ ഈ നടപടിയെ ‘കടൽക്കൊള്ള’ എന്നാണ് വൈറ്റ് ഹൗസ് വിശേഷിപ്പിച്ചത്. ഇറാന്റെ തുറമുഖങ്ങളിലേക്കുള്ള നീക്കം തടയാൻ അമേരിക്കൻ നാവികസേന ശക്തമായ ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ട്.
ഇതുവരെ 31 കപ്പലുകളെ അമേരിക്കൻ സേന തടയുകയോ തിരിച്ചയക്കുകയോ ചെയ്തിട്ടുണ്ട്. ഈ പ്രതിസന്ധികൾക്കിടെ അമേരിക്കൻ നേവി സെക്രട്ടറി ജോൺ സി. ഫെലൻ അപ്രതീക്ഷിതമായി രാജി വെച്ചു. കപ്പൽ നിർമാണ പദ്ധതികളിലെ തർക്കങ്ങളാണ് ഇതിന് കാരണമായി പറയപ്പെടുന്നത്. നിലവിൽ ഹങ് കാവോ ആണ് നേവി സെക്ട്രറിയുടെ താൽക്കാലിക ചുമതല വഹിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.