യുഎസ്-ഇറാൻ വെടിനിർത്തൽ: നിർണായക പങ്ക് വഹിച്ചത് ചൈനയെന്ന് റിപ്പോർട്ട്

ബീജിങ്: അമേരിക്ക-ഇറാൻ സംഘർഷത്തിന് താൽക്കാലിക ശമനമുണ്ടായതിന് പിന്നിൽ ചൈന നിർണായക പങ്കുവഹിച്ചതായി റിപ്പോർട്ട്. രണ്ടാഴ്ചത്തെ വെടിനിർത്തൽ കരാറിലാണ് ഇരുരാജ്യങ്ങളും ഒപ്പുവെച്ചത്. ഇറാനെ ചർച്ചക്ക് എത്തിച്ചത് അവരുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായ ചൈനയുടെ പരിശ്രമത്തിലൂടെയാണെന്ന കാര്യം യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ശരിവെച്ചു.

മേയ് പകുതിയോടെ ട്രംപ് ബീജിങ് സന്ദർശിക്കാനിരിക്കെയാണ് ചൈന ഈ നീക്കങ്ങൾക്ക് മുൻകൈ എടുത്തത്. മാർച്ചിൽ നടക്കാനിരുന്ന യാത്ര യുദ്ധസാഹചര്യം മൂലമാണ് ട്രംപ് മാറ്റിവെച്ചത്. തന്റെ സന്ദർശനത്തിന് മുൻപായി മേഖലയിൽ സമാധാനം ഉറപ്പാക്കാൻ ബീജിങിന് മേൽ സമ്മർദ്ദമുണ്ടായിരുന്നു. പാകിസ്താൻ, തുർക്കിയ, ഈജിപ്ത് എന്നീ രാജ്യങ്ങളെ ഇടനിലക്കാരാക്കി നിശബ്ദവും എന്നാൽ ശക്തവുമായ നീക്കങ്ങളാണ് ചൈന നടത്തിയത്.

വെടിനിർത്തൽ ചർച്ചകൾ പുരോഗമിക്കുമ്പോൾ ചൈനീസ് ഉദ്യോഗസ്ഥർ ഇറാനുമായി നിരന്തരം ബന്ധപ്പെട്ടിരുന്നതായി അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു. തങ്ങളുടെ പങ്കാളിത്തത്തെക്കുറിച്ച് ചൈന പരസ്യമായി പ്രസ്താവനകൾ നടത്തിയിട്ടില്ലെങ്കിലും സമാധാനത്തിനായി പ്രവർത്തിക്കുന്നുണ്ടെന്ന് വാഷിങ്ടണിലെ ചൈനീസ് എംബസി വ്യക്തമാക്കി. ആഗോള സമ്പദ്‌വ്യവസ്ഥയിലും ഊർജ സുരക്ഷയിലും ഈ സംഘർഷം ഏൽപ്പിക്കുന്ന ആഘാതത്തിൽ തങ്ങൾക്ക് ആശങ്കയുണ്ടെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് മാവോ നിങ് പറഞ്ഞു.

നയതന്ത്ര തലത്തിൽ സമാധാനത്തിന് ശ്രമിക്കുമ്പോഴും, ഐക്യരാഷ്ട്രസഭയിൽ യു.എസ് നീക്കങ്ങളെ ചൈന ശക്തമായി പ്രതിരോധിക്കുന്നുണ്ട്. ഹുർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം സംരക്ഷിക്കാനുള്ള പ്രമേയം റഷ്യക്കൊപ്പം ചൈനയും അംഗികരിച്ചില്ല. അമേരിക്കയുടെ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം പ്രമേയങ്ങൾ അംഗീകരിക്കുന്നത് തെറ്റായ സന്ദേശം നൽകുമെന്ന് ചൈനീസ് പ്രതിനിധി ഫു കോങ് വാദിച്ചു. ആഗോള കാര്യങ്ങളിൽ അമേരിക്കയുടെ സ്വാധീനത്തെ വെല്ലുവിളിച്ചുകൊണ്ട് തങ്ങളുടേതായ സമാധാന ഇടപ്പെടൽ രൂപപ്പെടുത്താനാണ് ബീജിങ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

Tags:    
News Summary - US-Iran ceasefire: Report says China played a crucial rol

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.