വാഷിംങ്ടൺ: ന്യൂയോർക്കിലെ കൊളംബിയ യൂനിവേഴ്‌സിറ്റിയിലെ ഫലസ്തീൻ അനുകൂല ബിരുദ വിദ്യാർഥിയെ യു.എസ് ഇമിഗ്രേഷൻ ഏജന്റുമാർ അറസ്റ്റ് ചെയ്തതായി വിദ്യാർത്ഥി യൂനിയൻ.
യൂനിവേഴ്‌സിറ്റിയിലെ സ്‌കൂൾ ഓഫ് ഇന്റർനാഷണൽ ആൻഡ് പബ്ലിക് അഫയേഴ്‌സിലെ വിദ്യാർഥി മഹ്മൂദ് ഖലീലിനെ ശനിയാഴ്ച യൂനിവേഴ്‌സിറ്റി ക്വാർട്ടേഴ്സിൽവെച്ച് യു.എസ് ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി ഏജന്റുമാർ അറസ്റ്റ് ചെയ്തതായി സ്റ്റുഡന്റ് വർക്കേഴ്‌സ് ഓഫ് കൊളംബിയ യൂനിയൻ പ്രസ്താവനയിൽ പറഞ്ഞു. അദ്ദേഹത്തിന്റെ ഭാര്യ അമേരിക്കൻ പൗരയും എട്ടു മാസം ഗർഭിണിയുമാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. കൂടാതെ, അദ്ദേഹത്തിന് യു.എസിന്റെ സ്ഥിര താമസ ഗ്രീൻ കാർഡ് ഉണ്ടെന്നും യൂനിയൻ പറഞ്ഞു.
ജനുവരിയിൽ അധികാരത്തിലേറിയ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, ഫലസ്തീൻ അനുകൂല പ്രതിഷേധ പ്രസ്ഥാനത്തിൽ ഉൾപ്പെട്ട ചില വിദേശ വിദ്യാർഥികളെ നാടുകടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. അതിലേക്കുള്ള ആദ്യ പടിയാണ് ഖലീലിന്റെ അറസ്റ്റ്. കഴിഞ്ഞ ദിവസം കാമ്പസിലെ യഹൂദ വിരുദ്ധത ആരോപിച്ച് കൊളംബിയ യൂനിവേഴ്സിറ്റിക്കുള്ള ഫണ്ടും ഗ്രാന്റും ട്രംപ് ഭരണകൂടം റദ്ദാക്കിയിരുന്നു.
യു.എസ് പിന്തുണയോടെ ഗസ്സയിൽ ഇസ്രായേൽ നടത്തിയ ആക്രമണം കൊളംബിയ കാമ്പസിൽ മാസങ്ങളോളം നീണ്ടുനിന്ന ഫലസ്തീൻ അനുകൂല, ഇസ്രായേൽ വിരുദ്ധ പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു. ഇത് യു.എസ് കോളജ് കാമ്പസുകളെയും ഇളക്കിമറിച്ചു. ജൂത വിദ്യാർഥികളും ഗ്രൂപ്പുകളും ഉൾപ്പെടുന്ന യുദ്ധവിരുദ്ധ പ്രസ്ഥാനമെന്നാണ് ഖലീൽ ഇതിനെ വിശേഷിപ്പിക്കുന്നത്. ഫലസ്തീൻ അനുകൂല വിദ്യാർഥി പ്രതിഷേധക്കാർക്കുവേണ്ടി സ്കൂൾ അഡ്മിനിസ്ട്രേറ്റർമാരുമായി നടത്തിയ പ്രധാന ചർച്ചകളിൽ ഒരാളായിരുന്നു അദ്ദേഹം.
കഴിഞ്ഞ വർഷം കൊളംബിയയിലെ പുൽത്തകിടികളിൽ കൂടാരങ്ങൾ സ്ഥാപിച്ച് ഒരു അക്കാദമിക് കെട്ടിടത്തിന്റെ നിയന്ത്രണം വിദ്യാർഥികൾ മണിക്കൂറുകളോളം പിടിച്ചെടുത്തിരുന്നു. എന്നാൽ, കെട്ടിടം കൈവശപ്പെടുത്തിയ സംഘത്തിൽ ഖലീൽ ഉണ്ടായിരുന്നില്ല. മറിച്ച് കൊളംബിയ സർവകലാശാല അധികൃതർക്കും പ്രതിഷേധക്കാർക്കും ഇടയിലെ മധ്യസ്ഥനായിരുന്നു.
ശനിയാഴ്ച അറസ്റ്റിലാകുന്നതിന് ഏതാനും മണിക്കൂറുകൾക്ക് മുമ്പ് റോയിട്ടേഴ്‌സിന് നൽകിയ അഭിമുഖത്തിൽ, മാധ്യമങ്ങളോട് സംസാരിച്ചതിന് സർക്കാർ തന്നെ ലക്ഷ്യം വെക്കുന്നതിൽ ആശങ്കയുണ്ടെന്ന് ഖലീൽ പറയുകയുണ്ടായി.
ഖലീൽ തന്റെ ജന്മനാടായ സിറിയയിലെ അഭയാർഥി ക്യാമ്പിലാണ് വളർന്നതെന്നും ബെയ്‌റൂത്തിലെ ബ്രിട്ടീഷ് എംബസിയിൽ ജോലി ചെയ്തിട്ടുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു. ന്യൂജേഴ്‌സിയിലെ എലിസബത്തിലുള്ള ഒരു യു.എസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് തടങ്കൽ കേന്ദ്രത്തിൽ അദ്ദേഹത്തെ തടവിലാക്കിയെന്നാണ് പുറത്തുവരുന്നത്.
പ്രതികരണമാരാഞ്ഞപ്പോൾ വിദ്യാർത്ഥികളുടെ വ്യക്തിഗത വിവരങ്ങൾ പങ്കിടുന്നതിന് നിയമപ്രകാരം വിലക്കുണ്ടെന്ന് കൊളംബിയയുടെ വക്താവ് പറഞ്ഞു. എന്നാൽ, തങ്ങളുടെ വിദ്യാർത്ഥികളുടെ നിയമപരമായ അവകാശങ്ങൾക്ക് പ്രതിജ്ഞാബദ്ധമാണെന്ന് സ്ഥാപനം ഒരു പ്രസ്താവനയിൽ പറഞ്ഞു.
ട്രംപിന്റെയും ആഭ്യന്തര സുരക്ഷാ വകുപ്പിന്റെയും വക്താക്കൾ ചോദ്യങ്ങൾക്ക് മറുപടി നൽകിയില്ല. ഖലീലിന്റെ അറസ്റ്റിനെക്കുറിച്ചുള്ള വാർത്താ റിപ്പോർട്ട് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ സമൂഹ മാധ്യമത്തിൽ പങ്കുവെച്ചു. ‘അമേരിക്കയിലെ ഹമാസ് അനുകൂലികളുടെ വിസകളും/ ഗ്രീൻ കാർഡുകളും ഞങ്ങൾ റദ്ദാക്കും. അങ്ങനെ അവരെ നാടുകടത്താൻ കഴിയും’ എന്ന അഭിപ്രായവും പങ്കുവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.