ആമസോൺ വനങ്ങളിലെ അനധികൃത സ്വർണ്ണ ഖനനം

'അവർ പ്രകൃതിയെ കൊന്നൊടുക്കി മരുഭൂമിയാക്കി'; ആമസോൺ വനങ്ങളിലെ അനധികൃത സ്വർണ്ണ ഖനനത്തിനെതിരെ നടപടിയുമായി ബ്രസീൽ സൈന്യം

ബ്രസീലിയ: ആമസോൺ വനങ്ങളിലെ ഗോത്രവർഗ്ഗ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് നടക്കുന്ന സമാനതകളില്ലാത്ത പ്രകൃതി ചൂഷണങ്ങൾക്കും അനധികൃത സ്വർണ്ണ ഖനനത്തിനുമെതിരെ ബ്രസീൽ സൈന്യം ശക്തമായ നടപടി തുടങ്ങി. ബ്രസീൽ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലൂല ഡാ സിൽവയുടെ നിർദ്ദേശപ്രകാരമാണ് 'സരാരെ' ഗോത്രവർഗ്ഗ മേഖലയിൽ വൻ സൈനിക ഓപ്പറേഷൻ ആരംഭിച്ചത്. ഖനന മാഫിയകൾ കൈയേറി ആവാസവ്യവസ്ഥ തകർത്ത വനമേഖലകൾ തിരിച്ചുപിടിക്കുന്നതിനായി കര-വ്യോമ മാർഗ്ഗങ്ങളിലൂടെയായിരുന്നു സൈന്യത്തിന്റെ നീക്കം.

ഖനന തൊഴിലാളികളും കള്ളക്കടത്തുകാരും താവളമാക്കിയിരുന്ന 'വില കുരൂരു' എന്ന താൽക്കാലിക നഗരം സൈന്യം പൂർണ്ണമായും തകർത്തു. ആഡംബര മദ്യശാലകളും സ്ഫോടകവസ്തു ശാലകളും അടങ്ങുന്ന ഒരു സമാന്തര സാമ്രാജ്യമാണ് ഇവിടെ പ്രവർത്തിച്ചിരുന്നത്. നൂതന ഹൈഡ്രോളിക് എക്സ്കവേറ്ററുകൾ ഉപയോഗിച്ച് മലനിരകളും വനങ്ങളും ഇവർ തുരന്നുമാറ്റി. സൈനിക നടപടിയെത്തുടർന്ന് മാഫിയാ തലവന്മാരും തൊഴിലാളികളും വനത്തിനുള്ളിലേക്ക് ഓടി രക്ഷപ്പെട്ടു. ഖനനത്തിനായി എത്തിച്ച കോടിക്കണക്കിന് രൂപ വിലവരുന്ന യന്ത്രസാമഗ്രികൾ സൈന്യം തീയിട്ടു നശിപ്പിച്ചു.

തകർന്നടിയുന്ന പ്രകൃതിയും ഗോത്രജീവിതവും

സിംഗപ്പൂരിന്റെ അത്രയും വലിപ്പമുള്ള 'സരാരെ' വനമേഖലയുടെ നാല് ശതമാനത്തിലധികം വനങ്ങളാണ് കഴിഞ്ഞ ഒന്നര വർഷത്തിനിടെ മാത്രം ഖനന മാഫിയകൾ നശിപ്പിച്ചത്."അവർ പ്രകൃതിയെ പൂർണ്ണമായും കൊന്നൊടുക്കി. ജനിച്ചു വളർന്ന ഈ മണ്ണ് ഇന്ന് വെറുമൊരു മരുഭൂമിയായി മാറിയിരിക്കുന്നു. സ്ഫോടനങ്ങളുടെയും പാട്ടുകളുടെയും ബഹളം കാരണം മൃഗങ്ങൾ ജീവനും കൊണ്ട് ഓടി. പുഴകളെല്ലാം രാസവസ്തുക്കൾ കലർന്ന് വിഷമയമായി." - ജാക്സൺ കറ്റിറ്റൗർലു എന്ന ഗോത്രത്തലവൻ പറയുന്നു. വർഷങ്ങളായി തുടരുന്ന കടന്നുകയറ്റം കാരണം പതിനായിരത്തോളം ഉണ്ടായിരുന്ന നമ്പിക്കാര ഗോത്രവിഭാഗത്തിന്റെ ജനസംഖ്യ ഇന്ന് വെറും അറുന്നൂറോളമായി ചുരുങ്ങിയിരിക്കുകയാണ്.

ലഹരി മാഫിയയും ആഗോള വിപണിയും

മുൻ പ്രസിഡന്റ് ജെയർ ബോൾസനാരോയുടെ കാലത്താണ് വനങ്ങളിൽ ഖനന മാഫിയകൾ പിടിമുറുക്കിയത്. ലോകവിപണിയിൽ സ്വർണ്ണവില കുതിച്ചുയർന്നതാണ് ആമസോൺ കാടുകളെ ഈ അവസ്ഥയിലാക്കിയത്. റിയോ ഡി ജനീറോയിലെ 'റെഡ് കമാൻഡ്' പോലുള്ള സായുധ ലഹരി മാഫിയാ സംഘങ്ങളും ഖനനത്തിന് പിന്നിലുണ്ടെന്നാണ് സൂചന. മുൻപ് നടന്ന റെയ്ഡുകളിൽ അത്യാധുനിക ആയുധങ്ങളുമായി എത്തിയ അഞ്ച് ഗുണ്ടാസംഘാംഗങ്ങൾ വെടിയേറ്റ് മരിച്ചിരുന്നു. ഗോത്രത്തലവന്മാരെ വധിക്കുമെന്ന ഭീഷണിയും നിലനിൽക്കുന്നുണ്ട്.

വെല്ലുവിളികൾ ബാക്കി

ഓപ്പറേഷന് നേതൃത്വം നൽകുന്ന വിൽസൺ ടുബിനോയുടെ  നേതൃത്വത്തിലുള്ള സംഘം കാടിനുള്ളിൽ നടത്തിയ തിരച്ചിലിൽ 300 കിലോഗ്രാം അമോണിയം നൈട്രേറ്റ് സ്ഫോടകവസ്തുക്കളും രഹസ്യ ബങ്കറുകളും കണ്ടെത്തി നശിപ്പിച്ചു. നിലവിൽ ഖനനക്കാരെ പുറത്താക്കാൻ സാധിച്ചെങ്കിലും സൈന്യം പിൻവാങ്ങിയാൽ ഇവർ തിരിച്ചെത്തുമെന്ന ആശങ്കയിലാണ് ഗോത്രജനത. വരാനിരിക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ പരിസ്ഥിതി സൗഹൃദ സർക്കാരുകൾ അധികാരത്തിൽ വന്നില്ലെങ്കിൽ ആമസോണിന്റെയും തങ്ങളുടെയും നാശം പൂർണ്ണമാകുമെന്നും അവർ ഭയപ്പെടുന്നു. അത്യാധുനിക സാങ്കേതികവിദ്യയും ആയുധബലവുമുള്ള വൻകിട മാഫിയക്കെതിരെയുള്ള ഈ പോരാട്ടം ഒട്ടും എളുപ്പമല്ലെന്നാണ് സൈന്യവും വ്യക്തമാക്കുന്നത്.

Tags:    
News Summary - 'They killed nature and turned it into a desert'; Brazilian army takes action against illegal gold mining in Amazon forests

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.