ഇറാന്‍റെ തിരിച്ചടിയിൽ പിടിച്ചുനിൽക്കാനാവാതെ അമേരിക്കൻ സൈന്യം: ഹോട്ടലുകളിൽ അഭയം തേടി സൈനികർ

വാഷിങ്ടൺ : കോവിഡ് മഹാമാരിയുടെ കാലത്താണ് ലോകത്ത് `വർക്ക് ഫ്രം ഹോം' അഥവാ റിമോട്ട് വർക്കിങ് വലിയ രീതിയിൽ പ്രചാരം നേടിയത്. എന്നാൽ ഇപ്പോൾ സമാനമായി പശ്ചിമേഷ‍്യയിലെ അമേരിക്കന്‍ സൈനികർ ഇതിന്‍റെ മറ്റൊരു പതിപ്പ് അനുഭവിക്കുന്നുണ്ടെന്നാണ് പുറത്തുവരുന്ന പുതിയ റിപ്പോർട്ടുകൾ. ഇസ്രായേൽ-അമേരിക്ക ആക്രമണത്തിന് തിരിച്ചടിയായി മേഖലയിലെ യു.എസ് താവളങ്ങൾക്ക് നേരെ ഇറാൻ നടത്തിയ ആക്രമണം പല അമേരിക്കൻ സൈനികരെയും വിവിധ ഹോട്ടലുകളിലേക്കും ഓഫീസ് കെട്ടിടങ്ങളിലേക്കും മാറാൻ നിർബന്ധിതരാക്കിയെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. യുദ്ധവിമാനങ്ങൾ പ്രവർത്തിപ്പിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന പൈലറ്റുമാരും ക്രൂ അംഗങ്ങളും ഒഴികെ കരസേനയുടെ ഭൂരിഭാഗവും `റിമോട്ട് വർക്കിങ്' ചെയ്തുകൊണ്ടാണ് യുദ്ധം നയിക്കുന്നതെന്നാണ് വിവരം.

ചിതറിപ്പോയ സൈനികരെ കണ്ടെത്താൻ ശ്രമിക്കുന്ന ഇറാന്റെ എലൈറ്റ് സൈനിക വിഭാഗമായ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐ.ആർ.ജി.സി) ഇവരുടെ പുതിയ ലൊക്കേഷനുകൾ റിപ്പോർട്ട് ചെയ്യാൻ പൊതുജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. `അമേരിക്കന്‍ സൈനികരെ കണ്ടെത്തേണ്ടതുണ്ട് അതിനാൽ അവർക്ക് ഹോട്ടലുകളിൽ അഭയം നൽകരുതെന്നും അവരുടെ ലൊക്കേഷനുകളിൽ നിന്ന് വിട്ടുനിൽക്കണമെന്നും ഞങ്ങൾ ജനങ്ങളോട് അഭ്യർഥിക്കുന്നു' ഐ.ആർ.ജി.സി അറിയിച്ചു.

എന്നാൽ അമേരിക്കൻ പ്രതിരോധ വകുപ്പിന്റെ ആസ്ഥാനമായ പെന്റഗൺ ഈ ഭീഷണി വകവെക്കാതെ യുദ്ധവുമായി മുന്നോട്ട് പോവുകയാണ്. ബുധനാഴ്ച പെന്റഗണിൽ നടന്ന പ്രാർത്ഥനാ യോഗത്തിൽ ഡിഫൻസ് സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് സൈനികർക്കായി പ്രാർത്ഥന നടത്തിയതായാണ് വിവരം. സൈനികരെ താൽക്കാലിക കേന്ദ്രങ്ങളിലേക്ക് മാറ്റുന്നത് യുദ്ധത്തിനായുള്ള ട്രംപ് ഭരണകൂടത്തിന്റെ തയ്യാറെടുപ്പുകളെക്കുറിച്ചുള്ള ചോദ്യങ്ങൾ ഉയർത്തുന്നുണ്ടെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. കടുത്ത വ്യോമാക്രമണങ്ങൾക്കിടയിലും ഇറാന് ഇപ്പോഴും ശക്തമായ തിരിച്ചടി നൽകാനുള്ള ശേഷിയുണ്ടെന്ന് ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് ചെയർമാൻ ജനറൽ ഡാൻ കെയ്ൻ ഓർമിപ്പിച്ചു.

അതേ സമയം അമേരിക്കൻ സൈനികരെ ഹോട്ടലുകളിൽ താമസിപ്പിക്കുന്നതിലൂടെ യു.എസ് സൈന്യം പൗരന്‍മാരെ മനുഷ്യകവചമായി ഉപയോഗിക്കുകയാണെന്ന് ഇറാൻ ആരോപിച്ചു. തങ്ങളുടെ എല്ലാ താവളങ്ങളും തകർക്കപ്പെട്ടതോടെ അമേരിക്കൻ കമാൻഡർമാരും സൈനികരും ഒളിത്താവളങ്ങളിൽ അഭയം പ്രാപിച്ചിരിക്കുകയാണെന്നും അവരെ പുറത്താക്കാൻ പ്രാദേശിക ജനത സഹകരിക്കണമെന്നും ഇറാനിയൻ സൈനിക വക്താവ് ലഫ്റ്റനന്റ് കേണൽ ഇബ്രാഹിം സോൾഫഗാരി അഭ‍്യർഥിച്ചിട്ടുണ്ട്. യു.എസ് താവളങ്ങൾക്ക് പുറമെ എംബസികളെയും എണ്ണ-വാതക ശൃംഖലകളെയും ലക്ഷ്യമിട്ട് ഇറാൻ നൂറുകണക്കിന് ഡ്രോണുകളും മിസൈലുകളും തൊടുത്തുവിട്ടിരുന്നു. ലോകത്തിലെ പ്രധാന വാണിജ്യ പാതയായ ഹുർമുസ് കടലിടുക്ക് അടച്ചതോടെ യുദ്ധത്തിന്റെ ആഘാതം ആഗോളതലത്തിൽ വ്യാപിച്ചു.

ഇറാനുമായി ചർച്ചകൾ നടക്കുന്നുണ്ടെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അവകാശപ്പെടുന്നുണ്ടെങ്കിലും ഇറാൻ ഇത് നിഷേധിച്ചിരിക്കുകയാണ്. ട്രംപ് തന്നോട് തന്നെയാണോ ചർച്ച നടത്തുന്നതെന്ന് ഇറാനിയൻ വക്താവ് പരിഹസിച്ചു. വിപണിയെ ശാന്തമാക്കാനും എണ്ണവില കുറയ്ക്കാനുമാണ് ട്രംപ് വ്യാജ പ്രചരണങ്ങൾ നടത്തുന്നെതെന്ന് അവർ ആരോപിച്ചു.

അതേസമയം, സംഘർഷം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ 1,500 ഓളം സൈനികരെ കൂടി പശ്ചിമേഷ‍്യയിലേക്ക് വിന്യസിക്കാൻ പെന്റഗൺ ഒരുങ്ങുന്നതായി സി.ബി.എസ് ന്യൂസ് റിപ്പോർട്ട് ചെയ്തു. ഇറാന്റെ തന്ത്രപ്രധാനമായ തീരപ്രദേശങ്ങൾ പിടിച്ചെടുക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്നാണ് നിഗമനം.

Tags:    
News Summary - US military unable to withstand Iran's retaliation: Soldiers seek shelter in hotels

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.