വാഷിംങ്ടൺ: യൂട്ടവാലി സർവകലാശാല ചടങ്ങിനിടെ വെടിയേറ്റു മരിച്ച ചാർലി കിർക്കിന്റെ മരണം സമൂഹമാധ്യമങ്ങളിൽ ആഘോഷിച്ചതിന് ആറ് വിദേശികളുടെ വിസ യു.എസ് റദ്ദാക്കി. അമേരിക്കക്കാരുടെ മരണം ആഗ്രഹിക്കുന്ന വിദേശികളെ സ്വീകരിക്കാൻ യു.എസ് തയ്യാറല്ല എന്ന് വിസ റദ്ദാക്കിയ വിവരം എക്സിലൂടെ അറിയിച്ച സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പറഞ്ഞു. സൗത്ത് ആഫ്രിക്ക, മെക്സിക്കോ, പാരഗ്വേ തുടങ്ങിയ രാജ്യങ്ങളിലുള്ള ആറ് പേരുടെ വിസയാണ് റദ്ദാക്കിയത്. ചാർലിയുടെ മരണം ആഘോഷിക്കുന്നത് തുടർന്നാൽ കർശന നടപടികൾ നേരിടേണ്ടി വരുമെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഇവർ ആറു പേരും സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത വിമർശനങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ചാണ് വിസ റദ്ദാക്കിയ വിവരം അധികൃതർ അറിയിച്ചത്. കിർക്ക് തന്റെ ജീവിതം മുഴുവൻ വംശീയതയും വിദ്വേഷവും സ്ത്രീവിരുദ്ധതയും പ്രചരിപ്പിക്കുകയായിരുന്നു എന്നും നരകത്തിൽ എരിഞ്ഞു തീരാൻ അർഹനാണ് കിർക്കെന്നും ഒരു അർജന്റീനിയൻ പൗരൻ പറഞ്ഞതായും അതുകൊണ്ട് അവരുടെ വിസ റദ്ദാക്കിയെന്നും സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ട്വീറ്റ് ചെയ്തു. കിർക്കിന് മരണാനന്തര ബഹുമതിയായി പ്രസിഡൻഷ്യൽ ‘മെഡൽ ഓഫ് ഫ്രീഡം’ സമ്മാനിച്ച സാഹചര്യത്തിലാണ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിൽ നിന്നും വിസ റദ്ദാക്കിയുള്ള വാർത്ത വന്നത്.
വലതുപക്ഷ പ്രചാരകനായിരുന്ന ചാർലി കിർക്കിന്റെ കൊലപാതകത്തിൽ ആഹ്ലാദിക്കുന്നവർ അനുഭവിക്കേണ്ടിവരുമെന്ന് യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസ് പറഞ്ഞിരുന്നു. ആരെങ്കിലും ചാർലിയുടെ മരണം ആഘോഷമാക്കുന്നുണ്ടെങ്കിൽ അവരെ ഒറ്റപ്പെടുത്തണമെന്നും വാൻസ് ആവശ്യപ്പെട്ടിരുന്നു. ന്യൂയോർക്ക് ടൈംസ് പ്രസിദ്ധീകരിച്ച കണക്ക് പ്രകാരം കിർക്കിന്റെ മരണത്തെ തുടർന്ന് 145 ലധികം ആളുകളെ പിരിച്ചുവിടുകയോ, സസ്‌പെൻഡ് ചെയ്യുകയോ, രാജിവെക്കുകയോ ചെയ്തിട്ടുണ്ടെന്ന് പറയുന്നു.
രാജ്യത്ത് ദശലക്ഷക്കണക്കിന് അനുയായികളും അതിലേറെ വിമർശകരുമുള്ള കൺസർവേറ്റിവ് പാർട്ടി നേതാവായ കിർക്കിന്റെ വധം ഡെമോക്രാറ്റിക്, റിപ്പബ്ലിക്കൻ നേതാക്കൾ കടുത്ത ഭാഷയിൽ അപലപിച്ചിരുന്നു. എന്നാൽ, കിർക്കിന്റെ മരണത്തിൽ നിരവധി പേർ സന്തോഷം പ്രകടിപ്പിക്കുകയും കിർക്കിന്റെ ആശയങ്ങളോടുള്ള എതിർപ്പ് പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ഇതിന്റെ പേരിലാണ് രാജ്യത്ത് നിരവധി പേരെ തൊഴിലിൽനിന്ന് പിരിച്ചുവിടുന്നതുൾപ്പെടെ കർശന നടപടികൾ ഉണ്ടായത്. മാധ്യമ പ്രവർത്തകർ, അക്കാദമിക മേഖലയിലുള്ളവർ, അധ്യാപകർ എന്നിങ്ങനെ ജോലി നഷ്ടമായവർ എല്ലാ മേഖലയിൽനിന്നുള്ളവരുമുണ്ട്.
യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വിശ്വസ്തനും യുവജന സംഘടനയായ ടേണിങ് പോയിന്റ് യു.എസ്.എയുടെ സി.ഇ.ഒയും സഹസ്ഥാപകനുമായിരുന്നു ചാർലി കിർക്ക്. യൂട്ടാലി സർവകലാശാലയിൽ നടന്ന പരിപാടിയിൽ കൂട്ട വെടിവെപ്പിനെ കുറിച്ച് സംസാരിക്കവെയാണ് വെടിവെപ്പ് നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.