വാഷിംങ്ടൺ: വരും മാസങ്ങളിൽ യൂറോപ്പിലുള്ള തങ്ങളുടെ നിരവധി കോൺസുലേറ്റുകൾ അടച്ചുപൂട്ടാൻ യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് തയ്യാറെടുക്കുകയാണെന്നും ആഗോളതലത്തിൽ ജീവനക്കാരുടെ എണ്ണം കുറക്കാൻ ശ്രമിക്കുകയാണെന്നും റിപ്പോർട്ട്.
മനുഷ്യാവകാശം, അഭയാർഥികൾ, ആഗോള നീതി, സ്ത്രീ പ്രശ്‌നങ്ങൾ, മനുഷ്യക്കടത്ത് തടയാനുള്ള ശ്രമങ്ങൾ തുടങ്ങി വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന യു.എസ് ആസ്ഥാനത്തുള്ള നിരവധി വിദഗ്ധ ബ്യൂറോകളെ ലയിപ്പിക്കാനും സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് ആലോചിക്കുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു.
സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പൂട്ടാൻ പരിഗണിക്കുന്ന ചെറിയ കോൺസുലേറ്റുകളുടെ പട്ടികയിൽ ജർമനിയിലെ ലീപ്സിഗ്, ഹാംബർഗ്, ഡസ്സൽഡോർഫ്, ഫ്രാൻസിലെ ബോർഡോ, സ്ട്രാസ്ബർഗ്, ഇറ്റലിയിലെ ഫ്ലോറൻസ് എന്നിവ ഉൾപ്പെടുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
തുർക്കിയിലെ തെക്കുകിഴക്കൻ നഗരമായ ഗാസിയാൻടെപ്പിലെ തങ്ങളുടെ ശാഖ അടച്ചുപൂട്ടാൻ പദ്ധതിയിടുന്നതായി ഡിപ്പാർട്ട്മെന്റ് കോൺഗ്രസിനെ അറിയിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. വടക്കൻ സിറിയയിലെ മാനുഷിക പ്രവർത്തനങ്ങൾക്ക് യു.എസ് പിന്തുണ നൽകിയിരുന്ന സ്ഥലമാണിത്.
അമേരിക്കൻ ജനതക്കുവേണ്ടി ആധുനിക വെല്ലുവിളികളെ നേരിടാൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് തങ്ങളുടെ ആഗോള നിലപാട് വിലയിരുത്തുന്നത് തുടരുന്നതായി ഒരു സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് പറഞ്ഞു. ലോകമെമ്പാടുമുള്ള 270 ലധികം നയതന്ത്ര ദൗത്യങ്ങളിൽ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പ്രവർത്തിക്കുന്നു. മൊത്തം 70,000 ത്തോളം ജീവനക്കാരുണ്ടെന്ന് അതിന്റെ വെബ്‌സൈറ്റ് പറയുന്നു.
ഡോണൾഡ് ട്രംപും അദ്ദേഹത്തിന്റെ സഹായി ഇലോൺ മസ്‌കും ചെലവ് ചുരുക്കൽ ശ്രമം അഴിച്ചുവിട്ടതിനാൽ, ലോകമെമ്പാടുമുള്ള യു.എസ് ദൗത്യ ഏജൻസികളോട് കുറഞ്ഞത് 10ശതമാനം ജീവനക്കാരെയെങ്കിലും കുറക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തിരുന്നു. യു.എസ് സർക്കാർ വളരെ വലുതാണെന്നും അമേരിക്കൻ നികുതിദായകരുടെ ധനസഹായം പാഴായതും വഞ്ചനാപരവുമായ രീതിയിൽ ചെലവഴിച്ചുവെന്നുമാണ് ട്രംപും മസ്‌കും ഉന്നയിക്കുന്നത്.
രാജ്യത്തിന്റെ ഉദ്യോഗസ്ഥ വൃന്ദം ‘അമേരിക്ക ഫസ്റ്റ്’ എന്ന തന്റെ അജണ്ടയുമായി പൂർണമായും യോജിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് ട്രംപിന്റെ ശ്രമം. ഇതിന്റെ ഭാഗമായി യു.എസ് വിദേശകാര്യ സേവനം നവീകരിക്കുന്നതിനുള്ള ഒരു എക്സിക്യൂട്ടിവ് ഉത്തരവ് കഴിഞ്ഞ മാസം പുറപ്പെടുവിച്ചിരുന്നു. വിശ്വസ്തരല്ലെന്ന് കരുതുന്ന ഉദ്യോഗസ്ഥരെ പുറത്താക്കിക്കൊണ്ട് ‘ശുദ്ധീകരണം’ നടത്തുമെന്ന് തന്റെ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ട്രംപ് ആവർത്തിച്ച് പ്രതിജ്ഞയെടുക്കുകയുണ്ടായി.
യു.എസിന്റെ നയതന്ത്രപരമായ മുദ്രകളിലെ വെട്ടിക്കുറവുകളും ആഗോളതലത്തിൽ കോടിക്കണക്കിന് ഡോളർ സഹായം നൽകിയിരുന്ന യു.എസ് എയ്ഡ് ഇല്ലാതാക്കലും അമേരിക്കൻ നേതൃത്വത്തെ ദുർബലപ്പെടുത്തുമെന്നും ചൈന, റഷ്യ തുടങ്ങിയ എതിരാളികൾക്കു മുന്നിൽ അപകടകരമായ ശൂന്യത അവശേഷിപ്പിക്കുമെന്നും വിമർശകർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.