അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇക്കഴിഞ്ഞ ദിവസമാണ് ഇറാന്റെ ആണവ വിഷയത്തിന് ‘നയതന്ത്ര പരിഹാരം’മുന്നോട്ടുവെച്ചത്. എന്നിട്ടിപ്പോൾ ഇറാനെതിരായ ഇസ്രായേലിന്റെ നിയമവിരുദ്ധ കടന്നാക്രമണത്തിൽ യു.എസും പങ്കുചേർന്നിരിക്കുന്നു. മൂന്ന് ഇറാൻ ആണവ കേന്ദ്രങ്ങൾക്കു നേരെ ‘അതിവിജയകരമായ ആക്രമണ’മാണ് നടത്തിയത് എന്നാണ് ട്രംപിന്റെ ആത്മപ്രശംസ.
സി.എൻ.എൻ നാടകീയമായി അവതരിപ്പിച്ചതുപോലെ, ‘2025 ജൂണിലെ മധ്യവേനൽ രാത്രി മിഡിലീസ്റ്റ് എന്നെന്നേക്കുമായി മാറിയ, ഇസ്രായേലിന്റെ ആണവ ഉന്മൂലന ഭയം നീങ്ങിയ, ഇറാന്റെ ശക്തി നിർവീര്യമാക്കി അമേരിക്ക കുതിച്ചുയർന്ന സന്ദർഭമായി ഓർമിക്കപ്പെടും.
സൈനിക, ആണവ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടതെന്ന് യു.എസ് മാധ്യമങ്ങൾ ചിത്രീകരിക്കുകയും തെഹ്റാനിലെ വീട്ടിൽ കുടുംബത്തോടൊപ്പം ഉറങ്ങുകയായിരുന്ന 23കാരിയായ കവയിത്രി പർനിയ അബ്ബാസി ഉൾപ്പെടെ നൂറുകണക്കിന് സാധാരണക്കാരെ വധിക്കുകയും ചെയ്ത ഇസ്രായേലിന്റെ ഇറാൻ ആക്രമണത്തിന് ‘ആണവ ഉന്മൂലന ഭയ’വുമായി ഒരു ബന്ധവുമില്ല.
ഒരു കല്ലുകൊണ്ട് ഒരുപാട് പക്ഷികളെ കൊല്ലാൻ നോക്കുന്ന ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിനെ സംബന്ധിച്ചിടത്തോളം ആണവ പദ്ധതിയുടെ മറവിൽ ഇറാനെതിരെ നടത്തുന്ന ആക്രമണങ്ങൾ സൗകര്യപ്രദമായ ഒരു യുദ്ധമാണെന്ന് അവരുടെ കൊള്ളയെ ന്യായീകരിക്കാത്ത സകലർക്കും പകൽപോലെ വ്യക്തമാണ്.
കൊടുംപട്ടിണിയുടെ മഹാദുരിതങ്ങളിൽ വലയുന്നതിനിടയിലും ഗസ്സയിലെ നൂറുകണക്കിന് ഫലസ്തീനികൾക്ക് നേരെ മുടക്കമില്ലാതെ തുടരുന്ന വംശഹത്യയിൽനിന്ന് ലോകത്തിന്റെ ശ്രദ്ധ തിരിക്കാനും സ്വന്തം രാജ്യത്തെ ഒട്ടനവധി ആരോപണങ്ങളിൽനിന്ന് രക്ഷപ്പെടാനും നെതന്യാഹുവിന് ഇതുവഴി സാധിച്ചു.
തീർച്ചയായും, ഇറാൻ ദീർഘകാലമായി അമേരിക്കയുടെ ഉന്നത്തിലുണ്ട്. ഐക്യരാഷ്ട്രസഭയിലെ മുൻ യു.എസ് അംബാസഡറും ആദ്യ ട്രംപ് ഭരണകൂടത്തിലെ ദേശീയ സുരക്ഷ ഉപദേഷ്ടാവുമായ ജോൺ ബോൾട്ടൺ 2015ൽ ന്യൂയോർക് ടൈംസിൽ എഴുതിയ ലേഖനത്തിൽ ഇങ്ങനെ ഉപദേശിച്ചിരുന്നു: ‘ഇറാന്റെ ബോംബിനെ തടയാൻ ഇറാനിൽ ബോംബിട്ട് തകർക്കുക’.
അന്താരാഷ്ട്ര നിയമങ്ങളുടെ കടുത്ത ലംഘനമായ അത്തരമൊരു നഗ്നമായ ആഹ്വാനം പ്രസിദ്ധീകരിക്കുന്നതിൽ ഈ പത്രത്തിന്റെ എഡിറ്റർമാർക്ക് തരിമ്പും പ്രശ്നം തോന്നിയില്ല എന്നത് യു.എസ് സമൂഹത്തിലും മാധ്യമങ്ങളിലും ഇറാൻ എത്രമാത്രം പൈശാചികവത്കരിക്കപ്പെട്ടിരിക്കുന്നു എന്നതിന്റെ സൂചനയാണ്.
2002ൽ യു.എസ് പ്രസിഡന്റ് ജോർജ് ഡബ്ല്യു. ബുഷ് തന്റെ കുപ്രസിദ്ധമായ ‘തിന്മയുടെ അച്ചുതണ്ട്’ ആരോപണത്തിൽ ഇറാഖിനും ഉത്തര കൊറിയക്കുമൊപ്പം ഇറാനെയും ചേർത്തിരുന്നുവെന്ന കാര്യവും ഓർമിക്കുക.
യു.എസ് സാമ്രാജ്യത്വത്തിന്റെ വഴിയിലെ മുള്ള് എന്നതിലുപരി അമേരിക്കയെപ്പോലുള്ള മറ്റു ചില അന്താരാഷ്ട്ര കളിക്കാരെ അപേക്ഷിച്ച് ഇറാന്റെ ചെയ്തികൾ വളരെ ചെറുതാണ്. ഉദാഹരണത്തിന്, വംശഹത്യക്കായി ബില്യൺ കണക്കിന് ഡോളർ ധനസഹായം നൽകുന്ന രാജ്യമല്ല ഇറാൻ.
വലതുപക്ഷ ഭരണകൂട ഭീകരതയെ പിന്തുണക്കുന്നതും വിയറ്റ്നാമിൽ കൂട്ടക്കൊല നടത്തുന്നതുമടക്കം ലോകത്തിന്റെ സകല കോണുകളിലും നിരവധി പതിറ്റാണ്ടുകളായി ബോംബാക്രമണം നടത്തുകയും ജനങ്ങളോട് ശത്രുത പുലർത്തുകയും ചെയ്തതും ഇറാനല്ല.
എല്ലാറ്റിനുമുപരി, മിഡിലീസ്റ്റിലെ ഏക ആണവായുധ ശക്തിയും ഇറാനല്ല; മറിച്ച്, ആണവ നിർവ്യാപന ഉടമ്പടിയിൽ (എൻ.പി.ടി) ഒപ്പുവെക്കാൻ വിസമ്മതിക്കുകയും ഒരിക്കൽപോലും തങ്ങളുടെ കേന്ദ്രങ്ങളിലേക്ക് യു.എൻ സുരക്ഷ സംവിധാനങ്ങളുടെ മേൽനോട്ടം അനുവദിക്കാതിരിക്കുകയും ചെയ്യുന്ന ഇസ്രായേലാണ്.
ഭരണകൂടത്തിന്റെ ‘അടിച്ചമർത്തൽ’ സ്വഭാവം ചൂണ്ടിക്കാട്ടി ഇറാനെതിരായ ആക്രമണങ്ങളെ വാഴ്ത്തുന്നവർ ആ രാജ്യത്ത് അടിച്ചമർത്തലിന് ആക്കംകൂട്ടിയ അമേരിക്കൻ ഇടപെടലുകൾ പരിശോധിക്കുന്നത് നന്നായിരിക്കും. 1953ൽ, ഇറാനിലെ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട നേതാവായ മുഹമ്മദ് മുസദ്ദിഖിനെതിരെ സി.ഐ.എ ആസൂത്രണം ചെയ്ത അട്ടിമറിയാണ് കൊടുംപീഡകനായ ഷായുടെ ദീർഘകാലഭരണത്തിന് വഴിയൊരുക്കിയത്.
ചരിത്രകാരൻ എർവാൻഡ് എബ്രഹാമിയൻ തന്റെ ‘എ ഹിസ്റ്ററി ഓഫ് മോഡേൺ ഇറാൻ’ എന്ന പുസ്തകത്തിൽ ഇങ്ങനെ രേഖപ്പെടുത്തുന്നു: ‘ചില പുരുഷന്മാർ പ്ലേബോയ് മാസിക വായിക്കുന്നതുപോലെയാണ് ഷാ അവരുടെ മാന്വലുകൾ ആർത്തിയോടെ വിഴുങ്ങിയിരുന്നത് എന്ന് ആയുധ വ്യാപാരികൾക്കിടയിൽ ഒരു തമാശ പരന്നിരുന്നു’.
നേരുപറഞ്ഞാൽ, അമേരിക്കൻ ആയുധങ്ങൾ അമിതമായി വാങ്ങിക്കൂട്ടിയത് 1979ലെ ഇറാനിയൻ വിപ്ലവം വരെ ഭീകരഭരണം തുടരാൻ ഷായെ വളരെയധികം സഹായിച്ചു. ട്രംപ് ഇപ്പോൾ ബോംബിട്ട് തകർത്ത ഇറാനിയൻ ആണവപദ്ധതി ആര് തുടങ്ങിവെച്ചതാണ്? ഇതേ ഷാ തന്നെ.
ഇപ്പോൾ, മധ്യവേനൽ രാത്രിയിലെ സംഭവങ്ങളിലും മിഡിലീസ്റ്റിലെ പ്രതിസന്ധിയുടെ പൊതുവായ വർധനയിലും ആയുധ വ്യാപാരികൾ ഒട്ടും വിഷമത്തിലല്ല. ട്രംപിന്റെ ‘അതിശക്തമായ തീരുമാനത്തിന്’ നെതന്യാഹു നന്ദി അറിയിച്ചുകഴിഞ്ഞു. നെതന്യാഹുവിന്റെ അഭിപ്രായത്തിൽ, ട്രംപിന്റെ നടപടി ‘ചരിത്രത്തെ മാറ്റിമറിക്കും’.
കൂടുതൽ യുദ്ധങ്ങൾക്കായി ലോകത്തെ സുരക്ഷിതമാക്കുന്നത് പുതിയ കാര്യമാണ്. ഒരു പരമാധികാര രാഷ്ട്രത്തിനെതിരായ നിയമവിരുദ്ധമായ ആക്രമണങ്ങളെ ന്യായീകരിക്കാൻ യു.എസ് മാധ്യമങ്ങൾ പാടുപെടുമ്പോൾ, ഭയാനക ശക്തിയുള്ള ആണവായുധങ്ങൾ കൈവശം വെച്ചിരിക്കുന്ന രണ്ട് രാജ്യങ്ങൾ ആണവ ഭീഷണിക്കെതിരെ പൊലീസ് കളിക്കുന്നതിനെ ദുഷിച്ച കാപട്യമെന്നല്ലാതെ വിശേഷിപ്പിക്കാനാവില്ല.
എടുത്തടിച്ചതുപോലുള്ള തന്റെ ഭ്രാന്തമായ പെരുമാറ്റത്തിൽ അഭിമാനിക്കുന്ന ട്രംപ് അടുത്തതായി എന്തുചെയ്യുമെന്ന് ആർക്കും ഊഹിക്കാനാവില്ല. എന്നാൽ, എന്ത് സംഭവിച്ചാലും, ആയുധ വ്യവസായികൾ അടുത്തൊന്നുംതന്നെ പട്ടിണിയിലാകില്ലെന്ന് ഉറപ്പാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.