വാഷിങ്ടൺ: കടലിലും കരയിലും യുദ്ധങ്ങൾ നയിച്ച് അമേരിക്കൻ നാവിക സേനയുടെ അവിഭാജ്യ ഘടകമായിരുന്ന യു.എസ്.എസ് ബോൻഹോം റിച്ചാഡ് കത്തിയമർന്ന കേസിൽ നാവികനെതിരെ കേസെടുത്ത് യു.എസ് നാവിക സേന. സാൻ ഡീഗോ തുറമുഖത്ത് നിർത്തിയിട്ട യുദ്ധക്കപ്പലിൽ ആളിപ്പടർന്ന തീ നാലു നാളിലേറെ എടുത്ത് അണച്ചെങ്കിലും നന്നാക്കാനാവാത്ത വിധം നാശം പറ്റിയതോടെ ഉപേക്ഷിക്കേണ്ടിവന്നിരുന്നു.
കഴിഞ്ഞ വർഷം ജൂലൈ 12നാണ് കപ്പലിനുള്ളിൽ തീ പടർന്നത്. 25 കോടി ഡോളർ ചെലവിട്ട് അറ്റകുറ്റപ്പണികളും ആധുനികീകരണവും പൂർത്തിയാകുന്നതിനിടെയായിരുന്നു സംഭവം. അമേരിക്കൻ നാവിക സേനയുടെ ചരിത്രത്തിലെ ഏറ്റവും വലിയ അഗ്നിബാധയാണിത്. നാവിക സേനാംഗമാണ് തീ കൊളുത്തിയത്. ഇദ്ദേഹത്തിനെതിരെ കേസ് എടുത്തിട്ടുണ്ടെങ്കിലും പേരു വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. പുനരുപയോഗത്തിന് സാധ്യമല്ലാത്ത വിധം നശിച്ച കപ്പൽ പിന്നീട് ആക്രിയാക്കി ഉപേക്ഷിക്കുകയായിരുന്നു.
14 തട്ടുകളുള്ള, 40,000 ടൺ ഭാരമുള്ളതാണ് യുദ്ധക്കപ്പൽ. തുറന്ന ഭാഗങ്ങളിലൂടെ പുക പുറത്തുവന്നപ്പോഴാണ് അഗ്നിബാധ പുറത്തറിഞ്ഞത്. അനേക കിലോമീറ്ററുകൾ ദൂരം പുക പടർന്നത് രക്ഷാദൗത്യം ദുഷ്കരമാക്കി. കപ്പലിനുള്ളിൽ 1,000 ഡിഗ്രി വരെയായി മർദം ഉയർന്നു. ശക്തമായ കാറ്റ് തീ പടരാനിടയാക്കി. വെള്ളത്തിനുമുകളിലായുണ്ടായിരുന്ന കപ്പലിന്‍റെ എല്ലാ നിലുകളും തകർന്നു.
സംഭവം നടക്കുേമ്പാൾ കുറച്ചു ജീവനക്കാർ മത്രമേ അകത്തുണ്ടായിരുന്നുള്ളൂ. അവർ കാര്യമായ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. 16 കപ്പലുകളിലായി 400 നാവികർ ചേർന്നാണ് തീയണക്കാൻ ശ്രമം നടത്തിയത്. ഹെലികോപ്റ്ററുകളും പങ്കാളികളായി.
കപ്പൽ അറ്റകുറ്റപ്പണി നടത്തുന്നത് സംബന്ധിച്ച് തുടക്കത്തിൽ ആലോചനയുണ്ടായിരുന്നുവെങ്കിലും ചെലവ് 250 കോടി ഡോളറിലേറെ വരുമെന്ന് കണ്ടതോടെ ഒഴിവാക്കാമെന്നായി. കഴിഞ്ഞ നവംബറിലാണ് കപ്പൽ ആക്രിയാക്കാൻ അന്തിമ തീരുമാനമുണ്ടായത്. അതിനും മൂന്നു കോടി ഡോളർ നാവിക സേനക്ക് ചെലവ് വരും.
കഴിഞ്ഞ ഏപ്രിലിൽ ഡികമീഷൻ ചെയ്ത കപ്പൽ പാനമ കനാൽ വഴി ടെക്സസിലെത്തിച്ചിട്ടുണ്ട്. കരയിലെയും കടലിലെയും സൈനിക ദൗത്യങ്ങൾക്ക് ഉപയോഗിക്കാൻ ശേഷിയുള്ള 10 യു.എസ് യുദ്ധക്കപ്പലുകളിലൊന്നാണ് യു.എസ്.എസ് ബോൻഹോം റിച്ചാഡ്. അതിന്‍റെ നഷ്ടം രാജ്യത്തിന് ആഘാതമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.