ഹവാന: ക്യൂബയുടെ ചരിത്രത്തിലെ ഏറ്റവും രൂക്ഷമായ സാമ്പത്തിക, രാഷ്ട്രീയ പ്രതിസന്ധികൾക്കിടെ വിപ്ലവ നേതാവ് ഫിദൽ കാസ്ട്രോയുടെ നൂറാം ജന്മവാർഷികം ആചരിച്ച് രാജ്യം. ഭക്ഷണത്തിന്റെയും വെള്ളത്തിന്റെയും കടുത്ത ക്ഷാമത്തിനൊപ്പം മിക്ക പ്രവിശ്യകളിലും ദിവസത്തിൽ 20 മണിക്കൂറിലേറെ നീളുന്ന വൈദ്യുതി മുടക്കവും തുടരുന്ന സാഹചര്യത്തിലാണ് ആഗസ്റ്റ് 13ന് കാസ്ട്രോയുടെ ജന്മവാർഷികം ആചരിച്ചത്.
കാസ്ട്രോയെ അനുസ്മരിക്കുന്ന പരിപാടികളിൽ പങ്കെടുക്കാൻ ലാറ്റിനമേരിക്ക, യൂറോപ്പ്, ആഫ്രിക്ക, ഏഷ്യ എന്നിവിടങ്ങളിലെ 60ലേറെ രാജ്യങ്ങളിൽ നിന്നായി 1,500ലധികം പ്രവർത്തകരും വിവിധ സംഘടനകളുടെ പ്രതിനിധികളും ക്യൂബയിലെത്തി. നിലവിലെ വെല്ലുവിളികളെ നേരിടുന്നതിനുള്ള വഴികാട്ടിയായി കാസ്ട്രോയുടെ പാരമ്പര്യത്തെ കാണണമെന്ന് ക്യൂബൻ പ്രസിഡന്റ് മിഗ്വൽ ഡിയാസ്-കനൽ പറഞ്ഞു.
ഫിഡൽ കാസ്ട്രോയുടെ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ഹവാനയിൽ നടന്ന പരിപാടി
ഹവാനയും വാഷിങ്ടണും തമ്മിലുള്ള ബന്ധം കൂടുതൽ വഷളായ സാഹചര്യത്തിലാണ് ഇത്തവണത്തെ അനുസ്മരണം. ജനുവരിയിൽ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭരണകൂടം ക്യൂബക്കെതിരെ എണ്ണ ഉപരോധം ഏർപ്പെടുത്തി. ക്യൂബൻ സർക്കാരിനെ സമ്മർദത്തിലാക്കുന്നതിനൊപ്പം രാജ്യത്തിന്റെ സാമ്പത്തിക ശേഷിയെയും പ്രവർത്തനങ്ങളെയും തകർക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി യു.എസ് ഉപരോധങ്ങൾ ശക്തമാക്കിയതായാണ് ക്യൂബൻ സർക്കാരിന്റെ ആരോപണം.
അമേരിക്കൻ നടപടികളുടെ പ്രത്യാഘാതം രാജ്യത്തെ വിവിധ മേഖലകളിലും പ്രകടമാണ്. വൈദ്യുതി മുടക്കം ഭക്ഷ്യ ഉൽപാദനം, ഗതാഗതം, ടൂറിസം മേഖലകളെ സാരമായി ബാധിച്ചു. ജൂലൈയിൽ മാത്രം രാജ്യത്തെ വൈദ്യുതി ഗ്രിഡ് മൂന്ന് തവണ പൂർണമായി തകരാറിലായി.
പ്രതിസന്ധി നേരിടുന്നതിനായി ജൂണിൽ ക്യൂബൻ സർക്കാർ 176 നടപടികൾക്ക് അംഗീകാരം നൽകി. സ്വകാര്യ, വിദേശ നിക്ഷേപങ്ങൾക്ക് കൂടുതൽ അവസരം നൽകുന്നതാണ് ഇതിൽ പ്രധാനപ്പെട്ടത്. ഇവ പൂർണമായി നടപ്പാക്കിയാൽ കാസ്ട്രോയുടെ കാലത്തെ സോഷ്യലിസ്റ്റ് സാമ്പത്തിക മാതൃകയിൽനിന്നുള്ള വലിയ മാറ്റമായിരിക്കും. ഊർജമേഖലയിൽ ചില പരിഷ്കാരങ്ങൾ ഇതിനകം ആരംഭിച്ചിട്ടുണ്ട്. സ്വകാര്യ സ്ഥാപനങ്ങൾക്കുള്ള യു.എസ് ഇന്ധന കയറ്റുമതി വർധിച്ചതോടെ കരിഞ്ചന്ത വളരുകയും സാമൂഹിക-സാമ്പത്തിക അസമത്വം ശക്തമാകുകയും ചെയ്തതായും റിപ്പോർട്ടിൽ പറയുന്നു.
നിലവിലെ സാമ്പത്തിക പ്രതിസന്ധിയും രാഷ്ട്രീയ അനിശ്ചിതത്വവും ക്യൂബയിലെ ചിലർക്കിടയിൽ കാസ്ട്രോയുടെ നേതൃത്വത്തോടുള്ള ഗൃഹാതുരത്വം ശക്തമാക്കിയിട്ടുണ്ട്. ഇന്നത്തെ പ്രതിസന്ധി ഘട്ടത്തിൽ കാസ്ട്രോ ഉണ്ടായിരുന്നെങ്കിൽ നിലവിൽ ലഭ്യമല്ലാത്ത ചില പരിഹാരങ്ങൾ കണ്ടെത്താൻ അദ്ദേഹത്തിന് കഴിഞ്ഞേനെയെന്നാണ് ഇവർ കരുതുന്നത്.
1926 ആഗസ്റ്റ് 13ന് കിഴക്കൻ ക്യൂബയിലെ ഹോൾഗിൻ പ്രവിശ്യയിലാണ് കാസ്ട്രോ ജനിച്ചത്. 1959ലെ ക്യൂബൻ വിപ്ലവത്തിന് നേതൃത്വം നൽകിയ അദ്ദേഹം അന്താരാഷ്ട്ര ഇടതുപക്ഷത്തിലെ ഏറ്റവും സ്വാധീനമുള്ള നേതാക്കളിലൊരാളായി മാറി. മരണത്തിന് ഒരു ദശകം പിന്നിട്ടിട്ടും ക്യൂബയുടെ ദേശീയ ആഖ്യാനത്തിൽ അദ്ദേഹത്തിന്റെ പാരമ്പര്യം പ്രധാനമായി തുടരുന്നു.
എന്നാൽ കാസ്ട്രോയുടെ പാരമ്പര്യത്തെക്കുറിച്ച് ക്യൂബയിൽ വ്യത്യസ്ത അഭിപ്രായങ്ങളുമുണ്ട്. നിലവിലെ രാജ്യനേതൃത്വം കാസ്ട്രോയുടെ മാതൃകയ്‌ക്കൊത്ത് ഉയർന്നില്ലെന്നാണ് ഹവാന സർവകലാശാലയിലെ ചരിത്ര പ്രൊഫസർ ഫാബിയോ ഫെർണാണ്ടസിന്റെ വിലയിരുത്തൽ. കാസ്ട്രോയെ പരാമർശിക്കുന്നത് ജനപിന്തുണ നിലനിർത്താനുള്ള ശ്രമമാണെന്നും അദ്ദേഹം പറഞ്ഞു. ഫിദൽ ഇപ്പോഴും രാജ്യത്തിന്റെ നേതൃത്വം വഹിച്ചിരുന്നെങ്കിൽ ക്യൂബ ഇന്നത്തേതിൽ നിന്ന് വ്യത്യസ്തമായേനെയെന്ന് പലരും കരുതുന്നതായും ഫെർണാണ്ടസ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.