ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അറാഗ്‌ചി പാകിസ്താൻ സൈനിക മേധാവി മാർഷൽ അസിം മുനീറുമായി കൂടിക്കാഴ്ച നടത്തുന്നു
ഇസ്‌ലാമാബാദ്: യു.എസ്-ഇറാൻ യുദ്ധം അവസാനിപ്പിക്കുന്നതിനായുള്ള നേരിട്ടുള്ള ചർച്ചകൾ പുനരാരംഭിക്കുന്നതിന്റെ ഭാഗമായി പാകിസ്താൻ സൈനിക മേധാവി മാർഷൽ അസിം മുനീറുമായി കൂടിക്കാഴ്ച നടത്തി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്‌ചി. സമാധാന ചർച്ചക്കായി വെള്ളിയാഴ്ച രാത്രിയോടെയാണ് അറാഗ്‌ചിയും സംഘവും ഇസ്‌ലാമാബാദിൽ എത്തിയത്. ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഗായ്, പാകിസ്താനിലെ ഇറാൻ അംബാസഡർ റെസ അമിരി മൊഗദം എന്നിവരും ചർച്ചയിൽ പങ്കെടുത്തു. ഇറാൻ എംബസി സോഷ്യൽ മീഡിയയിലൂടെ കൂടിക്കാഴ്ചയുടെ ദൃശ്യങ്ങൾ പങ്കുവെച്ചെങ്കിലും ചർച്ചയിലെ വിശദാംശങ്ങൾ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.
മേഖലയിൽ സമാധാനം ഉറപ്പാക്കുന്നതിനായി അമേരിക്കയെയും ഇറാനെയും നേരിട്ടുള്ള ചർച്ചക്ക് ശ്രമിക്കുകയാണ് പാകിസ്താൻ. എന്നാൽ നിലവിൽ അമേരിക്കയുമായി നേരിട്ടുള്ള ചർച്ചകൾക്ക് പദ്ധതിയില്ലെന്നും ഇറാന്റെ നിരീക്ഷണങ്ങൾ പാകിസ്താനെ അറിയിക്കുമെന്നും ഇറാൻ വക്താവ് ഇസ്മായിൽ ബഗായ് വ്യക്തമാക്കി.
വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് അറിയിച്ചതനുസരിച്ച്, യു.എസ് പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ്, ട്രംപിന്റെ ഉപദേശകൻ ജാരെഡ് കുഷ്നർ എന്നിവരടങ്ങുന്ന സംഘം പാകിസ്താനിലേക്ക് തിരിക്കും. ഫെബ്രുവരി 28ന് ആരംഭിച്ച യു.എസ്-ഇസ്രായേൽ ആക്രമണങ്ങളെത്തുടർന്നുള്ള യുദ്ധത്തിന് അറുതി വരുത്താൻ ലക്ഷ്യമിട്ട്, ഇറാനുമായുള്ള താൽക്കാലിക വെടിനിർത്തൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അനിശ്ചിതകാലത്തേക്ക് നീട്ടിയിട്ടുണ്ട്. എന്നാൽ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നപ്പോൾ അമേരിക്ക ഹുർമുസിൽ ഉപരോധം കടുപ്പിച്ചത് ഇറാനെ പ്രകോപിപ്പിച്ചു.
പാകിസ്താനിലെ സമാധാന ചർച്ചകൾക്ക് ശേഷം അബ്ബാസ് അറാഗ്‌ചി ഒമാൻ, മോസ്കോ എന്നിവിടങ്ങളിലേക്ക് യാത്ര തിരിക്കും. പ്രാദേശിക സുരക്ഷയും ഉഭയകക്ഷി കാര്യങ്ങളും ചർച്ച ചെയ്യുന്നതിനായാണ് ഈ സന്ദർശനമെന്ന് ഇറാൻ വ്യക്തമാക്കി. മേഖലയിലെ സമാധാനത്തിനും സുസ്ഥിരതക്കുമായി ഇരുപക്ഷവും തമ്മിലുള്ള അർത്ഥവത്തായ ഇടപെടലുകൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി പാകിസ്താൻ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഇഷാഖ് ദാർ പ്രത്യാശ പ്രകടിപ്പിച്ചു. ഏപ്രിൽ 11, 12 തീയതികളിൽ നടന്ന ആദ്യഘട്ട ചർച്ചകൾ ഫലം കാണാത്ത സാഹചര്യത്തിൽ, പാകിസ്താന്റെ ഇപ്പോഴത്തെ മധ്യസ്ഥശ്രമങ്ങൾ ഏറെ നിർണ്ണായകമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.