ജെഫ്രി എപ്സ്റ്റീൻ
ന്യൂയോർക്ക്: ലോകത്തെ ഏറ്റവും വലിയ സെക്സ് റാക്കറ്റ് തലവന്മാരിൽ ഒരാളായ ജെഫ്രി എപ്സ്റ്റീന്റെ ക്രൂരമായ പീഡനമുറകളെക്കുറിച്ചും ഭീഷണികളെക്കുറിച്ചും ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി മുൻ ഇര രംഗത്ത്. എപ്സ്റ്റീന്റെ മാൻഹട്ടനിലെ ഫ്ലാറ്റിൽ വർഷങ്ങളോളം തടവിലാക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്ത 'അന്യ' (യഥാർത്ഥ പേരല്ല) എന്ന റഷ്യൻ സ്വദേശിനിയായ മുൻ മോഡലാണ് ബിബിസിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ തന്റെ ദുരനുഭവങ്ങൾ തുറന്നുപറഞ്ഞത്.
മോഡലിങ് രംഗത്ത് മികച്ച അവസരങ്ങൾ വാഗ്ദാനം ചെയ്താണ് എപ്സ്റ്റീന്റെ സഹായികൾ അന്യയെ വലയിലാക്കുന്നത്. റഷ്യയിൽ നിന്ന് യൂറോപ്പിലെത്തി ഫെൻഡി, ചാനൽ തുടങ്ങിയ ആഗോള ബ്രാൻഡുകൾക്ക് വേണ്ടി മോഡലിംഗ് ചെയ്തിരുന്ന അന്യയെ കൃത്യമായ ആസൂത്രണത്തിലൂടെയാണ് എപ്സ്റ്റീന്റെ സംഘം പാരീസിൽ വെച്ച് കെണിയിൽപ്പെടുത്തിയത്.
ഏകദേശം പന്ത്രണ്ടോളം യുവതികളാണ് എപ്സ്റ്റീന്റെ ഫ്ലാറ്റിൽ ഒരേസമയം 'അസിസ്റ്റന്റുമാർ' എന്ന പേരിൽ കഴിഞ്ഞിരുന്നത്. ഇരുപത്തിനാല് മണിക്കൂറും ഇവർ എപ്സ്റ്റീന്റെ ആജ്ഞകൾക്കായി കാത്തുനിൽക്കണമായിരുന്നു. ഇവരുടെ സാമ്പത്തിക സ്രോതസ്സുകൾ നിയന്ത്രിച്ചും, മൊബൈൽ ഫോണുകൾ ചോർത്തിയുമാണ് എപ്സ്റ്റീൻ ഇവരെ അടിമകളാക്കി വെച്ചിരുന്നത്. ആരെങ്കിലും രക്ഷപ്പെടാൻ ശ്രമിച്ചാൽ ഭീമമായ തുക നഷ്ടപരിഹാരം ആവശ്യപ്പെട്ട് സ്വകാര്യ ഡിറ്റക്ടീവുകളെ ഉപയോഗിച്ച് അവരെ വേട്ടയാടുമായിരുന്നു. ഇരകളുടെ അർദ്ധനഗ്നമായ ചിത്രങ്ങളും വീഡിയോകളും പകർത്തി 'ബ്ലാക്ക്‌മെയിൽ ലൈബ്രറി' തന്നെ അയാൾ സൂക്ഷിച്ചിരുന്നു. എപ്സ്റ്റീനെ പുകഴ്ത്തിക്കൊണ്ട് നിരന്തരം കത്തുകൾ എഴുതാൻ ഇവർ നിർബന്ധിതരായിരുന്നു.
ശരീരത്തിൽ കൗമാരപ്രായത്തിൽ ചെയ്ത ഒരു ചെറിയ ടാറ്റൂ നീക്കം ചെയ്യാൻ ലേസർ ചികിത്സയ്ക്ക് സമയം എടുക്കുമെന്നതിനാൽ, എപ്സ്റ്റീന്റെ നിർദ്ദേശപ്രകാരം ഡോക്ടർ കത്തി ഉപയോഗിച്ച് ആ ചർമ്മം മുറിച്ചുമാറ്റിയ ക്രൂരതയും അന്യ ഓർത്തെടുത്തു. ഇത് ശരീരത്തിൽ വലിയ പാടുകൾ ഉണ്ടാക്കിയതായും അവർ കാണിച്ചു. എപ്സ്റ്റീന്റെ പീഡന ശൃംഖലയിലേക്ക് പുതിയ പെൺകുട്ടികളെ എത്തിക്കാൻ പഴയ ഇരകളെ തന്നെ അയാൾ നിർബന്ധിച്ചിരുന്നു. ഇതൊരു വലിയ ശൃംഖലയായി മാറിയിരുന്നതായും അവർ കണ്ണീരോടെ പറഞ്ഞു.
ബിൽ ഗേറ്റ്സ്, ബിൽ ക്ലിന്റൺ തുടങ്ങിയ ലോകനേതാക്കളും പ്രമുഖരും എപ്സ്റ്റീന്റെ ഫ്ലാറ്റിൽ സന്ദർശനം നടത്തിയിരുന്നതായും ഇത് എപ്സ്റ്റീന്റെ ക്രൂരതകൾക്ക് ഒരുതരം നിയമസാധുത നൽകാൻ സഹായിച്ചതായും അന്യ വെളിപ്പെടുത്തി. 2008-ൽ കൗമാരക്കാരിയെ പീഡിപ്പിച്ച കേസിൽ എപ്സ്റ്റീൻ ശിക്ഷിക്കപ്പെട്ടതിന് ശേഷം, കിഴക്കൻ യൂറോപ്പിൽ നിന്നുള്ള മുതിർന്ന സ്ത്രീകളെയാണ് അയാൾ പ്രധാനമായും ലക്ഷ്യമിട്ടിരുന്നത്.
2019-ൽ ജയിലിൽ വെച്ച് എപ്സ്റ്റീൻ ദുരൂഹസാഹചര്യത്തിൽ മരിച്ചതിന് ശേഷമാണ് അന്യയ്ക്ക് ആ നരകത്തിൽ നിന്നും മോചനം ലഭിക്കുന്നത്. എപ്സ്റ്റീന്റെ ഇരകൾക്കായുള്ള പ്രത്യേക ഫണ്ടിൽ നിന്നും അന്യയ്ക്കും മറ്റ് സഹായികൾക്കും പിന്നീട് നഷ്ടപരിഹാരം ലഭിച്ചിരുന്നു. സമാനമായ രീതിയിൽ ക്രൂരമായ നിയന്ത്രണങ്ങളിലും പീഡനങ്ങളിലും അകപ്പെട്ടുപോകുന്ന ലോകത്തെ മറ്റ് സ്ത്രീകൾക്ക് ധൈര്യം നൽകാനാണ് ഇപ്പോൾ വെളിപ്പെടുത്തൽ നടത്തുന്നതെന്ന് അന്യ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.