ബ്വേനസ് ഐറിസ്: 2026 ഫിഫ ലോകകപ്പ് ഫൈനലിൽ സ്പെയിനിനോട് പരാജയപ്പെട്ടതിന് പിന്നാലെ അർജന്റീനയുടെ തലസ്ഥാനമായ ബ്വേനസ് ഐറിസിൽ വൻ സംഘർഷം. ഫൈനലിൽ ഏകപക്ഷീയമായ ഒരു ഗോളിന് അർജന്റീന പരാജയപ്പെട്ടതിന് പിന്നാലെ, നഗരത്തിലെ ഐക്കണിക് ഒബെലിസ്കിന് (Obelisk) സമീപം തടിച്ചുകൂടിയ ആരാധകർ പൊലീസിന് നേരെ കല്ലുകളും കുപ്പികളും എറിഞ്ഞു. ഞായറാഴ്ച രാത്രി വൈകിയാണ് ഒബെലിസ്കിന് സമീപം അക്രമങ്ങൾ പൊട്ടിപ്പുറപ്പെട്ടത്.
പ്രകോപിതരായ ജനക്കൂട്ടം പൊലീസിന് നേരെ അക്രമം അഴിച്ചുവിട്ടതോടെ സ്ഥിതിഗതികൾ നിയന്ത്രിക്കാൻ സുരക്ഷാ സേനക്ക് ജലപീരങ്കികളും റിയറ്റ് പൊലീസിനെയും വിന്യസിക്കേണ്ടി വന്നു. തുടർന്ന്, നഗരത്തിലെ പ്രധാന റോഡുകൾ അടച്ചിടാൻ അധികൃതർ നിർബന്ധിതരായി. എന്നാൽ, അക്രമങ്ങളിൽ ആർക്കെങ്കിലും പരിക്കേറ്റതായോ അറസ്റ്റ് ചെയ്തതായോ ആയ വിവരങ്ങൾ അധികൃതർ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
ആവേശകരമായ ലോകകപ്പ് മത്സരത്തിൽ ഇംഗ്ലണ്ടിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തകർത്താണ് അർജന്റീന ഫൈനൽ മോഹങ്ങൾക്ക് തുടക്കമിട്ടത്. ഗ്രൂപ്പ് മത്സരത്തിൽ ഉൾപ്പെടെ മികച്ച പ്രകടനം കാഴ്ചവെച്ച ടീം നിരവധി വിമർശങ്ങൾ ലോകകപ്പിൽ നേരിട്ടിരുന്നു. അതേസമയം, എതിരാളികളെ വിറപ്പിച്ച സ്പെയിൻ ശക്തരായ ബെൽജിയത്തിന് എതിരെ മാത്രമേ ഗോൾ വഴങ്ങിയൊള്ളൂ. കൂടാതെ, മുന്നേറ്റനിരകൊണ്ട് സമ്പന്നമായ ഫ്രാൻസിനെ രണ്ട് ഗോളുകൾക്ക് തകർത്താണ് സ്പെയിൻ ഫൈനൽ പ്രവേശനം നേടിയത്.
ഫൈനൽ മത്സരത്തിലെ അധിക സമയത്തിന്റെ 106-ാം മിനിറ്റിൽ ഫെറാൻ ടോറസ് നേടിയ ഗോളിലൂടെയാണ് സ്പെയിൻ അർജന്റീനയെ വീഴ്ത്തിയത്. ടൂർണമെന്റിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച അർജന്റീനക്ക് അവസാന നിമിഷം കിരീടം നഷ്ടമായത് ആരാധകരിൽ വലിയ നിരാശയുണ്ടാക്കി. അർജന്റീന ടീം കടുത്ത പോരാട്ടം കാഴ്ചവെച്ചെങ്കിലും, നിർണായകമായ ആ നിമിഷത്തിൽ സ്പെയിൻ വിജയം പിടിച്ചടക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.